ബാലരാമപുരം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ലഹരിയില്‍ പുകയുന്നു. ഈ മാസം മാത്രമായി എക്സൈസ് സംഘം നടത്തിയ കഞ്ചാവ് വേട്ടയില്‍ 710 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. ഏകദേശം 22 കോടിയോളം വില വരും പിടികൂടിയ കഞ്ചാവിന്. രണ്ട് ദിവസം മുമ്പ് ആന്ധ്രയില്‍ നിന്നും ബെംഗളൂരുവിലൂടെ രണ്ടു കാറുകളിലായി കടത്തിക്കൊണ്ടുവന്ന 203 കിലോ കഞ്ചാവ് ബാലരാമപുരം കൊടിനട ജംഗ്ഷനില്‍ വച്ച് എക്സൈസ് സംഘം പിടികൂടിയിരുന്നു. ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് തിരുവനന്തപുരത്ത് എത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് ഈ കഞ്ചാവ് കടത്തിലുണ്ടായിരുന്നത്.
രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ആറ്റിങ്ങലില്‍ കണ്ടെയിനര്‍ ലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 500 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് കടത്ത്. കൊവിഡ് ജാഗ്രത കര്‍ശനമാക്കിയതോടെ അതിര്‍ത്തിയില്‍ യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നുണ്ടെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായി പരിശോധിക്കുന്നതിനുള്ള സാഹചര്യമില്ല. വാഹനങ്ങളിലെ സൂക്ഷ്മമായ പരിശോധന കുറഞ്ഞതോടെയാണ് കഞ്ചാവ് കടത്ത് സജീവമായത്. ബെംഗളൂരില്‍ ലഹരി മരുന്ന് പിടികൂടിയതോടെ വ്യാപക പരിശോധനയുണ്ടായതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ കഞ്ചാവ് കടത്ത് വ്യാപകമാവാന്‍ കാരണമായി. കേരളത്തിലെത്തിക്കുന്ന കഞ്ചാവ് സുരക്ഷിതമായി സൂക്ഷിച്ച് വിതരണം ചെയ്യാന്‍ പറ്റിയ ഇടമെന്ന നിലയില്‍ കൂടിയാണിത്.
ആന്ധ്ര, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ കൂടുതലായും കഞ്ചാവ് എത്തുന്നത്. അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി വാഹനങ്ങളില്‍ കൂടെയും റിസര്‍വ് വനത്തില്‍ കൂടെ നടന്നുമാണ് കഞ്ചാവ് എത്തിക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് ഊടുവഴികളിലൂടെ എത്തിക്കുന്ന കഞ്ചാവ് റിസര്‍വ് ഫോറസ്റ്റില്‍ പകല്‍സമയങ്ങളില്‍ ഒളിപ്പിക്കുകയും രാത്രിയുടെ മറവില്‍ ഏജന്റുമാര്‍ വഴി കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കുകയും ചെയ്യും. മുന്‍കാലങ്ങളില്‍ ഉള്ളതിനേക്കാള്‍ വ്യാപകമാണ് കേരളത്തില്‍ ഇപ്പോള്‍ കഞ്ചാവ് വിപണി. സ്കൂളുകള്‍ പോലും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ സജീവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഞ്ചാവിന്റെ ഇരയാകുന്നത് കൂടുതലും സ്കൂള്‍ കുട്ടികളാണ്. കഞ്ചാവിന് അടിമപ്പെടുക മാത്രമല്ല ഇതിന്റെ മറവില്‍ കുട്ടികളെ ലൈംഗികചൂഷണത്തിന് വരെ ഇരയാക്കുന്നു. വിദ്യാര്‍ഥികളെ വശീകരിച്ച് ഇടനിലക്കാരായി ഉപയോഗപ്പെടുത്തുന്ന സംഘങ്ങളും വ്യാപകമാണ്. വയോധികര്‍ വരെയുള്ളവര്‍ ലഹരിക്ക് അടിമകളായിട്ടുണ്ടെന്നാണ് അടിക്കടി കഞ്ചാവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിലൂടെ വ്യക്തമാവുന്നത്.
ഈ വര്‍ഷം ആഗസ്റ്റ് മുതല്‍ സെപ്തംബര്‍ വരെ 1000 കിലോയില്‍ കൂടുതല്‍ കഞ്ചാവാണ് സംസ്ഥാനത്ത് എക്സൈസ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 500 കിലോഗ്രാമില്‍ താഴെയാണ് പിടകൂടിയത്. മുന്‍വര്‍ഷത്തേക്കാള്‍ കഞ്ചാവിന്റെ ഉപയോഗവും വിതരണവും സംസ്ഥാനത്ത് വര്‍ധിക്കുന്നതായാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നാണ് കൂടുതല്‍ അളവില്‍ കഞ്ചാവ് പിടികൂടിയിട്ടുള്ളത്. ഇതില്‍ മുക്കാല്‍ഭാഗവും പിടികൂടിയത് തലസ്ഥാനനഗരിയിലാണ്. 500 രൂപയ്ക്ക് വില്‍ക്കുന്നത് രണ്ട് ഗ്രാമില്‍ താഴെ കഞ്ചാവാണ്.
കോടികളുടെ ബിസിനസ് നടത്തുന്ന വിദേശബന്ധമുള്ള വന്‍ ലഹരി മാഫിയകളാണ് ഇതിനു പിന്നില്‍. പിടിക്കപ്പെട്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്തു പ്രതിയെയും തൊണ്ടിമുതലും കൈമാറുന്ന നടപടി മാത്രമാണ്. കഞ്ചാവിന്റെ ഉറവിടം തേടി അധികൃതര്‍ പോവാറില്ല. ഒരു കിലോഗ്രാം വരെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിച്ച് ചുരുങ്ങിയ ദിവസത്തിനുള്ളില്‍ പുറത്തിറങ്ങുന്ന സ്ഥിതിയുമുണ്ട്. പിടിയിലാവുന്നവരില്‍ അന്വേഷണം ഒതുങ്ങുകയാണ് പതിവ്. ചെറുപ്പക്കാരായ ഒട്ടേറെ യുവ ബിസിനസുകാര്‍ പോലും ലഹരിമാഫിയകളുമായി ബന്ധം പുലര്‍ത്തുന്നുണ്ട്. രാഷ്ട്രീയ സ്വാധീനവും ഇവര്‍ക്കുണ്ട്. ആ സ്വാധീനത്തിലാണ് ഒട്ടേറെ ചെക്ക് പോസ്റ്റുകള്‍ പിന്നിട്ട് കേരളത്തില്‍ കഞ്ചാവ് എത്തുന്നത്. മേലുദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതലായും കഞ്ചാവ് പിടിക്കുന്നത്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ച് അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ വരുന്ന വാഹനങ്ങളുടെ പരിശോധന കര്‍ശനമാക്കാന്‍ എക്സൈസ് നടപടി സ്വീകരിച്ചാല്‍ മാത്രമേ കേരളത്തിലേക്ക് വരുന്ന കഞ്ചാവിന്റെ ഒഴുക്കു കുറയ്ക്കാന്‍ സാധിക്കുകയുള്ളൂ.
ഹരിപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: