തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡോക്ടറും ജീവനക്കാരനും തമ്മില്‍ സംഘട്ടനം. ജീവനക്കാരനെ ഡോക്ടര്‍ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി പരാതി. അടിപിടിയില്‍ ഇരുവര്‍ക്കും സാരമായി പരിക്കേറ്റു. ജീവനക്കാരന് തലയിലും മുഖത്തും കഴുത്തിലുമാണ് പരിക്കേറ്റിട്ടുള്ളത്. ഡോക്ടര്‍ക്ക് നെറ്റിയിലും കൈയ്യിനും പരിക്കുണ്ട്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി.
സംഘട്ടനവുമായി ബന്ധപ്പെട്ട് ഡോക്ടറും ജീവനക്കാരനും പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മെഡിക്കല്‍ കോളേജിലെ ഗ്യാസ്ട്രോളജി ചികിത്സാ വിഭാഗത്തിലെ അസി.പ്രൊഫ.ഡോ.പ്രവീണ്‍കുമാറും ഇതേ വിഭാഗത്തിലെ എച്ച്ഡിഎസ് താത്ക്കാലിക ജീവനക്കാരന് ചാവക്കാട് സ്വദേശി വിജീഷുമാണ് ഏറ്റുമുട്ടിയത്. മുഖത്തും വായിലും ചോരയൊലിച്ച നിലയിലാണ് വിജേഷിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. വിജേഷിന്റെ പല്ലിന് ക്ഷതമേറ്റിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ എഴുതുന്ന ഫോറം എടുത്ത് തരാന്‍ വൈകിയെന്നാരോപിച്ചായിരുന്നു വിശ്രമമുറിയുടെ വാതില്‍ കുറ്റിയിട്ട് ഡോക്ടര്‍ മര്‍ദ്ദിച്ചതെന്ന് വിജേഷ് പറയുന്നു.
വാക്കേറ്റത്തിനും അടിപിടിയ്ക്കുമിടയില് വിജേഷ് തന്നെ തിരിച്ചും മര്‍ദിച്ചതായാണ് ഡോക്ടറുടെ പരാതി. പരിക്കേറ്റ ഡോക്ടറും അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടി. ഇരുവരും നല്കിയ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. ഡോക്ടറുടെയും ജീവനക്കാരന്റേയും മൊഴിയെടുത്ത് അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: