മക്കളേ,
ലോകചരിത്രത്തില്‍ മതത്തിന്റെയും ദൈവത്തിന്റെയും പേരിലാണ് മനുഷ്യര്‍ ഏറ്റവുമധികം കലഹിക്കുകയും ചോരപ്പുഴ ഒഴുക്കുകയും ചെയ്തിട്ടുള്ളത്. ആ സ്ഥിതിയ്ക്ക് ദൈവവിശ്വാസം മനുഷ്യന് ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യുന്നത് എന്ന് പലരും സംശയിക്കാറുണ്ട്. പ്രത്യക്ഷത്തില്‍ അങ്ങനെ തോന്നാമെങ്കിലും അതു ശരിയല്ല. മനുഷ്യമനസ്സിന് രണ്ടു വശങ്ങളുണ്ട്. ഒന്നു സ്നേഹം, മറ്റേത് വിദ്വേഷം. അവയില്‍ ഏതിനെയാണ് നമ്മള് ഉള്ളിലുണര്ത്തുന്നതെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. ഈശ്വരനിലുള്ള ഭക്തിയിലൂടെ തങ്ങളുടെയുള്ളില്‍ വിശ്വസ്നേഹം ഉണര്‍ത്തിയ നിരവധി മഹാന്മാരെക്കുറിച്ച് നമ്മള് കേട്ടിട്ടുണ്ട്. അതുപോലെതന്നെ സങ്കുചിതമായ ഈശ്വരസങ്കല്പങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് തങ്ങളുടെയുള്ളില്‍ അന്യരോടുള്ള വെറുപ്പും വിദ്വേഷവും ഊട്ടിയുറപ്പിച്ചിട്ടുള്ളവരും ഒട്ടനവധിയുണ്ട്.
സമൂഹത്തില്‍ നമ്മള് കാണുന്ന സംഘര്‍ഷങ്ങള്‍ക്ക് ഈശ്വരനെ പഴിക്കാനാവില്ല. അതിനുത്തരവാദി മനുഷ്യന്റെ അഹങ്കാരവും ഭേദബുദ്ധിയുമാണ്. എന്റെ മതവും ദൈവവും ഏറ്റവും ശ്രേഷ്ഠമാണ് എന്നും മറ്റുള്ളവരും ഇതേ മതം സ്വീകരിച്ചേ മതിയാകൂ എന്നുമുള്ള മനോഭാവമാണ് സംഘര്‍ഷത്തിനു കാരണമാകുന്നത്. വാസ്തവത്തില്‍ ഈശ്വരന് പരിമിതികളില്ല, ഇഷ്ടാനിഷ്ടങ്ങളില്ല. ഈശ്വരന് ആകാശത്തെപ്പോലെയാണ്. നല്ലതും ചീത്തയും, സുന്ദരവും വിരൂപവും, വലുതും ചെറുതുമായ സകലതും സ്ഥിതിചെയ്യുന്നത് ആകാശത്തിലാണ്. അതുപോലെ ഈശ്വരന് സകലതിനെയും ഉള്‍ക്കൊള്ളുന്നു, എല്ലാറ്റിനെയും ഒരുപോലെ സ്വീകരിക്കുന്നു. സംഘര്‍ഷത്തിലേയ്ക്കു മനുഷ്യനെ നയിക്കുന്ന എല്ലാ ഭേദഭാവനകളും മനുഷ്യമനസ്സിന്റെ സൃഷ്ടിയാണ്. ഈശ്വരന് അവയ്ക്കെല്ലാം അപ്പുറമാണ്. ആ സ്ഥിതിയ്ക്ക് ഈശ്വരവിശ്വാസം മനുഷ്യനെ തെറ്റിലേയ്ക്കു നയിക്കുന്നു എന്നെങ്ങനെ പറയാനാകും?
ഈശ്വരനെ ശരിയായി ഉള്‍ക്കൊണ്ടാല്‍ ജാതിമതദേശങ്ങള്‍ക്കതീതമായി സകല ജീവജാലങ്ങളെയും ഒരുപോലെ സ്വീകരിക്കാനും സ്നേഹിക്കാനും സേവിക്കാനും നമുക്കു സാധിക്കും.
എന്നാല്‍, അറിവില്ലായ്മയും അഹങ്കാരവും അധികാരമോഹവും മൂലം ചിലര്‍ ഈശ്വരനെയും മതത്തെയും സംഘര്‍ഷത്തിനുള്ള ഉപാധിയാക്കി മാറ്റുന്നു. ഇത്തരക്കാര്‍ക്ക് മറ്റുള്ളവരെ കീഴടക്കാനും സ്വന്തം മേല്‍ക്കോയ്മ സ്ഥാപിക്കാനും ഈശ്വരന് ഒരു നിമിത്തം മാത്രമാണ്. ഈശ്വരനെ അതിന് ഉപാധിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ മറ്റെന്തെങ്കിലും വഴി കണ്ടെത്തും. മറ്റൊരു കാരണവും കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍ അവര്‍ ഒരു പക്ഷെ, ചന്ദ്രനും ചൊവ്വയും ആരുടേതാണ് എന്നതിനെച്ചൊല്ലിയായിരിക്കും യുദ്ധം ചെയ്യുന്നത്. ഇന്നു മനുഷ്യന്റെ അഹങ്കാരം കടിഞ്ഞാണില്ലാത്ത കുതിരപോലെയായിരിക്കുകയാണ്. മനുഷ്യമനസ്സിനു പക്വത കൈവരാത്തിടത്തോളം കാലം ഈ സംഘര്‍ഷങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. എന്നാല്‍, എത്രയോ വ്യക്തികളിലും കുടുംബങ്ങളിലും നിസ്വാര്‍ത്ഥതയും ധാര്‍മ്മികമൂല്യങ്ങളും വളര്‍ത്താന്‍ ഈശ്വരവിശ്വാസവും മതവും ഉപകരിച്ചിട്ടുണ്ട്. സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തുന്നതില്‍ ഈശ്വരഭക്തിയും വിശ്വാസവും വഹിക്കുന്ന പങ്ക് ചെറുതല്ല. എന്നാല്‍ സങ്കുചിതമായ മതചിന്ത കൊണ്ടുള്ള ദോഷവും തീര്‍ച്ചയായും വളരെ വലുതാണ്. മതത്തെക്കുറിച്ചും ഈശ്വരനെക്കുറിച്ചുമുള്ള മനുഷ്യന്റെ കാഴ്ചപ്പാട് കുറെക്കൂടി വിശാലവും യുക്തിപൂര്‍ണ്ണവും ആവുകയാണ് അതിനുള്ള പ്രതിവിധി. വ്യക്തിയില്‍നിന്നാണു സമൂഹം ഉണ്ടാകുന്നത്. വ്യക്തിമനസ്സിലെ സംഘര്‍ഷമാണു യുദ്ധമായി പുറത്തുവരുന്നത്. വ്യക്തിയില്‍ മാറ്റം സംഭവിക്കുമ്പോള്‍ സമൂഹം തനിയെ മാറും. പ്രതികാരവും വിദ്വേഷവും മനസ്സില്‍ വളര്‍ത്താന്‍ കഴിയുന്നതുപോലെതന്നെ സ്നേഹവും കാരുണ്യവും വളര്‍ത്താനും നമുക്കു സാധിക്കും. അതിനുള്ള പരിശ്രമം ഉണ്ടായാല്‍ മാത്രം മതി.
കഴിഞ്ഞകാലങ്ങളിലെ വേദനാജനകമായ ഓര്‍മ്മകളില്‍ നാം കുടുങ്ങിക്കിടക്കരുത്. വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും ഇരുണ്ട കാലങ്ങള്‍ മറന്ന്, വിശ്വാസത്തിന്റെയും, സ്നേഹത്തിന്റെയും ഐക്യത്തിന്റെയും പുതിയ ഒരു കാലഘട്ടത്തിന്റെ പിറവിയ്ക്കുവേണ്ടി നമുക്കു ശ്രമിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: