സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കം: സ്വാമി അയ്യപ്പദാസ്
കോടതി വിധിക്ക് പിന്നാലെ വന്നിരിക്കുന്നത് ഭാരതത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമാണെന്ന് ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്. അയോധ്യ ശാന്തമായ അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുകയാണ്. ശ്രീരാമ ക്ഷേത്രത്തിന് തറക്കല്ലിടുന്ന മഹത്തായ കര്‍ത്തവ്യവും കഴിഞ്ഞിരുന്നു. 28 വര്‍ഷം മുമ്പ് നടന്ന ഈ സംഭവം സംബന്ധിച്ച കേസ് ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന തലമുറയില്‍പ്പെട്ട ആളുകളെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടാണ് മുന്നോട്ട് പോയത്. രാഷ്ട്രീയമായ അത്തരമൊരു അവസ്ഥ വിധിയോടെ അവസാനിക്കുകയാണ്. ഇതൊരു സുവര്‍ണ്ണ കാലഘട്ടത്തിന്റെ തുടക്കമാണ്. ഈ കേസില്‍ ഒരു വിഭാഗം പ്രത്യേക താല്പര്യത്തോടെ എന്നും എതിര് പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമത്തിന്റെ വഴിയിലൂടെ തന്നെ ഇതെല്ലാം തെറ്റാണെന്ന് തെളിഞ്ഞതായും സ്വാമി അയ്യപ്പദാസ് പറഞ്ഞു.
ആരോപണം നേരിട്ടവര്‍ അഗ്നിശുദ്ധി വരുത്തി: ഹിന്ദു ഐക്യവേദി
അയോധ്യയിലെ തര്‍ക്കമന്ദിരം തകര്‍ത്ത കേസില്‍ ചരിത്രപരമായ വിധിയാണ് ഉണ്ടായിട്ടുള്ളതെന്ന് ഹിന്ദുഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എം. ബാലന് അഭിപ്രായപ്പെട്ടു. 28 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. ആരോപണ വിധേയര്‍ക്ക് നേരെ ഉയര്‍ത്തിയ എല്ലാ ആരോപണങ്ങളും നിലനില്‍ക്കില്ല എന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ദേശ സ്നേഹികളെ സംബന്ധിച്ച് വലിയ ആശ്വാസമാകുകയാണ് സുപ്രീംകോടതി വിധി.
വിധി കാലം കാത്തുവെച്ച നീതി: സ്വാമി ദേവചൈതന്യ
അയോധ്യ തര്‍ക്കമന്ദിരം തകര്‍ത്ത വിഷയത്തില്‍ ലഖ്നൗ പ്രത്യേക കോടതിയുടെ വിധി സ്വാഗതാര്‍ഹം എന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി അംഗം സ്വാമി ദേവ ചൈതന്യ പറഞ്ഞു. ദേശീയതയുടെ മുഖ്യധാരയില്‍ നിന്ന് നാടിനെ നയിച്ച 32 നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിച്ച് വേട്ടയാടുകയായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാപ്പ് പറയണമെന്ന് സ്വാമി ആവശ്യപ്പെട്ടു. ന്യൂനപക്ഷ പ്രീണനത്തിന് അയോധ്യയെ ആയുധമാക്കി രാഷ്ട്രീയ നേട്ടത്തിനായി നിരപരാധികളെ കുറ്റവാളികളായി ചിത്രീകരിക്കുകയായിരുന്നു. ഈ പേരില്‍ രാജ്യത്താകമാനം പ്രചരണത്തിന് കാഹളം മുഴക്കിയ മതേതരത്വത്തിന്റെ മേലങ്കിയണിഞ്ഞ രാഷ്ട്രീയ മേലാളന്മാര്ക്കുള്ള മറുപടി കൂടിയാണ് വിധിന്യായം എന്നും സ്വാമി ദേവ ചൈതന്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: