ന്യൂദല്‍ഹി: ലോക്ഡൗണ്‍ ഇളവിന് കണ്ടൈന്‍മെന്റ് സോണുകള്‍ അല്ലാത്ത ഇടങ്ങളിലേക്ക് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കി. സ്കൂളുകളും കോച്ചിങ് സ്ഥാപനങ്ങളും ഒക്ടോബര്‍ 15ന് ശേഷം തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്കൂളുകള്‍ തുറന്നാലും വീടുകളിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അനുമതി നല്‍കണം, രക്ഷിതാക്കളുടെ അനുമതി പത്രത്തോടെ മാത്രമേ കുട്ടികള്‍ സ്കൂളുകളിലെത്താന്‍ പാടുള്ളൂ. ഹാജര്‍ എടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ലാബുകളും പരീക്ഷണങ്ങളും നടത്താന്‍ ഒക്ടോബര്‍ 15 മുതല്‍ അനുമതിയുണ്ട്. സ്ഥാപന മേലധികാരി വേണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത്.
സ്വിമ്മിങ് പൂളുകള്‍ കായിക താരങ്ങള്‍ക്ക് വേണ്ടി 15 മുതല്‍ തുറന്നുനല്‍കണം. അമ്പതു ശതമാനം സീറ്റുകളോടെ സിനിമാ തീയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും പ്രവര്‍ത്തിക്കാം. നൂറുപേരില്‍ക്കൂടുതല്‍ പേര് പങ്കെടുക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാംസ്ക്കാരിക പരിപാടികള്‍ നടത്താന്‍ ഈ മാസം 15ന് ശേഷം അനുമതി നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: