കൊച്ചി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ന്ന് ഇന്ത്യക്കും ഇറാഖിനുമെതിരായി യുദ്ധം ചെയ്ത കേസില്‍ സുബഹാനി ഹാജാ മൊയ്തീന് എന്ന മലയാളി കുറ്റക്കാരനെന്ന് കോടതി വിധിച്ചു. പ്രത്യേക എന്‍ഐഎ കോടതി തിങ്കളാഴ്ച ശിക്ഷ വിധിക്കും. 2016 ഒക്ടോബര്‍ അഞ്ചിനാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഇയാള്‍ എന്‍ഐഎയുടെ അറസ്റ്റിലായത്.
ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം എന്‍ഐഎ ചുമത്തിയ യുഎപിഎ (രാജദ്രോഹ പ്രവര്‍ത്തനം, കുറ്റകൃത്യത്തില്‍ ഗൂഢാലോചന, ഭീകര പ്രവര്‍ത്തന സംഘത്തില്‍ അംഗത്വമെടുക്കല്‍, ഭീകര സംഘടനയ്ക്ക് സഹായം ചെയ്യല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായി 124 പേജുള്ള കോടതിവിധിയില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാരിനെതിരേ യുദ്ധം നയിക്കാന്‍ ആയുധ സംഭരണം നടത്തിയെന്ന കുറ്റത്തിന് ചുമത്തിയ ഐപിസി 122 ാം വകുപ്പ് ഈ കേസില്‍ തെളിയിക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐപിസി 120 (ബി) യുഎപിഎ വകുപ്പ് 20/38/39 എന്നിവ പ്രകാരം ശിക്ഷാര്‍ഹനാണ് സുബഹാനിയെന്നാണ് പ്രത്യേക എന്‍ഐഎ ജഡ്ജ് പി. കൃഷ്ണകുമാറിന്റെ വിധി.
ഐപിസി 125 ാം വകുപ്പ് പ്രകാരം ഒരു ഏഷ്യന്‍ രാജ്യത്തിനെതിരേ യുദ്ധം ചെയ്തുവെന്ന് തെളിഞ്ഞതായും വിധിയില്‍ എടുത്തു പറയുന്നു. ഇറാഖിലായിരിക്കെ സുബഹാനി ഐഎസിലായിരുന്നു. ഈ കാലത്ത് സ്ഫോടക വസ്തുക്കളുമായി അടുത്ത സമ്പര്‍ക്കത്തിലായിരുന്നുവെന്നും കോടതി വിധിയില്‍ പരാമര്‍ശിക്കുന്നു.
ഒരിക്കല്‍ ചേര്‍ന്നാല്‍ പിരിഞ്ഞുപോക്കില്ല: കോടതി
ഐഎസ് പോലുള്ള ഭീകര സംഘടനകളില്‍ ഒരിക്കല്‍ അംഗമായാല്‍ പിന്നെ പിരിഞ്ഞുപോക്കില്ലെന്ന് പ്രത്യേക എന്‍ഐഎ കോടതിയുടെ നിരീക്ഷണം. സുബഹാനിയെ കുറ്റക്കാരനായി കണ്ട കേസിന്റെ ഉത്തരവില്‍ ജഡ്ജ് ഇങ്ങനെ നിരീക്ഷിച്ചു. കുറ്റാരോപിതന് ഐഎസില്‍ ചേര്‍ന്നതായി തെളിഞ്ഞു. തുര്‍ക്കിയിലേക്ക് അതിര്‍ത്തി കടന്നു പോയി, അവിടെ പരിശീലനം നേടുകയായിരുന്നു. അയാള്‍ ഐഎസില്‍ ചേര്‍ന്നുവെന്നും മാതൃരാജ്യവുമായുള്ള എല്ലാ ബന്ധങ്ങളും മുറിച്ചു മാറ്റിയിരുന്നുവെന്നും സ്ഥാപിക്കാന്‍ തെളിവുകളുണ്ട്.
സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ ഭീകര സംഘടനയില്‍ ഒരിക്കല്‍ അംഗമായിക്കഴിഞ്ഞാല്‍ ഒരിക്കലും അതില്‍നിന്ന് പിരിയാനാകുന്നില്ലെന്ന് കേസ് പഠിക്കുമ്പോള്‍ വ്യക്തമാകുന്നു. ഈ കേസ് തെളിയിക്കാന്‍ ആവശ്യമായ എല്ലാ തെളിവും ഹാജരാക്കാന്‍ കഴിഞ്ഞുവെന്നും കോടതി പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: