ന്യൂദല്‍ഹി: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണം നമ്മുടെ സാംസ്കാരിക ലോകത്തിന് കനത്ത നഷ്ടമാണ്. ഇന്ത്യയിലുടനീളം പരിചിതനായിരുന്നു എസ്.പി.ബിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ ശ്രുതിമധുരമായ ശബ്ദവും സംഗീതവും പതിറ്റാണ്ടുകളോളം അനുവാചകരെ വശീകരിച്ചു. ഈ ദുഃഖവേളയില്‍ എന്റെ ചിന്തകള്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകരോടും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ വിടവാങ്ങലില്‍ നിരവധിപേരാണ് അനുശോചനമറിയിച്ചത്.
എസ്.പി. ബാലസുബ്രമണ്യത്തിന്റെ വിയോഗത്തിലൂടെ ഇന്ത്യന്‍ സംഗീത ലോകത്തിന് ശ്രുതിമധുരമായ ശബ്ദം നഷ്ടമായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. പാടും നിലാവെന്ന് ആരാധകര്‍ വിളിക്കുന്ന അദ്ദേഹത്തിന് പത്മഭൂഷണും നിരവധി ദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും രാഷ്ട്രപതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: