തിരുവല്ല: എട്ട് മാസങ്ങൾക്ക് ശേഷം ശ്രീവല്ലഭ സന്നിധിയിൽ ആട്ടവിളക്ക് തെളിഞ്ഞു.കഥകളി വഴിപാട് പുനരാരംഭിക്കാൻ ദേവസ്വം ബോർഡ് അനുമതി നൽകിയതോടെയാണ് ശ്രീവല്ലഭ ക്ഷേത്രത്തിൽ കളിവിളക്ക് വീണ്ടും തെളിഞ്ഞത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ശ്രീവല്ലഭന്റെ ഇഷ്ടവഴിപാടായ കഥകളി വഴിപാട് തുടങ്ങിയത്. തിരുവല്ല ഗ്രൂപ്പ് അസി.കമ്മീഷണർ ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്തു.മുൻ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വേണു വെള്ളിയോട്ടില്ലം അധ്യക്ഷനായി.കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടിയെ ചടങ്ങിൽ ആദരിച്ചു.തന്ത്രി മേമനയില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കളിവിളക്ക് തെളിയിച്ചു.
ഇന്നലെ കുചേല വൃത്തം,കിരാതം എന്നീ കഥകളാണ് അരങ്ങേറിയത്. കുചേലവൃത്തത്തിൽ കുചേലനായി മാത്തൂർ ഗോവിന്ദൻകുട്ടിയും ശ്രീകൃഷ്ണനായി കലാഭാരതി ഹരികുമാറും രുക്മിണിയായി ഹരികുമാറിന്റെ മകൾ ധന്യഹരികുമാറും കുചേല പത്‌നിയായി കലാമണ്ഡലം അരുണും വേഷമിട്ടു. കിരാതത്തിൽ കാട്ടാളനായി ഫാക്ട് മോഹനനും അർജുനനായി കലാനിലയം വിനോദും വേഷമിട്ടു. കൂടാതെ പാട്ട് – കലാമണ്ഡലം സുരേന്ദ്രൻ,ചെണ്ട-കലാഭാരതി ഉണ്ണികൃഷ്ണൻ,മദ്ദളം-കലാഭാരതി ജയശങ്കർ,ചുട്ടി- കലാനിലയം സജി.ശ്രീവൈഷ്ണവം കഥകളി യോഗവും തിരുവല്ല കഥകളി ആസ്വദകർ വാട്‌സ് ആപ്പ് കൂട്ടായ്‌മയും ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ലോക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ക്ഷേത്രങ്ങളിൽ ഭക്തർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് കഥകളി മുടങ്ങിയത്. ക്ഷേത്രങ്ങളിൽ വീണ്ടും ഭക്തർക്ക് പ്രവേശനം അനുവദിച്ചതോടെയാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വഴിപാട് പുനരാരംഭിക്കാൻ ബോർഡ് അനുമതി കൊടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: