ന്യുദല്‍ഹി: യുപിഎസ്സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നീട്ടിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇതോടെ, ഒക്ടോബര്‍ നാലിന് പരീക്ഷയുണ്ടാകുമെന്ന് ഉറപ്പായി. പരീക്ഷ മാറ്റണമെന്നാവശ്യപ്പെട്ട് 20 വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കൊവിഡ് സാഹചര്യവും രാജ്യത്ത് പ്രകൃതി ദുരന്തങ്ങളുമുണ്ടായ അവസ്ഥയില്‍ പരീക്ഷ രണ്ടോ മൂന്നോ മാസം മാറ്റിവയ്ക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്.
ലോക്ഡൗണായിരുന്ന ഏപ്രില്‍ മാസമല്ലെന്നും ഇപ്പോള്‍ എല്ലാവരും യാത്ര ചെയ്യുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. 72 നഗരങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലായി ആറ് ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുക. പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളില്‍ കൂടുതലും സാധാരണക്കാരും മധ്യവര്‍ഗത്തില്‍ നിന്നുള്ളവരുമാണ്. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പരീക്ഷയ്ക്കെത്താന്‍ ബുദ്ധിമുട്ടായിരിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, കോടതി ഈ ആവശ്യം അംഗീകരിച്ചില്ല. ഹര്‍ജിക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ വേണമെങ്കില്‍ അക്കാര്യം പരിഗണിക്കാമെന്നായിരുന്നു ബെഞ്ച് വ്യക്തമാക്കിയത്. പരീക്ഷയ്ക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിക്കഴിഞ്ഞെന്നും മാറ്റിവയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നും യുപിഎസ്സി അറിയിച്ചു. പരീക്ഷ നിശ്ചയിച്ച പോലെ നടന്നില്ലെങ്കില്‍ അത് മറ്റ് പരീക്ഷകളെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തണമെന്നും ഈ വര്‍ഷം പ്രായപരിധി കഴിയുന്നവര്‍ക്ക് പരീക്ഷയെഴുതാന്‍ കഴിയാതെ വന്നാല്‍ അവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് നല്‍കണമെന്നും കോടതി യുപിഎസ്സിക്ക് നിര്‍ദേശം നല്കി.
പരീക്ഷയ്ക്ക് മാര്‍ഗനിര്‍ദേശങ്ങളായി
തിരുവനന്തപുരം: നാലിനുള്ള യുപിഎസ്സി സിവില്‍ സര്‍വീസ് (പ്രാഥമിക) പരീക്ഷ കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളില്‍ നടക്കും. കേരളത്തില്‍ നിന്ന് 30,000ത്തോളം അപേക്ഷകരുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പിനായി വിശദമായ മാര്‍ഗരേഖ യുപിഎസ്സി പുറപ്പെടുവിച്ചു. വിദ്യാര്‍ഥികള്‍ക്കും പരീക്ഷാ നടത്തിപ്പിനുള്ള ജീവനക്കാര്‍ക്കും അവരുടെ അഡ്മിറ്റ് കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് പരീക്ഷാകേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ന്മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കും ഇത്തരത്തില്‍ യാത്ര ചെയ്യാം. കെഎസ്ആര്‍ടിസി, കൊച്ചി മെട്രോ അടക്കമുളള പൊതുഗതാഗത സേവനങ്ങള്‍ ഇതിനായി സര്‍വീസ് നടത്തും.
പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, ഡിജിറ്റല്‍/സ്മാര്‍ട്ട് വാച്ചുകള്‍, ബ്ലൂടൂത്ത് ഉപകരണങ്ങള്‍ തുടങ്ങി യാതൊരു വിവരസാങ്കേതിക ഉപകരണങ്ങളും അനുവദിക്കില്ല. ഇതുറപ്പാക്കാന്‍ എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും പോലീസിനെ നിയോഗിക്കും. പരീക്ഷയ്ക്ക് ഒരു മണിക്കൂര്‍ മുമ്പ് മുതല്‍ പരീക്ഷാഹാളിലേക്ക് പ്രവേശനം നല്‍കും. കൃത്യമായ സാമൂഹികഅകലം പാലിച്ച് മാത്രമെ ഹാളിലേക്കും പുറത്തേക്കുമുള്ള യാത്ര അനുവദിക്കൂ. ഏതെങ്കിലും പരീക്ഷാര്‍ഥിക്ക് പനിയോ, ചുമയോ, തുമ്മലോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഇന്‍വിജിലേറ്ററെ അറിയിക്കണം. ഇവര്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക മുറി അനുവദിക്കും.
പരീക്ഷ നടക്കുന്നതിന് പത്ത് മിനിറ്റ് മുന്‍പ് കേന്ദ്രത്തിലേക്കുളള പ്രവേശന കവാടം അടയ്ക്കും. അതിന് ശേഷം വരുന്ന പരീക്ഷാര്‍ഥികള്‍ക്ക് പ്രവേശനം അനുവദിക്കില്ല. എല്ലാ പരീക്ഷാര്‍ഥികളും മുഖാവരണം ധരിക്കണം. തിരിച്ചറിയലിനായി ഇന്‍വിജിലേറ്റര്‍ ആവശ്യപ്പെടുമ്പോള്‍ മാത്രമേ മുഖാവരണം മാറ്റേണ്ടതുള്ളൂ. 50 മില്ലി ചെറിയ കുപ്പി സാനിറ്റൈസര്‍ പരീക്ഷാര്‍ഥികള്‍ക്ക് കൈയില്‍ കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: