തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴി മതഗ്രന്ധങ്ങള്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ വീണ്ടും പരിശോധന നടത്തി. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് വിതരണം ചെയ്ത മതഗ്രന്ഥങ്ങള്‍ മന്ത്രി കെ ടി ജലീലിന്റെ നിര്‍ദ്ദേശപ്രകാരം സി ആപ്ടിലാണ് എത്തിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎ സംഘം പരിശോധന നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സിആപ്റ്റ്. ഡിപ്ലോമാറ്റിക് ബാഗേജ് വഴി കൊണ്ടുവന്ന 32 പാക്കറ്റ് ഖുര്‍ ആന്‍ വിമാനത്താവളത്തില്‍ നിന്നും സിആപ്റ്റില്‍ എത്തിച്ച് അവിടുത്തെ വാഹനങ്ങളിലാണ് വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയത്. ഇക്കാര്യത്തില്‍ കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് എന്‍ഐഎ പരിശോധന.
ഇതുമായി ബന്ധപ്പെട്ട് സ്റ്റോര്‍ കീപ്പര്‍മാര്‍ അടക്കമുള്ളവരുടെ മൊഴിയും എന്‍ഐഎ രേഖപ്പെടുത്തി. മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയ വാഹനങ്ങളുടെ വിശദാംശങ്ങളും ശേഖരിച്ചു. പ്രോട്ടോക്കോള്‍ ലംഘനം നടത്തിയാണ് മന്ത്രി കെ.ടി. ജലീല്‍ ഖുര്‍ആന്‍ കൈപ്പറ്റിയത്. അതേസമയം ഖുര്‍ആനിന്റെ മറവില്‍ ഡിപ്ലോമാറ്റിക് ബാഗേജ് ഉപയോഗിച്ച് കള്ളക്കടത്ത്, ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നത് സംബന്ധിച്ചും എന്‍ഐഎ അന്വേഷണം നടത്തി വരികയാണ്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിനെ കഴിഞ്ഞ ദിവസം എന്‍ഐഎ ചോദ്യം ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: