കണ്ണൂര്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും നാലുമാസ കാലയളവില്‍ റേഷന്‍ ഷോപ്പ് വഴി സൗജന്യ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പാഴ് വാക്കായി. സപ്തംബര്‍ മാസം കഴിഞ്ഞ് ഇന്ന് അഞ്ച് ദിവസം പിന്നിടുമ്പോഴും വെള്ള, മഞ്ഞ കാര്‍ഡുടമകള്‍ക്ക് ആര്‍ക്കും കിറ്റ് ലഭിച്ചില്ല. മാത്രമല്ല മുന്‍ഗണനപ്പട്ടികയില്‍ ഉള്‍പ്പെട്ട പിങ്ക്, നീല കാര്‍ഡുടമകളില്‍ ഭൂരിഭാഗം പേര്‍ക്കും കിറ്റുകള്‍ ലഭിച്ചിട്ടില്ല. ഒക്ടോബര്‍ 15നുളളില്‍ സെപ്തംബറിലെ കിറ്റുകള്‍ നല്‍കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നതെങ്കിലും വിതരണം സംബന്ധിച്ച് ഒരു നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചില്ലെന്നാണ് റേഷന്‍ കടയുടമകള്‍ പറയുന്നത്.
ഭക്ഷ്യവസ്തുക്കള്‍ കിട്ടാത്തതും മറ്റുമാണ് കാരണമെന്ന് അധികൃതര്‍ പറയുമ്പോള്‍ മാസമാസം വിതരണം ചെയ്യുമെന്ന് എന്തിന് പ്രഖ്യാപിച്ചുവെന്ന ചോദ്യം ഉയരുകയാണ്. ഡിസംബര്‍ വരെയുളള നാലു മാസങ്ങളില്‍ എല്ലാതരം കാര്‍ഡുടമകള്‍ക്കും കിറ്റ് വിതരണം ചെയ്യുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം.
ആഗസ്ത് മാസം ഓണത്തിന് മുമ്പ് കിറ്റ് വിതരണം ചെയ്തിരുന്നു. അന്ന് മുന്‍ഗണനേതര വിഭാഗത്തില്‍പ്പെട്ട വെള്ള കാര്‍ഡുടമകള്‍ക്ക് പലയിടങ്ങളിലും ഓണം കഴിഞ്ഞാണ് ലഭ്യമായത്. ഇത് ഏറെ വിവാദമായിരുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വോട്ടിനു വേണ്ടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള തന്ത്രമാണ് കിറ്റ് വിതരണമെന്ന പ്രതിപക്ഷത്തിന്റെയും ബിജെപിയുടേയും ആരോപണം ശരിവെയ്ക്കുകയാണ് കിറ്റ് വിതരണത്തിലെ സര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ. ഓണക്കിറ്റ് വിതരണം സംസ്ഥാനത്ത് ഏറെ വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരുന്നു. ശര്‍ക്കര വാങ്ങിയതിലെ അഴിമതിയും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരമില്ലായ്മയും ഒടുവില്‍ ശര്‍ക്കര മാറ്റി പഞ്ചസാര നല്‍കിയതുമെല്ലാം ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: