ചെന്നൈ: എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ട് കേൾക്കുമ്പോൾ തന്മയത്വത്തോടെ നമുക്ക് അഭിനയിക്കാൻ കഴിയുമായിരുന്നുവെന്ന് തെന്നിന്ത്യൻ സിനിമകളിൽ നായികയായിരുന്ന ഭാഗ്യശ്രീ. ഇനിയില്ല ഇതുപോലൊരു ഗാനഗന്ധർവൻ നമ്മുടെ ജീവിതത്തിൽ എന്ന സത്യം ഉൾകൊള്ളാൻ കഴിയുന്നില്ല.
ഞാനും രമ്യാകൃഷ്ണനും ഉപനായികയും നായികയുമായി അഭിനയിച്ച “ബ്രിന്ദാവന “എന്ന തെലുങ്ക് സിനിമയിലെ “ആ റോജു നാറാണി ചിരു നവ്വ് ചൂസി അനുകുന്ന യേതോ നവ്വണി ഈ റോ ജേനാക്കു റ്റെലിസിൻഡിയ്യാ നവ്വ്നാ ഡാഗുണ്ടി ലവ്വനി ” എന്ന ഗാനം എസ്പി ബാലസുബ്രഹ്മണ്യം സാറും ജാനകി അമ്മയും ചേർന്നാണ് പാടിയത്.
രാജേന്ദ്ര പ്രസാദ് ഗാരുവും, രമ്യ അക്കയും ഞാനും തിരുപ്പതിയിലെ ഗാർഡനിൽ എസ്പി ബിയുടെ ഗാനത്തിനൊപ്പം ചടുലമായി നൃത്തം ചെയ്തത് ഇന്നലെ എന്ന പോലെ ഞാനോർക്കുന്നു. നാഗ്രയിൽ കൂടി അദ്ദേഹത്തിന്റെ പൗരുഷമാർന്ന ശബ്ദം ഒഴുകി വരുമ്പോൾ നമുക്ക് തന്മയത്വത്തോടെ അഭിനയിക്കാൻ കഴിയുമായിരുന്നു. മദിരാശിയിൽ വച്ച് അദ്ദേഹത്തെ നേരിൽ കാണുമ്പോൾ എന്റെ ആശംസകൾ അറിയിക്കാനും മടിച്ചിരുന്നില്ല. മനസ്സിന് എന്തെങ്കിലും ചെറിയ ദുഃഖങ്ങൾ അലട്ടുമ്പോൾ അദ്ദേഹത്തിന്റെ ഇളയരാജ സാറുമായി ചേർന്നുള്ള ഗാനങ്ങൾ കേട്ടാൽ പെട്ടെന്ന് തന്നെ വല്ലാത്ത ഒരു ഊർജ്ജം ലഭിക്കുമായിരുന്നു.
കോടിക്കണക്കിനു ആരാധകരുടെ കൂടെ ഞാനും അദ്ദേഹത്തിന് ആരോഗ്യം തിരിച്ചുകിട്ടാൻ പ്രാർത്ഥിച്ചിരുന്നു എങ്കിലും എല്ലാം വിഫലമായി അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. നിറകണ്ണുകളോടെ അദ്ദേഹത്തിന് യാത്രാമൊഴി ഏകുന്നു.
പന്തിരിമഞ്ചം എന്ന തെലുങ്ക് സിനിമയിൽ ഞാനായിരുന്നു നായിക. മലയാളികളുടെ പ്രിയപ്പെട്ട ഡാഡി ഗിരിജയായ ജഗപതിബാബു ഗാരു നായകനും. എസ് പി ബിയുടെ സ്വരമാധുരിയിൽ ഞങ്ങൾ നിറഞ്ഞാടിയ നിമിഷങ്ങൾ ഇപ്പോഴും കോൾമയിർ കൊള്ളിക്കുന്നു.തമിഴ്നാട് എംൽഎ ചന്ദ്രശേഖർജി നായകനും ഞാൻ നായികയുമായ ” ആളെ പാത്ത് മാലൈ മാത്ത്” എന്ന ചിത്രത്തിലെ ഗാനരംഗം ഭംഗിയാക്കാൻ കഴിഞ്ഞത് എസ് പി ബിയുടെ ശബ്ദമാധുരി ഒന്നുകൊണ്ടു മാത്രമാണ് – ഭാഗ്യശ്രീ അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: