ഭാരതീയവിചാരകേന്ദ്രമെന്ന ആശയവും അതിന്റെ ദര്‍ശനവും രൂപപ്പെടുത്തിയത് പരമേശ്വര്‍ജി ആയിരുന്നെങ്കില്‍ അതിന്റെ സംഘടനാശൈലിയും ഘടനയും ചിട്ടപ്പെടുത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച എന്‍.ഭാസ്‌കരന്‍നായര്‍ ആയിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും യൂനിറ്റുകളിലും അദ്ദേഹം യാത്ര ചെയ്ത് സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതില്‍ ഏറെ പങ്ക് വഹിച്ചു.
അതോടൊപ്പം സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനവും അദ്ദേഹം ഏകോപിപ്പിച്ചു.സര്‍ക്കാര്‍ സര്‍വ്വീസ് മേഖലയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചതിന്റെ ഫലമായുണ്ടായ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ ഗുണകരമായി.സംഘടനാപരമായ അടുക്കും ചിട്ടയുമുണ്ടാക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്. സംസ്ഥാന സമിതിയോഗങ്ങളില്‍ ഉണ്ടാവുന്ന തീരുമാനങ്ങള്‍ തയ്യാറാക്കുകയും അത് താഴെ തലത്തില്‍ എത്തിക്കുകയും നിര്‍വ്വഹണ ഘട്ടത്തിലെ നിരന്തര ശ്രദ്ധയിലൂടെ ലക്ഷ്യം സാധ്യമക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹം
ലളിതമായും സരസമായും മധുരമായും കാര്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി. ഓരോ വിഷയത്തെക്കുറിച്ചും ആഴത്തില്‍ മനസ്സിലാക്കാന്‍ അദ്ദേഹം ശ്രമിച്ചു. ജനകീയാസൂത്രണമടക്കമുള്ള സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയും അതേ സമയം തന്റെ ആദര്‍ശ പ്രതിബദ്ധത നിലനിര്‍ത്തുകയും ചെയ്തു.
വിചാരകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളോടൊപ്പം ഇത്തരം സാമൂഹ്യ കാര്യങ്ങളിലും അദ്ദേഹം സജീവമായിരുന്നു. നിളാ വിചാര സത്രം, കേരളത്തിന്റെ മാറുന്ന മുഖച്ഛായ ത്രിദിന സെമിനാര്‍ ,സംസ്‌കൃത വിചാര സത്രങ്ങള്‍, തുടങ്ങി വിചാര കേന്ദ്രത്തിന്റെ ചരിത്രത്തിലെ നിരവധി പ്രധാന പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു.പ്രവര്‍ത്തനത്തിന്റെ സൂക്ഷ്മാംശങ്ങളില്‍ ശ്രദ്ധിക്കുകയും പ്രവര്‍ത്തകരുടെ സാഹചര്യങ്ങള്‍ മനസ്സിലാക്കി അവരോടൊപ്പം നില്‍ക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ഡോ.കെ.മാധവന്‍കുട്ടി ,പരമേശ്വര്‍ജി, ടി.ആര്‍ സോമശേഖരന്‍ എന്നിവരോടൊപ്പം വിചാര കേന്ദ്രത്തിന്റെ തുടക്കം മുതല്‍ അതിന്റെ അടിത്തറയൊരുക്കിയ സംഘാടകനായിരുന്നു എന്‍.ഭാസ്‌കരന്‍നായര്‍ . സ്വന്തം പ്രയാസങ്ങള്‍ മനസ്സിലൊതുക്കി എപ്പോഴും ശുഭാപ്തി വിശ്വാസം പ്രസരിപ്പിക്കുന്ന നേതൃത്വ ശേഷിയാണ് അദ്ദേഹത്തില്‍ നിന്ന് വിചാര കേന്ദ്രത്തില്‍ പ്രസരിപ്പിച്ചത്.
ആററിങ്ങൽ മാർക്കറ്റ് റോഡ് “രാഗ ” ത്തിൽ താമസിച്ചിരുന്ന ഭാസ്കരൻ നായർ റിട്ടയേഡ് ക്യഷി ഉദ്യോഗസ്ഥനായിരുന്നു’. ഭാര്യ പരേതയായ അംബികാ ഭായി അമ്മ മക്കൾ. കൃഷ്ണകുമാർ പരേതനായ രാജ് കുമാർ
വി.മഹേഷ് കുമാര്‍
(സംഘടനാ കാര്യദര്‍ശി, ഭാരതീയവിചാരകേന്ദ്രം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: