രാഷ്ട്രീയസ്വയം സേവകസംഘത്തിന്റെ സ്ഥാപകന്‍ ഡോ. കേശവബലിറാം ഹെഡ്ഗെവാറിന്റെ നിര്യാണത്തിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞ് 1942 ലാണ് കേരളത്തിലെ സംഘ പ്രവര്‍ത്തനം ആരംഭിക്കുന്നത്. കേരളത്തിലെ സംഘപ്രവര്‍ത്തകര്‍ക്ക് ഡോക്ടര്‍ജിയെ കാണാനോ കേള്‍ക്കാനോ കഴിഞ്ഞിട്ടില്ലെങ്കിലും കേരളത്തിലെ സംഘപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയും പ്രഭാവവും അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡോ. ഹെഡ്ഗെവാറിന്റെ അജയ്യമായ മേധാശക്തിയുടെ ആഴം അനുഭവിച്ചറിയാന്‍ കഴിയും. ഡോക്ടര്‍ജിയുടെ സ്വപ്നങ്ങളുടെയും സങ്കല്‍പ്പങ്ങളുടേയും കേരളത്തനിമയാര്‍ന്ന ആവിഷ്ക്കാരമായി ഇവിടുത്തെ സംഘപ്രവര്‍ത്തനം മാറി. അതിന്റെ ഒരേഒരു കാരണം സംഘനിയോഗവുമായി ഇവിടെയെത്തിയ മുംബൈ സ്വദേശി ഭാസ്ക്കര്‍ ശിവറാം കാളമ്പിയെന്ന സ്വര്‍ഗ്ഗീയ ഭാസ്ക്കരറാവുജിയായിരുന്നു. ”ഡോക്ടര്‍ജിയെ കുറിച്ച് നാം കേട്ടിട്ടേയുള്ളൂ, അനുഭവപ്പെട്ടത് ഭാസ്ക്കര്‍ റാവൂജിയിലൂടെയാണ് ” എന്ന മുതിര്‍ന്ന സംഘപ്രവര്‍ത്തകരുടെ അനുസ്മരണം ശ്രദ്ധേയമാണ്.
1939 ലാണ് ഭാസ്ക്കരറാവുജി സംഘപ്രവര്‍ത്തനവുമായി ബന്ധപ്പെടുന്നത്. 40 ല്‍ ഡോക്ടര്‍ജിയുടെ ദേഹാന്ത്യമുണ്ടായി. ഒരു വര്‍ഷത്തെ പരിചയത്തിനുള്ളില്‍ തന്നെ ഇരുവരുടെയും വ്യക്തിത്വങ്ങള്‍ ലയിച്ച് ഒന്നായിത്തീര്‍ന്നത് ഒരു മഹാത്ഭുതമാണ്. നിയമ ബിരുദത്തിനുശേഷം ഗുരുജി ഗോള്‍വല്‍ക്കറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് 1945 മുതല്‍ അദ്ദേഹം മുഴുസമയ പ്രചാരകനായി മാറുന്നത്. 1946 മുതല്‍ 84 വരെ കേരളമായിരുന്നു അദ്ദേഹത്തിന്റെ കര്‍മ്മ മണ്ഡലം. 1958 മുതല്‍ മുഴുവന്‍ കേരളത്തിന്റെയും സംഘടനാ ചുമതല ഭാസ്ക്കര റാവൂജിക്കായി. സംഘത്തെ കേരളത്തിന്റെ പാരമ്പര്യത്തിനും സാംസ്ക്കാരിക തനിമയ്ക്കും ഇണങ്ങുന്ന തരത്തില്‍ രൂപപ്പെടുത്തുന്നതില്‍ അദ്ദേഹം നേടിയ വിജയം അസൂയാവഹമായിരുന്നു. ഡോക്ടര്‍ജിയെയും സംഘത്തെയും ഉള്‍ക്കൊണ്ടതു പോലെത്തന്നെ കേരളത്തെയും പൂര്‍ണ്ണരൂപത്തില്‍ തന്റെ വ്യക്തിത്വത്തിലേക്ക് ആവാഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
നാല് പതിറ്റാണ്ടുകാലം കേരളത്തില്‍ സംഘപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ ഭാസ്ക്കരറാവു മറ്റേതൊരു മലയാളിയെക്കാളും മലയാളത്തെ സ്നേഹിച്ചു. ബുദ്ധിപരമെന്നതിനേക്കാള് വൈകാരികവും അഗാധവുമായിരുന്നു ആ ബന്ധം. 1984 ല്‍ കേരളത്തിന്റെ ചുമതലയൊഴിഞ്ഞ് മുംബൈ കേന്ദ്രമായി വനവാസി കല്യാണാശ്രമത്തിന്റെ ചുമതലയേറ്റെടുത്ത് പ്രവര്‍ത്തിക്കുമ്പോഴും കേരളീയനായി തന്നെ അറിയപ്പെടാനാണ് അദ്ദേഹം ആഗ്രഹിച്ചത്.
ഭാസ്ക്കരറാവു കേരളത്തിലെത്തിയ കാലം കേരള ചരിത്രത്തില്‍ ഒരുഗതിമാറ്റം സംഭവിച്ച കാലഘട്ടമായിരുന്നു. സാമൂഹ്യനവോത്ഥാനപ്രക്രിയ വ്യതിചലിച്ച് രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളായി അതു വഴിമാറിയിരുന്നു. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളുമടക്കം ആഗ്രഹിച്ച ഹിന്ദു ഐക്യത്തെ സഫലമാക്കാന്‍ പിന്നീട് വന്ന സാമൂഹ്യ നേതാക്കള്‍ക്ക് കഴിഞ്ഞില്ല. കേരളത്തിന്റെ ചരിത്രഗതിയെ സ്വാധീനിക്കുന്ന നിയാമക ഘടകമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയര്‍ന്നു വന്നു. ഉണ്ണി നമ്പൂതിരി പ്രസ്ഥാനത്തിലൂടെ കടന്നു വന്ന ഇ.എം. ശങ്കരന് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു കമ്മ്യൂണിസ്റ്റ് രംഗപ്രവേശം. നവോത്ഥാന പ്രസ്ഥാനങ്ങളിലും സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളിലും ആസൂത്രിതമായി നുഴഞ്ഞുകയറിയ കമ്മ്യൂണിസ്റ്റുകാര്‍ അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളെ തുരങ്കം വെക്കുകയായിരുന്നു യഥാര്‍ത്ഥത്തില്‍ ചെയ്തത്. ജാതി വിദ്വേഷങ്ങളുണ്ടാക്കാതെ നാനാജാതി സമുദായങ്ങളില്‍പെട്ടവര്‍ സോദരത്വേന വാഴുന്ന സഹവര്‍ത്തിത്വത്തിന്റെ പാതയിലൂടെയായിരുന്നു ”മാനവ ചരിത്രത്തിലെ ഏറ്റവും അഹിംസാത്മകവും രക്തരഹിതവുമായ വിപ്ലവം” എന്ന് രാജഗോപാലാചാരി വിശേഷിപ്പിച്ച സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കിയത്.
നാല്‍പ്പതുകള്‍ക്ക് ശേഷം ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടല്‍ നവോത്ഥാന ശ്രമത്തിന്റെ അന്ത:സത്തയെ ചോര്‍ത്തിക്കളയുന്നതായിരുന്നു. ആദ്ധ്യാത്മികതയ്ക്ക് പകരം നിരീശരവാദത്തിലധിഷ്ഠിതമായ ഭൗതികവാദമാണ് അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്.
വിവിധജാതിവിഭാഗങ്ങള് തമ്മിലുള്ള പാരസ്പരികത തകര്‍ത്ത് സംഘര്‍ഷം വളര്‍ത്തി തങ്ങളുടെ വര്‍ഗ്ഗസംഘര്‍ഷ സിദ്ധാന്തത്തിന് അനുകൂല സാഹചര്യം സൃഷ്ടിക്കാനാണ് അവര്‍ ശ്രമിച്ചത്. ”ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അംബേദ്കര്‍ വിരോധം, ദളിതരെ നേതൃത്വത്തില്‍ കൊണ്ടുവരാനുള്ള വൈമുഖ്യം, കേരളത്തില്‍ ചാതുര്‍വര്‍ണ്യത്തിന് പുറത്ത് ആരും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരാകരുതെന്ന നിര്‍ബന്ധം എന്നിവയൊക്കെ മനസ്സിലാക്കാന്‍ മാര്ക്സിസത്തേക്കാളേറെ മനുസ്മൃതിയാണ് വായിക്കേണ്ടത്” (കെ.പി. വിജയന്-ബ്രാഹ്മിന്‍ കമ്മ്യൂണിസം) എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. അധികാരലാഭത്തിന് വേണ്ടി വര്‍ഗ്ഗീയ പ്രീണനത്തിന് കമ്മ്യൂണിസ്റ്റുകള്‍ തയ്യാറായി. അധികാര രാഷ്ട്രീയത്തിന്റെ ചതുരംഗ കളത്തില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ അടവുനയങ്ങളുടെ കരുക്കളെറിഞ്ഞ് കളിച്ചുകൊണ്ടിരുന്ന അതേ കാലഘട്ടത്തിലാണ് കെ. ഭാസ്ക്കര റാവു കേരളത്തില്‍ പ്രവര്‍ത്തിച്ചത്.
കേരളീയ സാമൂഹ്യ ജീവിതത്തിലേക്ക് സംഘത്തിന്റെ പ്രവേശനം തികച്ചും അനാര്ഭാടമായരീതിയിലായിരുന്നു. ഭാസ്ക്കര റാവുവിന്റെ നേതൃത്വത്തില്‍ ഏകീകൃത ഹിന്ദുസമൂഹമെന്ന നവോത്ഥാന നായകരുടെ സ്വപ്ന സാക്ഷാത്ക്കാരത്തിനുള്ള നിശ്ശബ്ദ പ്രവര്‍ത്തനമായിരുന്നു അത്. പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ, ആസൂത്രിത സമരങ്ങളിലൂടെ സാമൂഹിക നവോത്ഥാനത്തെ വഴിതിരിച്ച് വിട്ട് കേരളത്തെ വര്‍ഗ്ഗ സംഘര്‍ഷത്തിന്റെ കലാപഭൂമിയാക്കി മാറ്റാനുള്ള കമ്മ്യൂണിസ്റ്റ് ശ്രമത്തിനെതിരെ ഹിന്ദുസമൂഹത്തിനുള്ളില്‍ ശക്തവും സംഘടിതവുമായ പ്രതിരോധമുണര്ത്തിയെടുത്തത് ഭാസ്ക്കരറാവുവായിരുന്നു. ആര്‍എസ്എസ്സിനെ തുടച്ചു നീക്കേണ്ടത് കമ്മ്യൂണിസ്റ്റ് കാരുടെ മുഖ്യ അജണ്ടയായി മാറിയതിന് മറ്റൊരു കാരണവും തേടിപ്പോകേണ്ടതില്ല.
അധ:സ്ഥിതരുടെയും അവശസമൂഹങ്ങളുടേയുമിടയില് സംഘപ്രവര്‍ത്തനം വ്യാപിച്ചു. ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുതെന്ന ഗുരുദേവസന്ദേശം ശാഖകളില്‍ നടപ്പിലായി. സ്വന്തം പേരില്‍ നിന്ന് ജാതിസൂചകമായ കളംബിയെന്ന പദം ഒഴിവാക്കിക്കൊണ്ട് സ്വയം ജാതിരഹിത ഹിന്ദുവായി മാറിയ ഭാസ്ക്കരറാവുവിന്റെ പ്രേരണ ഉള്‍ക്കൊണ്ട് ലക്ഷക്കണക്കിന് സ്വയംസേവകര്‍ പേരിന്റെ ഭാഗമായിരുന്ന ജാതിനാമം ഉപേക്ഷിച്ചു. തീതുപ്പുന്ന വിപ്ലവകാരികള്‍ക്ക് പോലും അക്കാലത്ത് അത് സാധിച്ചിരുന്നില്ല. ”തൊഴിലാളി വര്‍ഗ്ഗത്തിന്റെ ദത്തുപുത്രന്മാരായി സ്വയം അവരോധിച്ചപ്പോഴും ബ്രാഹ്മണ്യം ഒരു വെല്ലുവിളിയായി പേരില്‍ കൊണ്ട് നടന്നവരെ യഥാര്‍ത്ഥ ഹരിജനോദ്ധാരകരായി വരിക്കാന്‍ ഒട്ടേറെപ്പേര്‍ തയ്യാറായി” എന്ന എംജിഎസ് നാരായണന്റെ നിരീക്ഷണം ഇത്തരണത്തില്‍ ശ്രദ്ധേയമാണ്. ഭാസ്ക്കരറാവുജിയുടെ നേതൃത്വത്തിലും മാര്‍ഗ്ഗദര്‍ശനത്തിലും സ്വയംസേവകര്‍ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങള്‍, വളര്‍ത്തിയെടുത്ത പ്രസ്ഥാനങ്ങള്‍ കേരളത്തിലെ സാമൂഹ്യ നവോത്ഥാനത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള മുന്നേറ്റം സൃഷ്ടിച്ചു. കേരള ആദിവാസി സംഘം, മത്സ്യപ്രവര്‍ത്തകസംഘം എന്നിവ അവഗണിക്കപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള നവപരിശ്രമങ്ങളായിരുന്നു.
പാലിയംവിളംബരത്തിലൂടെ എല്ലാ വിഭാഗത്തിനും സാധ്യമായ താന്ത്രിക- പൂജാധികാരം. അതിനായി സ്ഥാപിച്ച തന്ത്രവിദ്യാപീഠം, ബാലഗോകുലം, കേരള ക്ഷേത്രസംരക്ഷണസമിതി, രാമായണമാസം തുടങ്ങിയവ കേരളത്തെ മാറ്റിത്തീര്‍ക്കുന്നതായിരുന്നു.
1947ല്‍ മുസ്ലിം മതഭ്രാന്തന്മാര് വെട്ടിക്കൊന്ന രാമസിംഹന്റെ ജഡം ഏറ്റുവാങ്ങി സംസ്കരിക്കാന്‍ പോലും ആരുമില്ലാതെ അങ്ങാടിപ്പുറത്ത് അനാഥമായി കിടന്ന സാഹചര്യമായിരുന്നു അന്ന്. എന്നാല്‍ അതിന് രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അതേ അങ്ങാടിപ്പുറത്ത് സംഘടിത മുസ്ലിം മുഷ്ക്കിനേയും ശങ്കരന് നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് ഭരണകൂട മര്ദ്ദനമുറകളേയും അതിജീവിച്ച് തളി ക്ഷേത്രവിമോചന സമരം വിജയിപ്പിക്കാന്‍ കേളപ്പജിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക പ്രക്ഷോഭം ഹിന്ദു സമൂഹത്തിന്റെ മാറിയ മുഖത്തെയാണ് പ്രദര്‍ശിപ്പിച്ചത്. കന്യാകുമാരിയിലെ വിവേകാനന്ദ ശിലാസ്ഥാപനം, നിലയ്ക്കല്‍ പ്രക്ഷോഭം എന്നിവ ഇതിന്റെ തുടര്‍ച്ചയായിരുന്നു. തപസ്യയും വിചാരകേന്ദ്രവും കലാസാംസ്കാരിക വൈചാരിക രംഗത്ത് മാറ്റങ്ങള്‍ സൃഷ്ടിച്ചു. ഈ പ്രസ്ഥാനങ്ങളെയും പ്രവര്‍ത്തനങ്ങളെയും മുന്നില്‍ നിന്ന് നയിച്ചത് ഭാസ്ക്കരറാവു ആയിരുന്നില്ല. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും ആര്‍ജ്ജവവും ഭാവനാസമ്പന്നതയും ഉള്ള കഴിവുറ്റ ആയിരക്കണക്കിന് പ്രവര്‍ത്തകരെ സൃഷ്ടിച്ചത് ഭാസ്ക്കരറാവുജിയായിരുന്നു. അവര്‍ക്ക് പ്രേരണയും മാര്‍ഗ്ഗദര്‍ശനവും നല്‍കിയത് അദ്ദേഹമായിരുന്നു. ഭരണകൂട ഭീകരത വേട്ടയാടിയ അടിയന്തരാവസ്ഥയുടെ ഭീകരനാളുകളില്‍ ഏകാധിപത്യത്തിനെതിരായ പോരാട്ടത്തിന് അദ്ദേഹം നല്കിയ ധീരനേതൃത്വം കേരളത്തിന് വിസ്മരിക്കാവുന്നതല്ല. ചരിത്രകാരന്മാര്ക്ക് കുറവുള്ള നാടല്ല കേരളം. ചരിത്രഗ്രന്ഥങ്ങളും വിശകലനങ്ങളും കേരളത്തില്‍ ഒട്ടേറെയുണ്ട്. അതിലൊന്നിലും കെ. ഭാസ്ക്കരറാവുവെന്ന പേര് ഉണ്ടാകാനിടയില്ല. ചരിത്രമെഴുതുകയായിരുന്നില്ല അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തെ സ്വന്തം ജീവിതത്തില്‍ ഏറ്റുവാങ്ങി കേരളത്തിന്റെ മണ്ണില്‍ കെടാതെ കാത്തുസൂക്ഷിച്ചതിന്റെ മഹത്വം ഭാസ്ക്കരറാവുവിനുള്ളതാണ്. അത് ഉണര്‍ത്തിവിട്ട സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളായിരിക്കും കേരളത്തിന്റെ നാളെകളെ കരുപിടിപ്പിക്കുന്നത്. നാളത്തെ കേരളം ഭാസ്ക്കരറാവുവിന്റെതായിരിക്കും.
എം.രാധാകൃഷ്ണന്
മാനേജിംഗ് ഡയറക്ടര്‍
ജന്മഭൂമി
പ്രതികരിക്കാൻ ഇവിടെ എഴുതുക: