ഹരിവംശ് നാരായണ്‍ സിങ് കേരളത്തിലെ സഖാക്കളെ കണ്ടിട്ടില്ല. കൊടുത്ത ചായയും പരിപ്പുവടയും വാങ്ങി അടിച്ചിട്ട് മാറിനിന്ന് ഉളുപ്പില്ലാത്തെ കുറ്റം പറയാന്‍ മടി കാണിക്കാത്ത ഇനമാണ്.
പിന്നെ നല്ല സമരിയാക്കാരന്റെ ഭാവത്തിലാണ് രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്മാന് സമരമിരിക്കുന്ന എംപിമാര്‍ക്ക് ചായയൊഴിച്ചുകൊടുത്തതെങ്കില്‍ ഒന്നും പറയാനില്ല. തന്നെ തല്ലിയവരെയും മിത്രത്തെ പോലെ സ്നേഹിക്കുവാനുള്ള ഹരിവംശിന്റെ മനസ്സിനെ ഉദാത്തമെന്നും ഉന്നതമെന്നുമൊക്കെ പ്രധാനമന്ത്രി അടക്കമുള്ളവര്‍ വാഴ്ത്തിയിട്ടുമുണ്ട്. പക്ഷേ ഹരിവംശിന്റെ ദയാവായ്പിനെ ഷോ ആയി കാണാനാണ് ‘ഘോരവിപ്ലവകാരി’കളായ രാഗേഷിനും ഇളമരത്തിനുമൊക്കെ തോന്നിയത്. വരാന്‍ പോകുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെ തോല്പിക്കാനുള്ള അടവുനയമാണ് പോലും ഈ ചായ് പേ ദോസ്തി. മാത്രമല്ല സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന് വല്ലാണ്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. രാജ്യസഭയ്ക്കുള്ളില്‍ വിപ്ലവം നടത്താനിറങ്ങിയ ധീരസഖാക്കളെ പുറത്താക്കിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ സിപിഎമ്മിന്റെ അതിശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ആ ഭീഷണിയില്‍ ഭയന്നാണ് ഹരിവംശ് സമരക്കാര്‍ക്ക് ചായ കൊടുക്കാനെത്തിയതെന്ന് പറയാതിരുന്നത് ഭാഗ്യം. ഇപ്പോഴത്തെ കണക്കിന് എന്തും പറഞ്ഞുകളയുന്ന പരുവത്തിലാണ് പാര്‍ട്ടി മൊത്തത്തില്‍.
ഇതിനേക്കാള്‍ വലിയ തല്ലുകൊള്ളിത്തരം കേരളാനിയമസഭയില് കാണിച്ച വേന്ദ്രന്മാരാണ് കേരളത്തിലെ മുന്തിയ സഖാക്കള്‍. സ്പീക്കറുടെ കസേര വലിച്ചെറിയല്‍ തൊട്ട് ബോധം കെടലും കടിച്ചുപറിക്കലും വരെ എല്ലാ തറവേലയും കാണിച്ചിട്ടാണ് കൂട്ടത്തില്‍ രണ്ട് മുതലിനെ രാജ്യസഭയിലേക്ക് ഇറക്കിയത്. പഠിച്ചതേ പാടൂ എന്നാണല്ലോ. എംപിയും എംഎല്‍എയുമൊക്കെ ആകുന്നത് തട്ടിക്കയറാനും തെറിവിളിക്കാനുമാണെന്ന് കരുതിപ്പോയാല്‍ പിന്നെ എന്ത് ചെയ്യാനാണ്. സഹതാപം തോന്നുകയേ നിര്‍വാഹമുള്ളൂ. അത് ഹരിവംശിന് തോന്നി. തന്നെ ആക്രമിക്കുകയും പേപ്പറുകള്‍ വലിച്ചുകീറിയെറിയുകയും മൈക്ക് തട്ടിയിടുകയും ചെയ്ത അക്രമിക്കൂട്ടത്തെ നോക്കി ഹരിവംശ് താടിക്ക് കൈയുംകൊടുത്ത് ഹരിവംശ് ചിരിച്ച ചിരിയില്‍ അതുണ്ട്.
ബംഗാളിലെ കമ്മിക്കൂട്ടത്തെ പച്ചയ്ക്ക് ഇല്ലാതാക്കിയ മമത ബാനര്‍ജിയുടെ ‘മിസ്റ്റര്‍ തൃണമൂല്‍’ ഡെറിക് ഒബ്രിയന്റെ ഓരം പറ്റിയാണ് കേരളാകമ്മികളുടെ പൊറാട്ടുനാടകം. എന്നിട്ടെന്ത് കിട്ടി? തള്ളിമറിക്കുന്നതിന് കുഴപ്പമൊന്നുമില്ലാത്തതുകൊണ്ട് പ്രക്ഷോഭം നടത്തും, അട്ടിമറിക്കുമെന്നൊക്കെ തിരുവനന്തപുരത്തിരുന്ന് ഗര്‍ജിക്കാം. അത് കേരളത്തിലെ മാധ്യമങ്ങളില്‍ വരും. മറ്റുള്ളിടത്ത് വന്നിട്ടും വലിയ കാര്യമില്ല. പാര്‍ട്ടിയെ പേടിച്ചാണ് ആമസോണിലെ കാട്ടുതീ കെട്ടതെന്ന് തള്ളാനും മടിക്കാത്തവര്‍ക്ക് എന്തും പറയാം. പിന്നെ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ കത്തും, കത്തിക്കും എന്നൊക്കെ കോടിയേരി പറയുന്നത് ബന്ധുബലം കണ്ടാണോ എന്ന ആക്ഷേപവും ട്രോളന്മാര് ഉയര്‍ത്തുന്നുണ്ട്.
ഹരിവംശ് പക്ഷേ ഉയര്‍ത്തുന്നത് സമവായത്തിന്റെ രാഷ്ട്രീയമാണ്. മൂന്നും നാലും ഏഴാളേ കൂവിയാര്‍ത്ത് അലമ്പാക്കാനുള്ളൂ എങ്കിലും അവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകണമെന്ന ജനാധിപത്യമര്യാദയുടെ ഉന്നതമായ തലമാണ് അത്. വിവരക്കേടാണ് സമരക്കാരുടെ കൈമുതലെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നതും ജനാധിപത്യത്തെയാണല്ലോ എന്ന ചിന്തയാണ് ആ രാഷ്ട്രീയം. അത് സഖാക്കന്മാര്‍ക്കോ ഡെറിക്കിനെ പോലുള്ള തൃണമൂലുകള്‍ക്കോ മനസ്സിലാകാത്തതിന് അവരെ തെറ്റുപറയാന്‍ പറ്റില്ല.
ഹംരിവംശിന് ഈ രാഷ്ട്രീയം സാക്ഷാല്‍ ജയപ്രകാശ് നാരായണനില്‍ നിന്ന് കിട്ടിയതാണ്. ജോര്‍ജ് ഫെര്‍ണാണ്ടസിനൊപ്പമാണ് ഹരിവംശ് ഏറെക്കാലം നടന്നത്. ഉത്തര്‍പ്രദേശിലെ ബലിയയില്‍ നിന്നുള്ള ഈ അറുപത്തിനാലുകാരന് സഖാക്കള്‍ കരുതുംപോലെ ഒരു സാധാരണ രാഷ്ട്രീയക്കാരനല്ല.
ജനാധിപത്യത്തിന്റെ മറ പറ്റി ജനദ്രോഹം ശീലമാക്കി രാഷ്ട്രീയക്കാരന്റെ കുംഭകോണങ്ങളെപ്പറ്റി അന്വേഷിച്ച് കണ്ടെത്തി ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകന്റെ കുപ്പായമുണ്ട് ഹരിവംശിന് അകത്തും പുറത്തും. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ പിജി എടുത്തതിന് ശേഷം ഹരിവംശ് തിരിഞ്ഞത് ജേര്‍ണലിസത്തേക്കായിരുന്നു. കാലിത്തീറ്റ കുംഭകോണത്തിന്റെ ആഴം തെരഞ്ഞെടുത്ത പ്രഭാത് കബര്‍ എന്ന ഹിന്ദിപത്രത്തിലൂടെയാണ് ഹരിവംശ് നാരായണ്‍സിങ് ശ്രദ്ധേയനാകുന്നത്. പിന്നെ ടൈംസ് ഓഫ് ഇന്ത്യയിലേക്ക്. അവിടെ നിന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തിരക്കിലേക്ക് കടക്കുമ്പോള്‍ ഹരിവംശിന് മൂലധനമായുണ്ടായിരുന്നത് രാഷ്ട്രീയത്തിന്റെ ഇടനാഴികളെക്കുറിച്ചുള്ള കൃത്യമായ തിരിച്ചറിവായിരുന്നു.
മുന്നണികളും കുതികാല്‍വെട്ടും വെട്ടിനിരത്തലും തകൃതിയ നടന്ന കാലത്ത് പ്രധാനമന്ത്രിയായിരുന്ന ചന്ദ്രശേഖറിന്റെ അഡീഷണല്‍ മാധ്യമോപദേഷ്ടാവായും അദ്ദേഹം മാറി.
പറഞ്ഞുവന്നത് സമരക്കാര്‍ക്ക് രാവിലെ ചായ നീട്ടിയത് ഷോ കാണിക്കല്‍ തീരെ ആവശ്യമില്ലാത്ത ഒരാളെന്നാണ്. ആ വഴിക്കൊക്കെ ഒന്ന് ചിന്തിക്കണമെങ്കില്‍ കോടിയേരിയും പാര്‍ട്ടിക്കാരും ഇപ്പോഴത്തെ കണ്ണട മാറ്റണം. പിന്നെ സ്വയം കണ്ണാടി നോക്കണം. തിരിച്ചറിവ് അത്ര മോശം അറിവല്ലെന്ന തിരിച്ചറിവുണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: