തിരുവനന്തപുരം: എന്നെ രാഷ്‌ട്രീയത്തിലേക്ക് കൊണ്ടുവന്നതും ജനസംഘവുമായി ബന്ധപ്പെടുത്തിയതും ദീനദയാല്‍ജിയായിരുന്നു. 1965ല്‍ ഞാന്‍ പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്ന കാലം. ജനസംഘത്തിന്റെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ദീനദയാല്‍ജിക്ക് പാലക്കാട് പൗരപ്രമുഖര്‍ ജനസംഘം ഓഫീസില്‍ നല്‍കിയ സ്വീകരണത്തിലാണ് ദീനദയാല്‍ജിയെ ആദ്യമായി കാണുന്നത്. അന്ന് ജനസംഘത്തിന്റെ പാലക്കാട് ജില്ലയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായ കെ. രാമന്‍പിള്ളയാണ് അഭിഭാഷകനായിരുന്ന എന്നെ ദീനദയാല്‍ജിയെ കാണാന്‍ കൂട്ടികൊണ്ടുപോയത്.
പത്രങ്ങളിലൂടെ വായിച്ചറിഞ്ഞ പല കാര്യങ്ങളിലുമുള്ള സംശയങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് ഞാന്‍ പോയത്. എന്റെ ചോദ്യങ്ങള്‍ക്ക് യുക്തിയുക്തമായ ഉത്തരങ്ങളാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന്റെ മറുപടി കേട്ട എനിക്ക് അദ്ദേഹത്തോട് വലിയ ആദരവ് തോന്നി. കോഴിക്കോട് നടക്കുന്ന ജനസംഘത്തിന്റെ ക്യാമ്പില്‍ പങ്കെടുക്കാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. നാലുദിവസത്തെ ക്യാമ്പായിരുന്നു. ഞാന്‍ ക്യാമ്പില്‍ പങ്കെടുത്തു. അന്ന് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നില്ല. ഹിന്ദിയില്‍ ഉള്ള അദ്ദേഹത്തിന്റെ പ്രഭാഷണം പി. പരമേശ്വര്‍ജിയാണ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്.
ഏകാത്മ മാനവ ദര്‍ശനത്തെക്കുറിച്ച് അന്നാണ് ഞാന്‍ കൂടുതല്‍ അറിഞ്ഞത്. മുതലാളിത്തവും കമ്യൂണിസവുമല്ലാത്ത മധ്യമ മാര്‍ഗമാണ് നമുക്ക് വേണ്ടത് എന്ന അദ്ദേഹത്തിന്റെ ആശയം എന്നെ കൂടുതല്‍ ആകൃഷ്ടനാക്കി. വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥയാണ് ജനസംഘത്തിന്റെ ആശയമെന്ന് ദീന ദയാല്‍ജിയില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചു. ചതുര്‍വിധ പുരുഷാര്‍ത്ഥത്തില്‍ അധിഷ്ടിതമായ ഭാരതീയ രീതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കി തന്നത്. അത് കൂടുതല്‍ ഹൃദ്യമായി തോന്നി.
ഗാന്ധിജിയോടുള്ള അദ്ദേഹത്തിന്റെ സമീപനം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഗാന്ധിയന്‍ മോഡല്‍ സോഷ്യലിസത്തിലേക്ക് നമ്മള്‍ മടങ്ങിപോകേണ്ടി വരുമെന്ന് അദ്ദേഹം മറുപടി നല്‍കി. അന്ന് റഷ്യന്‍ മോഡല്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആധിപത്യം നിലനില്‍ക്കുന്ന കാലമാണ്. ക്യാമ്പ് കഴിഞ്ഞ് ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. എല്ലാ കൊല്ലവും രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുമായിരുന്നു അദ്ദേഹം. 1967 ല്‍ 16-ാമത് അഖിലേന്ത്യാ സമ്മേളനം കോഴിക്കോട് വച്ചു നടത്തി. മൂന്നുദിവസത്തെ ആ സമ്മേളനം മലബാര്‍ മേഖലയില്‍ ജനസംഘത്തിന് അനുകൂലമായ വലിയ ചലനങ്ങള്‍ സൃഷടിച്ചു.
കോഴിക്കോട് സമ്മേളനത്തില്‍ വച്ചാണ് ദീനദയാല്‍ ഉപാധ്യായ ജനസംഘത്തിന്റെ അഖിലേന്ത്യാ അധ്യക്ഷനാകുന്നത്. സമ്മേളനം കഴിഞ്ഞ് പോയ ദീനദയാല്‍ജി പിന്നെ തിരികെ വന്നില്ല. 1969 ഫെബ്രുവരി 11ന് റെയില്‍ യാത്രയില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മുഗള്‍സറായ് റെയില്‍വേ യാര്‍ഡില്‍ അദ്ദേഹത്തിന്റെ ജീവനറ്റ ശരീരം കിടക്കുകയായിരുന്നു. ആ വിയോഗം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. കോട്ട മൈതാനത്ത് നടന്ന ദീനദയാല്‍ജി അനുസ്മരണ യോഗത്തില്‍ വച്ച് എന്റെ വക്കീല്‍ പണി ഞാന്‍ ഉപേക്ഷിച്ചു. ഇനി എന്റെ ജീവിതം ദീനദയാല്‍ജിയുടെ ആശയപ്രചരണത്തിനുവേണ്ടി മാറ്റിവയ്‌ക്കാന്‍ തീരുമാനിച്ചു. എന്നെ അത്രയേറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു ദീനദയാല്‍ജിയുടെത്. അങ്ങനെയാണ് ഞാന്‍ ജനസംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുന്നത്.
ഒ. രാജഗോപാല്‍ എംഎല്‍എ
പ്രതികരിക്കാൻ ഇവിടെ എഴുതുക: