തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനും വേഗതയേറി. കഴിഞ്ഞ നാലര വര്‍ഷമായി പാര്‍ട്ടിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി ഒരു പണിയും എടുത്തിട്ടില്ലെന്ന് ചെന്നിത്തല ഗ്രൂപ്പും അതല്ല ഉമ്മന്‍ചാണ്ടിയെ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പുകളെ നേരിട്ടാലേ കോണ്‍ഗ്രസിന് രക്ഷയുള്ളൂ എന്ന വാദവുമായി എ ഗ്രൂപ്പും. ഇരുകൂട്ടരുടെയും ബലാബലത്തില്‍ തനിക്ക് പങ്കില്ലെന്ന നിലപാടുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നിഷ്പക്ഷന്റെ വേഷത്തിലും.
ബെന്നി ബഹനാന് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചതോടെയാണ് കടുത്ത പോരിന് കെപിസിസിയില്‍ വീണ്ടും കളമൊരുങ്ങിയത്. ബെന്നി ബഹനാനു പിന്നാലെ കെപിസിസി പ്രചരണ വിഭാഗം അധ്യക്ഷ സ്ഥാനം കെ.മുരളീധരനും രാജിവച്ചു. ചര്‍ച്ച ചെയ്യാതെയാണ് തീരുമാനങ്ങളെടുക്കുന്നതെന്ന് കാട്ടി എഐസിസിയിലെ ഒരു കൂട്ടം നേതാക്കള്‍ സോണിയക്ക് കത്തെഴുതിയതിലെ പരാമര്‍ശങ്ങള്‍ ശരിയാണെന്നും കെപിസിസിയിലും കൂടിയാലോചിക്കാതെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നു എന്നാരോപിച്ചാണ് കെ.മുരളീധരന്റെ രാജി. എന്നാല്‍ ഒരാള്‍ക്ക് ഒരു പദവി പാലിക്കാനാണ് ബെന്നി ബഹനാന് രാജിവച്ചതെന്നും മുരളീധരനും ഈ നിയമം ബാധകമായതിനാല്‍ രാജിയെന്നുമാണ് എ ഗ്രൂപ്പ് ക്യാമ്പിലെ തിരിച്ചടി. ഇതിനു പിന്നാലെയാണ് യുഡിഎഫ് കണ്‍വീനറായി എം.എം. ഹസന്റെ സ്ഥാനാരോഹണത്തിലെ വിവാദവും ഉയര്‍ന്നത്.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ ആര് നയിക്കും എന്ന ചോദ്യമാണ് പുതിയ വിവാദങ്ങളുടെ യഥാര്‍ത്ഥ കാരണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ നയിക്കുന്നയാള്ക്കായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നറുക്ക് വീഴുക. കഴിഞ്ഞ നാലര വര്‍ഷമായി പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുന്നത് ചെന്നിത്തലയാണെന്നും അതിനാല്‍ ചെന്നിത്തല തന്നെ നയിച്ചാല്‍ മതിയെന്നുമാണ് ഐ വിഭാഗം ക്യാമ്പിലെ അഭിപ്രായം.
നിയമസഭയില്‍ പലഘട്ടങ്ങളില്‍ യുഡിഎഫ് പ്രതിരോധത്തിലായപ്പോള്‍ ഉമ്മന്‍ചാണ്ടി മൗനം പാലിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം ചെന്നിത്തലയുടെ വിജയമാണെന്നുമാണ് ഐ വിഭാഗത്തിന്റെ പക്ഷം.
ഘടകക്ഷികളെ ഏകോപിപ്പിച്ചുകൊണ്ടുപോകാന്‍ ഉമ്മന്‍ചാണ്ടിക്കേ സാധിക്കൂവെന്നും പിണറായിയെ പിന്നിലാക്കാന്‍ ഉമ്മന്‍ചാണ്ടി തന്നെ രംഗത്തിറങ്ങണമെന്നുമാണ് എ വിഭാഗത്തിന്റെ വാദം.
കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായത്തിനാണ് ഇനി ഇരുകൂട്ടരും കാതോര്‍ക്കുന്നത്. അതിനാല്‍ കുഞ്ഞാലിക്കുട്ടിയെ തങ്ങളുടെ വശത്താക്കാന്‍ മത്സരവും തുടങ്ങി. ഇതെല്ലാം കണ്ട് പരസ്യ പ്രസ്താവനകള്‍ വേണ്ടെന്ന പതിവ് നിലപാടുമായി ഇരുകൂട്ടരിലും പെടാതെ നില്‍ക്കുകയാണ് മുല്ലപ്പള്ളി. തര്‍ക്കം മുറുകി മൂന്നാമതൊരാളെ കോംപ്രമൈസ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മുഖ്യമന്ത്രിയാകാമെന്ന പ്രതീക്ഷ മുല്ലപ്പള്ളിക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: