തൃശൂര്‍: ദേശീയപാത പാലിയേക്കര ടോള്‍പ്ലാസയില്‍ സാങ്കേതിക തകരാറിനെത്തുടര്ന്ന്്് ഫാസ്റ്റാഗ് സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്ത സാഹചര്യത്തില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന കളക്ടരുടെ പ്രഖ്യാപനം നടപ്പായില്ല. കഴിഞ്ഞ ദിവസം ടോള്‍പ്ലാസയില്‍ പരിശോധനക്കെത്തിയ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്.
ഓരോ ടോള്‍ ബൂത്തിന് സമീപവും നിന്ന് ടോള്‍പിരിവ് പരിശോധിച്ച സംഘത്തിന് മിക്കവാറും വാഹനങ്ങളില്‍ പതിച്ച ഫാസ്ടാഗ് പ്രവര്‍ത്തനരഹിതമാണെന്ന് ബോധ്യപ്പെട്ടിരുന്നു. ജീവനക്കാര്‍ ഹാന്റ് ഹോള്‍ഡ് റീഡിങ് മെഷീനുമായി ബൂത്തിന് പുറത്തിറങ്ങിയാണ് ടാഗ് പരിശോധിച്ചത്. ഓരോ വാഹനവും 20 സെക്കന്റിലേറെ സമയമെടുത്താണ് ടോള്‍ബൂത്ത് കടന്നുപോകുന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി.
ദേശീയപാത ഡയറക്ടറുടെ നിര്‍ദേശാനുസരണമാണ് പരിശോധനയെന്നും ടോള്‍പ്ലാസയിലെ സാങ്കേതിക സംവിധാനങ്ങളിലെ പോരായ്മകള്‍ സംബന്ധിച്ച് സര്‍ക്കാരിനും ദേശീയപാത അതോറിറ്റിക്കും റിപ്പോര്‍ട്ട് നല്‍കുമെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ഭൂരിഭാഗം വാഹനങ്ങളുടേയും ഫാസ്ടാഗ് റീഡ് ചെയ്യുന്നില്ലെന്നും, പുതിയ സംവിധാനം നിലവില്‍ വരുന്നതുവരെ താത്ക്കാലികമായി ടോള്‍പിരിവ് നിര്‍ത്തിവെക്കാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ കളക്ടര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനാ സംഘത്തിലുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും എത്തിയിരുന്നില്ല. ഇതൊക്കെയായിട്ടും ടോള്‍ പിരിവ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനോ പ്രശ്നം പരിഹരിക്കാനോ ടോള്‍ പ്ലാസ അധികൃതര്‍ തയാറായിട്ടില്ല. ഇപ്പോഴും ഗതാഗതക്കുരുക്ക് തുടരുകയാണ്. അധികൃതരുടെ അനാസ്ഥയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: