തിരുവനന്തപുരം: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള പ്രഥമ ദേശീയ പുരസ്കാരങ്ങളില് മൂന്നെണ്ണം കേരളത്തിന്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍, ജെന്‍ റോബോട്ടിക്സ് എന്നിവയ്ക്ക് പുറമെ ജാക്ക് ഫ്രൂട്ട് 365-നുമാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.
കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലാണ് പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ഏര്‍പ്പെടുത്തിയ ഈ അവാര്‍ഡുകള്‍ 12 മേഖലകളിലായി 32 സ്ഥാപനങ്ങള്‍ക്കാണ് നല്‍കിയത്.
കാര്‍ഷിക ഉത്പാദക വിഭാഗത്തില്‍ കള്ള് ചെത്തുന്ന യന്ത്രം വികസിപ്പിച്ച കൊച്ചി നവ ഡിസൈന്‍ ആന്‍ഡ് ഇനോവേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനാണ് പുരസ്കാരം ലഭിച്ചത്. തെങ്ങില്‍ കയറാതെ തന്നെ കള്ള് ചെത്തിയെടുക്കുന്ന യന്ത്രമാണ് ഈ സ്റ്റാര്‍ട്ടപ് വികസിപ്പിച്ചെടുത്തത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യന്ത്രം മൂന്നു മാസത്തില്‍ കള്ളു ചെത്തുന്നതിനായുള്ള തെങ്ങുകയറ്റം 270 തവണകളില്‍നിന്ന് മൂന്നു തവണകളിലേയ്ക്ക് കുറയ്ക്കും. ലോകത്തെ തെങ്ങുകൃഷി ചെയ്യുന്ന ഇരുപത്തെട്ടോളം രാജ്യങ്ങളില്‍ ഈ യന്ത്രത്തിന് പേറ്റന്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കാമ്പസുകളില്‍ നിന്ന് തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വിഭാഗത്തിലാണ് തിരുവനന്തപുരത്തെ ജെന്‍ റോബോട്ടിക്സിന് പുരസ്ക്കാരം ലഭിച്ചത്. അഴുക്കുചാലുകള്‍ വൃത്തിയാക്കുന്ന ബാന്‍ഡികൂട്ട് എന്ന റോബോട്ട് ഇതിനകം തന്നെ അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിദേശ രാജ്യങ്ങള്‍ക്കു പുറമെ ഇന്ത്യയിലെ ആറു സംസ്ഥാനങ്ങളിലും ജെന്‍ റോബോട്ടിക്സിസിന്റെ ഈ ഉല്പന്നത്തിനു സാന്നിധ്യമുണ്ട്.
പ്രമേഹ രോഗശമനത്തിന് ചക്കപ്പൊടി ഉപയോഗിക്കാമെന്ന കണ്ടെത്തലാണ് ജാക്ക് ഫ്രൂട്ട് 365 എന്ന ഉത്പന്നത്തിന് ഭക്ഷ്യസംസ്കരണ വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചത്. ഗോഡ്സ് ഓണ്‍ ഫുഡ് സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഈ ഉത്പന്നം പുറത്തിറക്കുന്നത്. ഇതിലൂടെ പ്രമേഹം കുറയ്ക്കുമെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. 1000 രോഗികളില്‍ പരീക്ഷിച്ച് 996 പേരിലും പ്രമേഹം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതു കൂടാതെ ചക്കയ്ക്ക് വലിയ വിപണി സാധ്യതയും ഈ ഉത്പന്നം ഒരുക്കി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പ്രോത്സാഹനത്തിന്റെ പ്രതിഫലനമാണ് ദേശീയ സ്റ്റാര്‍ട്ടപ് പുരസ്കാരങ്ങളില് കേരളത്തിന്റെ മികച്ച പ്രകടനമെന്ന് കെഎസ് യുഎം സിഇഒ ശശി പി എം പറഞ്ഞു. സമൂഹത്തിന്റെ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനുള്ള ഉത്പന്നങ്ങളാണ് പുരസ്ക്കാരം നേടിയ കമ്പനികള്‍ വികസിപ്പിച്ചെടുത്തത്. ഈ പുരസ്കാരങ്ങള്‍ അത്തരം കൂടുതല്‍ സംരംഭങ്ങള്‍ ഉയര്‍ന്നു വരാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: