രാജ്യമെമ്പാടും കര്‍ഷക ആത്മഹത്യ ഒരു നിത്യ സംഭവമായി മാറിയപ്പോഴാണ് 2004 ല്‍ ഡോ.എം.എസ്. സ്വാമിനാഥന്റെ അധ്യക്ഷതയില്‍ ദേശീയ കര്‍ഷക കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്റെ പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു രാജ്യത്തിന് ഒറ്റ കാര്‍ഷിക കമ്പോളം എന്നത്. 2020 ജൂണ്‍ അഞ്ചിന് ഇറക്കിയ ഓര്‍ഡിനന്‍സ് മൂന്ന് സുപ്രധാന കാര്‍ഷിക പരിഷ്‌കരണ നിയമങ്ങളായി പാര്‍ലമെന്റ് പാസാക്കി.
കര്‍ഷകനെന്ത് ഗുണം?
മൂന്നില്‍ ഏറ്റവും പ്രധാനം കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍ (ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് -പ്രൊമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍- ബില്‍) ആണ്. വാണിജ്യവും വിപണനവും മൗലികാവകാശമാണെന്ന് ഭരണഘടന പറയുന്നുണ്ടെങ്കിലും നാട്ടിലെ ചെറുകിട ഇടത്തരം കര്‍ഷകന് ഈ അവകാശങ്ങള്‍ ഏറെക്കുറെ നിഷേധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഉല്പാദിപ്പിക്കുന്ന കാര്‍ഷികവിഭവങ്ങള്‍ ഇഷ്ടാനുസരണം വ്യാപാരികള്‍ക്ക് കൈമാറി മെച്ചപ്പെട്ട വില നേടാന്‍ വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സംഭരണ നിയമങ്ങളും കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റി നിയമങ്ങളും (എപിഎംസി) തടസമായിരുന്നു. വിപണനകമ്മിറ്റികള്‍ പറയുന്ന വിലയ്‌ക്ക് ഉത്പന്നങ്ങള്‍ കൈമാറാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. എന്നാല്‍, പുതിയ കാര്‍ഷിക ഉല്‍പന്ന വിപണന നിയമം, കര്‍ഷകന് മറ്റ് സംസ്ഥാനങ്ങളിലെ വ്യാപാരിയ്‌ക്കും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നു.
ആരാണ് വ്യാപാരി?
വ്യാപാരി എന്നാല്‍ വ്യക്തികളും, കമ്പനികളും, സഹകരണ സംഘങ്ങളും, സ്വയം സഹായ ഗ്രൂപ്പുകളും, പങ്കാളിത്ത സ്ഥാപനങ്ങളും പെടുന്നു. അരി, ഗോതമ്പ്, പയര്‍ വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, പച്ചക്കറി, പഴങ്ങള്‍ , കടലകള്‍, സുഗന്ധദ്രവ്യങ്ങള്‍ , കരിമ്പ് എന്നീ കൃഷികളും ഇറച്ചിക്കോഴി, പന്നി-ആട്, മത്സ്യം വളര്‍ത്തല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയാണ് മുഖ്യമായും കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്ന പേരില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്നത്. അസംസ്‌കൃത പരുത്തി, പരുത്തിക്കുരു, ചണം തുടങ്ങിയ ഉല്‍പന്നങ്ങളും കര്‍ഷകന്റെ സ്വാതന്ത്ര വ്യാപാര പട്ടികയില്‍ ഉള്‍പ്പെടുന്നു. കമ്പോള വില നിലവാര രഹസ്യാന്വേഷണ വിഭാഗത്തെ നിയമിച്ച് അതത് സമയങ്ങളിലെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഉള്ള വിലനിലവാരം കര്‍ഷകനെ അറിയിക്കുന്നതിനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് നിയമത്തിലുണ്ട്. (വകുപ്പ് 7). ഇത് വിലപേശലിന് കര്‍ഷകന് കരുത്തു നല്‍കും. ചുരുക്കിപ്പറഞ്ഞാല്‍ കോടാനുകോടി കര്‍ഷകര്‍ക്ക് ഉല്‍പ്പന്നങ്ങളുടെ വ്യാപാരത്തിനും വിപണനത്തിനും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതാണ് നിയമം.
എതിര്‍പ്പെന്തിന്?
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെഎതിര്‍പ്പിന് കാരണം അവിടങ്ങളില്‍ നിലനിന്നിരുന്ന വ്യാപാര ച്ചന്തകളുടെയും (മണ്ടികള്‍), ഇടനില കമ്മീഷന്‍ ഏജന്റുമാരുടെയും കാര്‍ഷിക ഉല്‍പന്ന വ്യാപാരത്തിലുള്ള കുത്തകയും ചൂഷണ സ്വാതന്ത്ര്യവും നഷ്ട്ടപ്പെടുന്നതിനാലാണ്. ഗോതമ്പ്, അരി ഇവയുടെ സംഭരണക്കുത്തകയിലൂടെ സര്‍ക്കാരിന് നഷ്ടമാകുന്ന ഭീമമായ കമ്മീഷന്‍ തുകയാണ് പഞ്ചാബിലെ ഭരണകക്ഷിയുടെ എതിര്‍പ്പിന് കാരണം.
– ഒരു തരത്തിലുള്ള ഫീസോ, നികുതികളോ കര്‍ഷകരില്‍നിന്നും, വ്യാപാരികളില്‍നിന്നും ഒരു സംസ്ഥാനവും ഈടാക്കരുതെന്നുള്ള വകുപ്പ് നിയമത്തിലുണ്ട്. (വകുപ്പ്6) ഇത് കര്‍ഷകന് അനുകൂലമാണ്. ഇത് വന്‍കിട ഗ്രാമച്ചന്തകള്‍ നിയന്ത്രിക്ക് കര്‍കരുടെ വിപണന വിഹിതം പറ്റുന്ന വന്‍-ചെറു ഇടനിലക്കാരെയും തല്‍പ്പരകക്ഷികളെയും ചൊടിപ്പിച്ചിട്ടുണ്ട്.
– ഉല്‍പ്പന്ന വില അന്നേ ദിവസം തന്നെയോ പരമാവധി മൂന്നുദിവസത്തിനുള്ളിലോ കര്‍ഷകന് ലഭ്യമാക്കി രസീത് രേഖയാക്കണമെന്ന നിയമത്തിലെ വ്യവസ്ഥ, കര്‍ഷക ചൂഷണങ്ങളുടെ അന്ത്യം കുറിക്കലാണ്.
– ഇലക്ട്രോണിക് വ്യാപാര സംവിധാനത്തിലൂടെ സഹകരണ സംഘങ്ങള്‍ക്കും സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും അന്തര്‍സംസ്ഥാന വ്യാപാരങ്ങളില്‍ ഏര്‍പ്പെടാമെന്ന വ്യവസ്ഥ സഹകരണ സംഘങ്ങളെ ശാക്തീകരിക്കും. ഈ വ്യവസ്ഥ കേരളത്തിന് പരമാവധി നേട്ടമുണ്ടാക്കാന്‍ അവസരമാകും.
ഇനി പലിശക്കാരെ പേടിക്കേണ്ട
കൃഷിയിറക്കാന്‍ ബ്ലേഡ് കമ്പനികളെയും വട്ടിപ്പലിശക്കാരെയും ആശ്രയിക്കാതെ കര്‍ഷകര്‍ക്ക് ആശ്വസിക്കാവുന്നതാണ് ഉല്‍പന്നവില ഉറപ്പുവരുത്തുന്ന ഈ കര്‍ഷക ശാക്തീകരണ-സംരക്ഷണ- വിലയുറപ്പ് കാര്‍ഷിക സേവന കരാര്‍ നിയമം (ഫാര്‍മേഴ്സ് എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍ എഗ്രിമെന്റ് ഓണ്‍ പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസ് ബില്‍ 2020). കര്‍ഷകര്‍ക്ക്, പ്രായോജകരുമായി (സ്പോണ്‍സര്‍മാര്‍) നേരിട്ട് കരാറിലേര്‍പ്പെട്ടു വിള ഇറക്കുംമുമ്പ് ഉത്പന്ന വില നിശ്ചയിച് ഉറപ്പ് വരുത്താന്‍ നിയമം അനുവദിക്കുന്നു.
– കൃഷി വിളയിക്കാനും, വിത്ത്, കാലിത്തീറ്റ, വളം, യന്ത്രസാമഗ്രികള്‍, സാങ്കേതിക വിദ്യ എന്നിവ പ്രായോജകര്‍ ലഭ്യമാക്കണമെന്നുള്ള നിബന്ധനകളുള്ള കരാര്‍ വേണമെന്നാണ് നിയമം. കര്‍ഷകന്‍ ഏര്‍പ്പെടുന്ന കരാര്‍, ഒരിക്കലും കുടിയാന്റെ അവകാശം ഹനിച്ചാകരുതെന്നും നിയമം പറയുന്നു.
– കര്‍ഷകരുടെ അജ്ഞത പ്രായോജകര്‍ ചൂഷണം ചെയ്യാതിരിക്കാന്‍ അതത് കാലം കേന്ദ്ര സര്‍ക്കാര്‍ കരാര്‍ പരിഷ്‌കരിക്കും. കരാറുകള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന രജിസ്റ്ററിങ് അതോറിട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന വ്യവസ്ഥ സുതാര്യതയും സര്‍ക്കാര്‍ മേല്‍നോട്ടവും തന്മൂലം കര്‍ഷക അവകാശ സംരക്ഷണവും ഉറപ്പാക്കുന്നു.
നുണയോ സത്യമോ?
നുണകളാണ് എതിര്‍ക്കുന്നവര്‍ പ്രചരിപ്പിക്കുന്നത്. കാര്‍ഷിക രംഗം കുത്തകകള്‍ക്കും കോര്‍പറേറ്റകള്‍ക്കും തീറെഴുതുമെന്ന ആക്ഷേപത്തിന് അടിത്തറയില്ല. കമ്പനികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും, പാര്‍ട്ടണര്‍ ഷിപ്കള്‍ക്കും, സ്വയം സഹായ ഗ്രൂപ്പുകള്‍ക്കും കര്‍ഷകരുമായി ഉല്‍പന്ന കച്ചവടത്തിനും കാര്‍ഷിക സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കരാറിലേര്‍ പ്പെടുന്നതിനുള്ള സാഹചര്യമാണ് നിയമം ഒരുക്കുന്നത്.
– പ്രായോജകര്‍ തമ്മിലുണ്ടാകാവുന്ന മത്സരം കര്‍ഷക ഉല്‍പ്പന്നങ്ങള്‍ക്ക് വിലമെച്ചപ്പെടുത്താന്‍ നിയമം സഹായിക്കുന്നു. കുറഞ്ഞ ഗ്യാരണ്ടി വില കരാറില്‍ ഉള്‍പ്പെടുത്തണമെന്ന വകുപ്പ്, താങ്ങുവില നിയമത്തിലില്ല എന്ന ആക്ഷേപത്തിനുള്ള മറുപടിയാണ്.
– കൂടാതെ ബോണസും , പ്രീമിയവും എപിഎംസിയുടെ വില സൂചിക അനുസരിച്ച് കര്‍ഷകന് ലഭ്യമാക്കണമെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു.
– കര്‍ഷകന്റെ ഭൂമി കുത്തകകള്‍ക്ക് തട്ടിയെടുക്കാനവസരമൊരുക്കുന്നുഎന്നതും നുണതന്നെ. കര്‍ഷകനും സ്പോണ്‍സറും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിന് അധികാരം സബ് മജിസ്ട്രേറ്റിനാണ്. ഇത് സര്‍ക്കാരിന്റെ സക്രിയ ഇടപെടല്‍ സാദ്ധ്യമാക്കുന്നു.
– പ്രകൃതിക്ഷോഭങ്ങളാലോ മറ്റോ വിള നഷ്ടപ്പെട്ടാല്‍ പ്രായോജകന് ഒരു രൂപപോലും കര്‍ഷകന്‍ നല്‍കേണ്ടതില്ല എന്നാണ് വ്യവസ്ഥ. (വകുപ്പ് 14/2/ബി/3).
കര്‍ഷകനെതിരെ ഉണ്ടാകുന്ന ഒരു വിധിയും അവന്റെ കൃഷി ഭൂമിക്കെതിരെ നടപ്പാക്കുന്നത് വകുപ്പ് അനുവദിക്കുന്നില്ല. അങ്ങനെ, പ്രായോജകരുടെ സാമ്പത്തിക സേവന സഹായത്തോടെ ഉത്ക്കണ്ഠകളില്ലാതെ സ്വതന്ത്രമായി കൃഷി നടത്തുന്നതിനുള്ള വ്യവസ്ഥകളാണ് നിയമത്തിലുടനീളം.
അവശ്യ വസ്തുവല്ലാതായോ?
ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, ഉള്ളി, ഭക്ഷ്യ എണ്ണ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളുടെ വിതരണത്തിനുള്ള നിയന്ത്രണങ്ങള്‍ അവശ്യസാധന നിയമത്തിന്റെ ഭേദഗതിയിലൂടെ പരിഷ്‌കരിച്ചു.
– പക്ഷേ, യുദ്ധം, ക്ഷാമം, പ്രകൃതിക്ഷോഭം, അനിയന്ത്രിത വിലക്കയറ്റം തുടങ്ങിയ അവസരങ്ങളില്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിനെ ഭേദഗതി നിയമം അധികാരപ്പെടുത്തുന്നുണ്ട്.
– കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ ലക്ഷ്യം കാണാന്‍ സംഭരണ നിയന്ത്രണങ്ങളിലും ഇളവ് വരുത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ ഭേദഗതികളുടെ അടിസ്ഥാനം. ഭക്ഷ്യ വസ്തുക്കളില്‍ 50 % വിലക്കയറ്റവും പച്ചക്കറികളില്‍ 100 % വിലക്കയറ്റവും ഉണ്ടാകുന്ന അവസരങ്ങളില്‍ സംഭരണ നിയന്ത്രണം വീണ്ടും ഏര്‍പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാര മുണ്ടായിരിക്കുമെന്നുള്ള നിയമഭേദഗതി പൂഴ്‌ത്തി വെയ്‌പ്പ് എന്ന ആശങ്ക ഇല്ലാതാക്കും.’
ഫെഡറലിസത്തിന് എതിരോ?
ഭരണഘടനയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വിഷയങ്ങളാണ് കൃഷിയും അതിനെ സംബന്ധിച്ച വിദ്യാഭ്യാസവും (സ്റ്റേറ്റ് ലിസ്റ്റ് എന്‍ട്രി 14). എന്നാല്‍ അന്തര്‍ സംസ്ഥാന വ്യാപാര വിപണനം കേന്ദ്ര വിഷയം (യൂണിയന്‍ ലിസ്റ്റ് 42) ആയതിനാലും ഇപ്പോഴത്തെ കര്‍ഷക നിയമങ്ങളുടെ കാതലായ വിഷയങ്ങളില്‍ ഒന്ന് അന്തര്‍സംസ്ഥാന വ്യാപാരവുംകൂടി ആയതിനാലും പൂര്‍ണമായും ഭരണഘടന അനുസൃതമാണ് ഈ നിയമങ്ങള്‍. ഭക്ഷ്യ വസ്തുക്കളുടെ വിപണനവും വ്യാപാരവും (എന്‍ട്രി 33) വില നിയന്ത്രണവും (എന്‍ട്രി 34) പൊതുലിസ്റ്റില്‍ (കണ്‍കറന്റ്) ഉള്‍പ്പെടുന്നതിനാലും ഈ നിയമങ്ങള്‍ക്ക്ഭരണഘടനാ പിന്‍ബലവും ഉണ്ട്.
1965ല്‍ ദല്‍ഹിയിലെ രാംലീല മൈതാനത്തുവെച്ച് ‘ജയ് ജവാന്‍ ജയ് കിസാന്‍’ മുദ്രവാക്യം പ്രധാനമന്ത്രി ലാല്‍ബഹാദൂര്‍ ശാസ്ത്രി ഉയര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു യുദ്ധത്തിലേക്ക് നീങ്ങുകയായിരുന്നു; പാക്കിസ്ഥാനുമായി. ഇന്ന് ‘ആത്മനിര്‍ഭര്‍ ഭാരത്’ മന്ത്രം മറ്റൊരു യുദ്ധ സമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ഉയര്‍ത്തുന്നു. അതിന്റെ സാക്ഷാല്‍ക്കരണത്തിന് അടിസ്ഥാനശിലയായിമാറും കര്‍ഷകരെ സ്വതന്ത്രരാക്കുന്ന ഈ വിപ്ലവകരമായ ബില്ലുകള്‍.
അഡ്വ. എ. സനല്‍കുമാര്‍
(ഹൈക്കോടതി അഭിഭാഷകന്‍,
9061111190)
പ്രതികരിക്കാൻ ഇവിടെ എഴുതുക: