കൊച്ചി: എന്‍ഐഎ കോടതി ഇന്നലെ ജീവപര്യന്തം തടവിനു വിധിച്ച മുവാറ്റുപുഴ സ്വദേശി ഹാജ മൊയ്തീന് സുബഹാനി ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര പ്രവര്‍ത്തക സംഘടനയില്‍ ചേരാന്‍ ഇറാഖില്‍ പോയി, പരിശീലനം നേടി, ഇന്ത്യയില്‍ മടങ്ങിയെത്തി, രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണം നടത്തി. പദ്ധതി പ്രാവര്‍ത്തികമാകും മുമ്പ് രഹസ്യാന്വേഷണ ഏജന്‍സികളുടെ പിടിയിലായി. ഒഴിവായത് വന്‍ ദുരന്തമാണ്. മാതൃരാജ്യത്തിനെതിരേ യുദ്ധ സന്നാഹമൊരുക്കിയ സുബഹാനിയുടെ ഐഎസ്ഐഎസ് പരിശീലനത്തിനുുള്ള പോക്കും മടങ്ങി വരവും പ്രവൃത്തികളും ഞെട്ടിപ്പിക്കുന്നതാണ്.
അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ തെളിവുകളും എതിര്‍വാദവും കേട്ടശേഷം കോടതി വിധിയില്‍ സുബഹാനിയുടെ ചെയ്തികള്‍ വിശദീകരിക്കുന്നുണ്ട്. സുബഹാനിയുടെ ആഗ്രഹമായിരുന്നു ഐഎസ്ഐഎസില്‍ ചേരുക എന്നത്. ഇറാഖിലേക്ക് പോകാന്‍ വിമാന സര്‍വീസ് ഇല്ലാഞ്ഞതിനാല്‍ തുര്‍ക്കിയിലെ ഇസ്താംബൂളിലെത്തി അവിടെനിന്ന് തുര്‍ക്കി അതിര്‍ത്തി ലംഘിച്ച് ഇറാഖിലെത്താനും ഐഎസ്എസ്ഐ സഹായത്താല്‍ പദ്ധതിയിട്ടു. പിന്നീട് ടൂറിസ്റ്റ് വിസയില്‍ രണ്ടാഴ്ചത്തേക്ക് ഇസ്താംബൂളിലേക്ക് കടന്നു. അവിടുന്ന പദ്ധതി പ്രകാരം ഇറാഖിലെത്തി.
എവിടെയാണ് പോകുന്നതെന്ന് കൃത്യമായി അടുത്ത ബന്ധുക്കളോടു പോലും പറഞ്ഞില്ല. സൗദി അറേബ്യയില്‍ ഉംറയ്ക്ക് പോകുന്നുവെന്നാണ് അറിയിച്ചത്. അഞ്ചു മാസത്തിനു ശേഷം തിരികെ ഇന്ത്യയില്‍ വന്നു. വരുമ്പോള്‍ ഇടതു കാല്‍മുട്ടില്‍ പരിക്കുണ്ടായിരുന്നു. അത് ഇറാഖില്‍ ഐഎസ് പരിശീലനത്തിലും പ്രവര്ത്തനത്തിലുമായിരിക്കെ സ്ഫോടനത്തില്‍ സംഭവിച്ചതാണ്. പിടിയിലായപ്പോള്‍ സുബഹാനി ധരിച്ചതും പിന്നീട് റെയ്ഡില്‍ പിടിച്ചെടുത്തതുമായ വസ്ത്രങ്ങള്‍ തുര്‍ക്കിയില്‍ നിര്‍മിച്ചവയായിരുന്നു. അവ സ്ഫോടക രാസവസ്തുക്കള്‍ ചേര്‍ന്നവയായിരുന്നു.
സുബഹാനി തുര്‍ക്കിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പാസ്പോര്‍ട്ട് നഷ്ടമായെന്ന് കള്ളം പറഞ്ഞു. തന്റെ ഫോണ്‍ സംഭാഷണങ്ങളും മറ്റും ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പിടികൂടുമെന്ന് മനസിലാക്കി, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്ന കഥ പറഞ്ഞ്, അഞ്ചു മാസം താമസിച്ചത് വിശദീകരിക്കാന്‍ ബന്ധുക്കളോട് പറഞ്ഞു.
ഇന്ത്യയില്‍ പോലീസ് പിടികൂടുമെന്ന് ഉറപ്പാക്കിയ സുബഹാനി, പുതിയ സിംകാര്‍ഡ് സംഘടിപ്പിച്ചു. ശിവകാശിയില്‍നിന്ന് 200 കിലോ ക്ലോറൈറ്റ്, സള്‍ഫര്‍, അലൂമിനിയം പൗഡര്‍, ഫോസ്ഫറസ് എന്നിവ സംഘടിപ്പിക്കാന്‍ ഇടപാടുണ്ടാക്കി. ഇന്ത്യയില്‍ ജിഹാദി നടത്താനായിരുന്നു സുബഹാനിയുടെ പദ്ധതി. ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഏറെ സഹിക്കേണ്ട സ്ഥിതിയാണെന്നായിരുന്നു കാരണം പറഞ്ഞത്.
”മാതൃരാജ്യമാണ് സ്വര്‍ഗമെന്ന് പറയുമെന്നാശിക്കാം” വിധിയില്‍ കോടതി പറയുന്നു-
”പ്രതിയുടെ പ്രവൃത്തി ഈ സംസ്ഥാനത്തിന്റെ സാംസ്കാരിക മന:സാക്ഷിക്കേറ്റ പ്രഹരമാണ്. രാജ്യത്തെ ഏറ്റവും പുരോഗമിച്ച സമൂഹത്തിന്റെ മാനത്തിനേറ്റ പ്രഹരവും. ഇത്തരം തെറ്റായ തീവ്രവാദ ആശയങ്ങളില്‍ യുവജനങ്ങള്‍ ആകൃഷ്ടരാകുന്നുവെന്നതും അതിലൂടെ മാതൃരാജ്യവുമായുള്ള സനാതന ബന്ധം ഉപേക്ഷിക്കാന്‍ തയാറാകുന്നതും അതുവഴി അവരുടെ ഇച്ഛപ്രകാരമുള്ള സ്വര്‍ഗം നേടാമെന്നും മോഹിക്കുന്നത് ഏറെ വേദനിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. ഒരിക്കല്‍ ചിന്തകള്‍ മാറി വരുന്ന സുബഹാനി ഹാജ, അവരുടെ സങ്കല്‍പ്പത്തിലുള്ളതല്ല, ഇന്ത്യന്‍ ഭരണഘടന അടിസ്ഥാനമായ നിയമം നിലനില്‍ക്കുന്നതാണ് യഥാര്‍ഥ സ്വര്‍ഗമെന്ന് അവരോട് പറയുമെന്ന് നമുക്ക് വിശ്വസിക്കാം.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: