നീലേശ്വരം: സിപിഎം ഭരിക്കുന്ന നീലേശ്വരം നഗരസഭയിലെ നഗരഹൃദയത്തിലുള്ള റോഡ് പൊളിഞ്ഞത് കാരണം ജനങ്ങള്‍ വീര്‍പ്പുമുട്ടാന്‍ തുടങ്ങിയിട്ട് വര്‍ഷം നാലാകുന്നു. വിഷയം ആവര്‍ത്തിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. നീലേശ്വരം ബസാറില്‍ നിന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ ദേശീയപാതയോട് ചേരുന്ന തെരുറോഡിലാണ് വര്‍ഷങ്ങളായി ടാറിങ് നടക്കാതെ പാതാളക്കുഴികള്‍ രൂപപ്പെട്ടത്.
മുന്നൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത്.
2016 ഫെബ്രുവരിയിലാണ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അവസാനമായി 620 മീറ്ററുള്ള ഈ റോഡിലെ കുഴികളടച്ചത്. 2017ല്‍ ഇതുവഴി നഗരസഭ വണ്വേയാക്കിയിരുന്നു. വലിയ വാഹനങ്ങള്‍ പോകുന്നതോടെ അപകട സാധ്യതയേറുമെന്ന് കാട്ടി തെരു നിവാസികള്‍ ഇതിനെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങി.
കാഞ്ഞങ്ങാട്ടേക്ക് ബസുള്‍പ്പടെയുള്ള വാഹനങ്ങള്‍ക്ക് ‘യു കര്‍വ്’ എടുത്ത് പോകേണ്ട സ്ഥിതിയാണെന്നും മാര്‍ക്കറ്റില്‍നിന്ന് പയ്യന്നൂര്‍ ഭാഗത്തേക്ക് പോകേണ്ടവര്‍ പോലീസ് സ്റ്റേഷന് പരിസരം വരെ ബസ് കയറാന്‍ നടക്കേണ്ട സ്ഥിതിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം ടാറിടാനായി നഗരസഭ ജില്ലി ഉള്‍പ്പെടെ ഇറക്കിയിരുന്നെങ്കിലും അത് വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും സ്റ്റേ നീക്കിയാല്‍ ടാര്‍ ചെയ്യാമെന്ന് അധികൃതര്‍ പറഞ്ഞതായും നാട്ടുകാര്‍ പറയുന്നു.
പുരോത്സവം നടക്കുന്ന അഞ്ഞൂറ്റമ്പലം വീരര്കാവിന് സമീപത്തുകൂടി പോകുന്ന റോഡ് മാര്‍ക്കറ്റിലേക്ക് നൂറുകണക്കിന് കാല് നടയാത്രക്കാരും ചെറുവാഹനങ്ങളും ഉപയോഗിക്കുന്നതാണ്. സ്ത്രീകളും വിദ്യാര്‍ഥികളുമടക്കം ആശ്രയിക്കുന്ന റോഡ് ടാര്‍ ചെയ്യാന്‍ നഗരസഭ കൂട്ടാക്കാത്തതില്‍ കഴിഞ്ഞ ദിവസം നാട്ടുകാര്‍ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: