കണ്ണൂര്‍: എ.പി. അബ്ദുളളക്കുട്ടിയുടെ ബിജെപി ദേശീയ ഉപാധ്യക്ഷ സ്ഥാന ലബ്ധി അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവിനുളള അംഗീകാരം. ഒപ്പം കേരളത്തിനും കണ്ണൂരിനുമുള്ള പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ പരിഗണനയും. നിലവില്‍ എംഎല്‍എയായ ബിജെപി നേതാവ് ഒ. രാജഗോപാല്‍ ദേശീയ ഉപാധ്യക്ഷനായ ശേഷം ആദ്യമായാണ് മറ്റൊരാള്‍ കേരളത്തില്‍ നിന്നും ഉപാധ്യക്ഷ സ്ഥാനത്തെത്തുന്നത്. കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന പി.കെ. കൃഷ്ണദാസ് നേരത്തെ ദേശീയ സെക്രട്ടറിയുടെ ചുമതല വഹിക്കുകയുണ്ടായി.
നരേന്ദ്രമോദിയയുടെ വികസന നിലപാടുകളും രാഷ്ട്രത്തിന്റെ ദേശീയതയിലൂന്നിയ ബിജെപിയുടെ പ്രവര്‍ത്തന പദ്ധതികളുമാണ് രാഷ്ട്രസേവനത്തിന്റെ ശരിയായപാതയെന്ന് തിരിച്ചറിഞ്ഞ് 2019 ജൂണ്‍ 26നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് അബ്ദുളളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. പി.എസ്. ശ്രീധരന്‍പിളള പ്രസിഡണ്ടായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തെ സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കുകയുണ്ടായി. തുടര്‍ന്ന് ബിജെപി സംസ്ഥാന ഘടകത്തില്‍ നടന്ന പുനഃസംഘടനയില്‍ വീണ്ടും സംസ്ഥാന വൈസ്പ്രസിഡണ്ടായി അബ്ദുളളക്കുട്ടി തെരഞ്ഞെടുക്കപ്പെട്ടു.
1999, 2004 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് കണ്ണൂര്‍ ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ച എ.പി. അബ്ദുള്ളക്കുട്ടിയെ നരേന്ദ്രമോദിയുടെ വികസന നയത്തെ പ്രകീര്‍ത്തിച്ചതിന്റെ പേരില്‍ 2009 ജനുവരി 17-ന് സിപിഎമ്മില്‍ നിന്ന് ഒരു വര്‍ഷത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് പുറത്താക്കുകയുമായിരുന്നു. വികസനകാര്യത്തില്‍ രാഷ്ട്രീയത്തിനതീതമായ നിലപാട് പാര്‍ട്ടികള്‍ സ്വീകരിക്കണമെന്നും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്തിലെ തുടര്‍ച്ചയായ വിജയം വികസനനയത്തിനുള്ള അംഗീകാരമാണെന്നും അതു് മാതൃകയാക്കണമെന്നുമുളള നിലപാടില്‍ ഉറച്ചു നിന്ന അബ്ദുളളക്കുട്ടി കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോഴും തന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയില്ല.
രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ കണ്ണൂര്‍ അസംബ്ലി മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ അബ്ദുളളക്കുട്ടി തുടര്‍ന്നും മോദിയുടെ വികസന നയത്തോടുളള തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയും ഇതുസംബന്ധിച്ച് പരസ്യമായി അഭിപ്രായ പ്രകടനം നടത്തുകയും ചെയ്തു. ഒടുവില്‍ 2019ല്‍ കോണ്‍ഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയില്‍ അംഗമായി, ദേശീയ പ്രസ്ഥാനങ്ങളുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യമായി മാറുകയായിരുന്നു അദ്ദേഹം.
ചുരുങ്ങിയ കാലംകൊണ്ടുതന്നെ ബിജെപിയുടെ കേരളത്തിലെ മുന്‍നിര നേതാക്കളിലൊരാളായി മാറിയ അദ്ദേഹം ബിജെപിയും പോഷക സംഘടനകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടത്തുന്ന സമരങ്ങളില്‍ സംസ്ഥാനത്താകമാനം സഞ്ചരിച്ച് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും പ്രസംഗങ്ങളിലൂടെയും പ്രവൃത്തിയിലൂടെയും പ്രവര്‍ത്തകര്‍ക്ക് ആവേശം നല്കി വരുന്നതിനിടയിലാണ് പുതിയ സ്ഥാനലബ്ധി. മാത്രമല്ല ബിജെപി ന്യൂനപക്ഷ വിരുദ്ധ സംഘടനയാണെന്ന കേരളത്തിലെ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണങ്ങള്‍ക്കുളള മറുപടിയാണ് അബ്ദുളളക്കുട്ടിയുടെ സംസ്ഥാന ഭാരവാഹിത്വവും തുടര്‍ന്നുള്ള ദേശീയ ഭാരവാഹിത്വവും.
ബിജെപിയിലെത്തിയ അബ്ദുളളക്കുട്ടിയെ വിമര്‍ശിച്ചവര്‍ക്കുളള ശക്തമായ മറുപടി കൂടിയാണ് ബിജെപി ദേശീയ നേതൃത്വം അദ്ദേഹത്തിന് നല്‍കിയിരിക്കുന്ന പുതിയ അംഗീകാരം. എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി ഒടുവില്‍ രാഷ്ട്രമാണ് രാഷ്ട്രീയത്തോക്കാള് വലുതെന്ന് വിശ്വാസിച്ച് ജനസേവനം നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ, അഭിഭാഷകന് കൂടിയായ അബ്ദുളളക്കുട്ടിയെ തേടിയെത്തിയിരിക്കുന്നത് ഏറ്റവും വലിയ അംഗീകാരമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: