കണ്ണൂര്‍: കൊറോണ സ്രവ പരിശോധനയ്ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച കിയോസ്ക്കുകളുടെ അവസ്ഥ സംസ്ഥാനത്തെ കൊറോണ പ്രതിരോധം എത്രമാത്രം തകര്‍ന്നു എന്നതിന്റേയും ആരോഗ്യവകുപ്പിന്റെ ക്രൂരമായ അനാസ്ഥയുടേയും നേര്‍ക്കാഴ്ച.
രണ്ട് മാസം മുമ്പ് ലക്ഷങ്ങള്‍ ചെലവാക്കി സ്ഥാപിച്ച കിയോസ്ക് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ ഏതാനും യാത്രക്കാര്‍ക്ക് വേണ്ടി മാത്രമാണ് ഉപയോഗിച്ചത്. കിയോസ്ക്കുകള്‍ സ്ഥാപിച്ച കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇപ്പോള്‍ ഇന്റര്‍ലോക്ക് ടൈലുകള്‍ കൂട്ടിയിട്ട് പൊടിപിടിച്ച് കിടക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് കിയോസ്ക്കുകള്‍ ജില്ലാ ആശുപത്രിയിലെത്തിക്കുന്നതിന് വണ്ടി വാടകയിനത്തില്‍ത്തന്നെ വലിയ തുകയാണ് ചെലവായത്.
സ്രവപരിശോധനയ്ക്കിടെയുണ്ടാകാന്‍ സാധ്യതയുള്ള രോഗവ്യാപനം തടയുന്നതിനുള്ള സുരക്ഷിതമാര്‍ഗമായാണ് പ്രത്യേക കിയോസ്ക്കുകള്‍ സ്ഥാപിച്ചത്. രോഗിയുമായി നേരിട്ട് സമ്പര്‍ക്കമില്ലാതെ, പ്രത്യേക ക്യാബിനകത്ത് നിന്ന് ഗ്ലൗസ് ഉപയോഗിച്ചാണ് സ്രവം ശേഖരിക്കുക.
കൊറോണ ബാധിതരായ രോഗികള്‍ക്ക് ചികിത്സ നല്‍കിയിരുന്ന വാര്‍ഡ് ആശുപത്രിയുടെ പിന്നിലുള്ള റോട്ടറി വാര്‍ഡിലേക്ക് മാറ്റിയതോടയാണ് കിയോസ്ക് ഉപയോഗിക്കുന്നത് നിര്‍ത്തിയത്. കിയോസ്ക്കുകള്‍ പുതിയ വാര്‍ഡിലേക്ക് മാറ്റിയില്ല. കിയോസ്ക് മാറ്റാനുള്ള വാഹന സൗകര്യം ജില്ലാ ആശുപത്രിയില്‍ത്തന്നെ ഉണ്ടെങ്കിലും ഇതുവരെ അതിനുള്ള നീക്കമുണ്ടായിട്ടില്ല.
കൊറോണ വാര്‍ഡിനോട് ചേര്‍ന്ന മുറിയില്‍ നിന്ന് തന്നെയാണ് ഇപ്പോള്‍ സ്രവപരിശോധന. സ്രവപരിശോധനയ്ക്കെത്തുന്ന രോഗിയുമായി ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. രോഗം സംശയിക്കുന്ന ഒരാള്‍ എത്തിയാല്‍ വൈകുന്നേരം വരെ ആശുപത്രിയില്‍ തങ്ങേണ്ടി വരുന്നു. കൂടുതല്‍ സമയം ആശുപത്രിയില്‍ കഴിയുന്നതിനാല്‍ കൂടെ വന്നവര്‍ക്കും വൈറസ് പകരാനുള്ള സാധ്യത കൂടുതലാണ്. ജില്ലാ ആശുപത്രിയിലുള്ള നിരവധി ജീവനക്കാരില്‍ പലരും ഇപ്പോള്‍ രോഗ ബാധിതരായി ചികിത്സയിലാണ്.
അതേസമയം, കിയോസ്ക്കുകള്‍ ഉപയോഗ ശൂന്യമായിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഏതാനും ദിവസങ്ങള്‍ക്കകം പുതിയ ബ്ലോക്കിലേക്ക് മാറ്റുമെന്നും വാഹനസൗകര്യമില്ലാത്തതാണ് തടസമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: