കൊച്ചി : കേന്ദ്രമന്ത്രി വി. മുരളീധരന് പങ്കെടുത്ത അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്തത് പിആര്‍ ഏജന്‍സി റിപ്പോര്‍ട്ടിങ്ങിന്. തന്റെ ജോലിയുടെ ഭാഗമായാണ് ദുബായിയില്‍ പോയത്. ജോലിയാണ് ചെയ്തതെന്നും മറുപടി നല്കി സ്മിത മേനോന്. കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ പങ്കെടുത്തതിനെ രാഷ്ട്രീയ വത്കരിക്കാന്‍ ശ്രമിക്കുകയും ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തില്‍ സ്മിത മേനോന് തന്റെ എഫ്ബി പോസ്റ്റിലൂടെ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയായിരുന്നു.
അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ തന്നെ കണ്ടതിന് ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പഴയ ഫോട്ടോകള്‍ തപ്പിയെടു്ത്ത് വാര്‍ത്തകള്‍ കെട്ടിച്ചമയ്ക്കുകയായിരുന്നെന്നും ഇതില്‍ ആരോപിക്കുന്നുണ്ട്. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാന്‍ നടത്തുന്ന സമ്മേളനമാണ്. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതിയുണ്ടോയെന്ന് അന്വേഷിച്ചശേഷമാണ് താന്‍ പങ്കെടുത്തത്.
പോകുന്നതിന് മുമ്പ് കൊച്ചിയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരോട് ഇതുസംബന്ധിച്ച് സൂചനയും നല്‍കിയിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തശേഷം താന്‍ തയ്യാറാക്കി അയച്ചു കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയില്‍ ബോക്സില്‍ കാണും. ന്യൂസ് ഗൂഗിള്‍ ചെയ്താല്‍ കിട്ടും. ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനായി താന്‍ പോയിട്ടുണ്ടെങ്കില്‍ അത് തന്റെ സ്വന്തം ചെലവിനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
കേന്ദ്രമന്ത്രി ശ്രീ വി. മുരളീധരന് പങ്കെടുത്ത ഒരു അന്താരാഷ്ട്ര കോണ്ഫ്രന്സില് എന്നെ കണ്ടതിന് ഫേസ്ബുക്ക് പ്രോഫൈലില്‍ നിന്ന് ചില പഴയ ഫോട്ടോകള്‍ തപ്പിയെടുത്ത് പല തരം കഥകളുണ്ടാക്കി കുറച്ചു നാളായി ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്.
ആ ഫോട്ടോകളുടെ സത്യാവസ്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും എന്നെ അറിയുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം നന്നായി അറിയാം. അതു കൊണ്ടാണ് പ്രതികരിക്കാതിരുന്നത്.
എന്നെ നേരിട്ട് അറിയാത്ത മാധ്യമ പ്രവര്‍ത്തകര്‍ ഇന്നലെ വിളിച്ചപ്പോള്‍ ഞാന്‍ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പറഞ്ഞ മറുപടി പൂര്‍ണ്ണമായും കൃത്യമായും മാധ്യമങ്ങളില്‍ വരാത്തതു കൊണ്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ഈ കുറിപ്പ്.
അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് (ഐഒആര്‍എ)പരിപാടിയുടെ സമാപന ദിവസം ഞാന്‍ പത്രക്കുറിപ്പ് തയ്യാറാക്കാന്‍ ഇരിക്കുന്നതും പിന്നീട് അപ്രൂവല്‍ വാങ്ങുന്നതുമായ ഫോട്ടോകളാണ് അവ. ഇന്ത്യന്‍ മഹാസമുദ്രം വഴിയുള്ള വ്യാപാരവും, ടൂറിസവും ശക്തമാക്കാന്‍ നടത്തുന്ന സമ്മേളനമാണ്. പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പങ്കെടുക്കാന്‍ അനുമതിയുള്ള പരിപാടിയായിരുന്നു അത്.
മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം പോസ്റ്റ് ഗ്രാജുവേറ്റായ ഞാന്‍ 2007 മുതല്‍ കൊച്ചിയില്‍ പിആര്‍ ഏജന്‍സി നടത്തുന്നുണ്ട്. കൂടുതലും ശാസ്ത്ര, ബിസിനസ് കോണ്‍ഫ്രന്‍സുകള്‍ക്ക് പിആര്‍ ചെയ്യുന്ന എനിക്ക് ഒരു പിആര്‍ പ്രൊഫഷണല്‍ എന്ന നിലക്ക് വേണ്ടതിലധികം സ്നേഹവും പിന്തുണയും മാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ കാഴ്ച്ചപ്പാടുകള്‍ ഒന്നും തന്നെ ഒരിക്കലും അതിന് തടസ്സമായിട്ടില്ല. സുതാര്യതയില്ലാതെ ഇന്നെവരെ പ്രവര്‍ത്തിച്ചിട്ടില്ല.
മേല്‍ പറഞ്ഞ പരിപാടിയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിആര്‍ റിപ്പോര്‍ട്ടിങ് ചെയ്യാന്‍ ഒരു അവസരം തരുമോ എന്ന് മുരളിയേട്ടനോട് ചോദിച്ചു. ഒരു അന്താരാഷ്ട്ര കോണ്‍ഫ്രന്‍സ് ചെയ്യാന്‍ അവസരം കിട്ടുമല്ലോ എന്ന് കരുതിയാണ് ചോദിച്ചത്. മീഡിയ എന്‍ട്രി ഉണ്ടോ എന്ന് അന്വേഷിച്ച ശേഷം സമാപന ദിവസം വന്നോളാന്‍ അനുവാദം തന്നു.
ഞാന്‍ സ്വന്തം ചെലവില്‍ കൊച്ചിയില്‍ നിന്ന് പോയത്. കൊച്ചി ബ്യൂറോയിലെ മിക്ക മാധ്യമ പ്രവര്‍ത്തകരോടും പറഞ്ഞിട്ടാണ് പോയത്. അവരാണ് എനിക്ക് അവിടുത്തെ കറസ്പോണ്‍ഡന്റ്സിന്റെ നമ്പറുകള്‍ തന്നത്. സമാപന ദിവസം ഞാന്‍ ചെന്നപ്പോള്‍ ഗള്‍ഫ് ന്യൂസ്’, റോയിട്ടേഴ്സ്, ഖലീജ് ടൈംസ്, ഗള്‍ഫ് ടുഡെ എന്നിവ അവിടെ ഉണ്ട്. രണ്ടു ദിവസമായി അവര്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള പ്രമുഖ ചാനലുകളും സമാപന ദിവസം വന്നു കവര്‍ ചെയ്തു.
എന്റെ ചേട്ടനും ഭാര്യയും ദുബായില്‍ ഡോക്ടര്‍മാരായി ജോലി ചെയ്യുന്നുണ്ട്. ന്യൂസ് തയ്യാറാക്കി അയച്ചുകൊടുത്ത ശേഷം ഞാന്‍ ചേട്ടന്റെ വീട്ടില്‍ രണ്ട് ദിവസം താമസിച്ച് തിരിച്ചു പോന്നു. ഫോട്ടോ തിരയുന്നവര്‍ക്ക് ആ ഫോട്ടോകളും കാണാം.
ഞാന്‍ അന്ന് കൊടുത്ത പ്രസ് റിലീസ് ഇവിടുത്തെ മാധ്യമങ്ങളുടെ മെയില്‍ ബോക്സില്‍ കാണും. ന്യൂസ് ഗൂഗിള്‍ ചെയ്താല്‍ കിട്ടും. സര്‍ക്കാറിന് ചെലവോ എന്തെങ്കിലും ബാദ്ധ്യതയോ ഇന്നേവരെ ഞാന്‍ ഉണ്ടാക്കിയിട്ടില്ല.
ഈ യാത്രയാണ് ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ട്, പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങി പല കഥകളായി പ്രചരിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ ഫോട്ടോ എഡിറ്റ് ചെയ്ത് മാറ്റിയും ചിലര്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. കുഴപ്പമില്ല. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയായിരിക്കും. എന്റെ തൊഴിലാണ് ഞാന്‍ ചെയ്തത്. സത്യം ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് അറിയാം. എനിക്ക് അത്രയും മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: