തിരുവനന്തപുരം : നേതാക്കളുടെ മക്കള്‍ സര്‍ക്കാരിന്റേയോ പാര്‍ട്ടിയുടേയോ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെട്ടതിന് പിന്നാലെയാണ് പി. ജയരാജന് ഈ പ്രസ്താവന നടത്തിയിരിക്കുന്നത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
നേതാക്കളുടെ മക്കള്‍ തെറ്റ് ചെയ്താല്‍ അത് ചുമക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. പ്രവര്‍ത്തകരും നേതാക്കളും ചെയ്യുന്ന തെറ്റുകള്‍ക്കേ പാര്‍ട്ടിക്ക് ബാധ്യതയുള്ളൂ. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ നേതൃത്വത്തിനെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുന്നുണ്ട്. മകന് എന്തെങ്കിലും ഇടപാടില്‍ പെട്ടിട്ടുണ്ടെങ്കില്‍ അത് അവന് തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം തന്റെ മക്കള്‍ ജോലി ചെയ്ത് വരുമാനമുണ്ടാക്കുന്നവരാണ്. അവര്‍ തെറ്റ് ചെയ്താല്‍ പാര്‍ട്ടി സംരക്ഷിക്കേണ്ടതില്ലെന്നും പി. ജയരാജന് എടുത്ത് പറഞ്ഞു. കോടിയേരി. ഇ.പി. ജയരാജന് എന്നിവരുടെ മക്കള്‍ വിവാദത്തില്‍ അകപ്പെടുകയും പാര്‍ട്ടി ഇതിനെ സംരക്ഷിക്കുന്ന വിധത്തില്‍ നിലപാട് എടുക്കുന്നതില്‍ മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നതിന്റെ സൂചന കൂടിയാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: