തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച 17,000 കിലോ ഈന്തപ്പഴം സംബന്ധിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന് കസ്റ്റംസ് നോട്ടീസ്. 2017 മെയില്‍ സാമൂഹ്യ സുരക്ഷാ വകുപ്പിന്റേത് അടക്കം സ്പെഷ്യല്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് ആവശ്യപ്പെട്ടാണ് കസ്റ്റംസ് നോട്ടീസ് അയച്ചത്. ഇതിന്റെ മറവിലും സ്വര്‍ണം കടത്തിയിരുന്നോ എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി.
ഈ മാസം പതിനഞ്ചിനാണ് കസ്റ്റംസ് സാമൂഹ്യ നീതി വകുപ്പ് സെക്രട്ടറി ഡോ. ബിജുപ്രഭാകറിന് നോട്ടീസ് അയച്ചത്. ഓരോ ജില്ലയിലും വിതരണം ചെയ്ത ഈന്തപ്പഴത്തിന്റെ കണക്ക് മുപ്പതിനകം നല്‍കണമെന്നാണ് നോട്ടീസിലുള്ളത്. മലപ്പുറം ജില്ലയില്‍ ഏതൊക്കെ സ്ഥാപനങ്ങള്‍ക്ക് എത്ര കിലോ വീതം നല്കി എന്നതിന്റെ കണക്കും പ്രത്യേകമായി ആവശ്യപ്പെട്ടിട്ടുണ്ട്.
പതിനാലു ജില്ലാ നോഡല്‍ ഓഫീസര്‍മാരോടും കണക്ക് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാപനങ്ങളുടെ പേര് ആവശ്യപ്പെട്ടത് മലപ്പുറത്തെ മാത്രമാണെങ്കിലും ഈന്തപ്പഴം വിതരണം ചെയ്ത എല്ലാ സ്ഥാപനങ്ങളുടെയും വിവരം നല്‍കാനാണ് സാമൂഹ്യ ക്ഷേമവകുപ്പിന്റെ നിര്‍ദേശം. മലപ്പുറം ഉള്‍പ്പെടെ അഞ്ച് ജില്ലകളിലെ കണക്ക് വകുപ്പില്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം വിതരണം ചെയ്ത കണക്കുകള്‍ ലഭ്യമാകുക പ്രയാസമായിരിക്കുമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: