കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുള്ള സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ പേരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ എന്‍ഐഎ. കേസിലെ പങ്കും ഇടപാടുകളെക്കുറിച്ച് അറിവുമുള്ളവരെ ഒന്നിച്ചിരുത്തി വിശദീകരണം അറിയാനാണ് ഏജന്‍സിയുടെ തുടര്‍ നടപടി.
അതിനിടെ കൂടുതല്‍ പ്രതികള്‍ വിദേശത്തുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. സര്‍്വണക്കടത്തിടപാട് നടന്ന യുഎഇയില്‍ ആറു പ്രതികളുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റ് ചെയ്ത 16 പ്രതികളുടെ റിമാന്‍ഡ് കാലം നീട്ടാനുള്ള അപേക്ഷയിലാണ് എന്‍ഐഎയുടെ പുതിയ വെളിപ്പെടുത്തല്‍. കേസില്‍ രണ്ടാം പ്രതി സ്വപ്ന സുരേഷിനെ തൃശൂര്‍ വിയ്യൂര്‍ ജയിലില്‍ നിന്നു മാറ്റണമെന്ന ആവശ്യം കോടതി അംഗീകരിച്ച്, കാക്കനാട്ടേക്ക് മാറ്റി. സ്വപ്ന ഒക്ടോബര്‍ എട്ടു വരെ കസ്റ്റഡിയില്‍ തുടരും.
പുതിയ രണ്ട് പ്രതികള്‍ ഉള്‍പ്പെടെ ആറുപേരെ കണ്ടെത്താന്‍ നടപടി ആരംഭിച്ചതായി അന്വേഷണ ഏജന്‍സി അറിയിച്ചു. മൂന്നാംപ്രതി ഫൈസല്‍ ഫരീദ്, പത്താംപ്രതി റബിന്‍സ് ഹമീദ്, സിദ്ദിഖുല്‍ അക്ബര്‍, അഹമ്മദ്കുട്ടി എന്നിവരെ കൂടാതെ രാജു എന്ന രതീഷ്, മുഹമ്മദ് സമീര്‍ എന്നിവരും കേസില്‍ പ്രതികളാണെന്നും യുഎഇയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂനോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടിയെടുത്തു. വിദേശത്തുള്ള പല ഉന്നതരെയും ചോദ്യംചെയ്യണം. പ്രതികളില്‍നിന്ന് പിടിച്ച ഡിജിറ്റല്‍ രേഖകളിലെ വിവരങ്ങള്‍ കൂടുതല്‍ പരിശോധിക്കണം. ഇതിന് സമയം വേണമെന്നും പ്രതികളുടെ റിമാന്‍ഡ് നീട്ടണമെന്നും ഏജന്‍സി ആവശ്യപ്പെട്ടത് കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: