തൃശൂര്‍: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ കാറ്റില്‍ ജില്ലയില്‍ വ്യാപകനാശനഷ്ടം. കൊടുങ്ങല്ലൂരില്‍ ലോകമലേശ്വരം ഉഴുവത്ത് കടവില്‍ കാര്‍ഗില്‍ റോഡിന് തെക്ക് വശം താമസിക്കുന്ന തേക്കിലക്കാട്ടില്‍ പരേതനായ കുഞ്ഞിപേങ്ങന് ഭാര്യ കുഞ്ഞിപ്പെണിന്റെ വീടാണ് രാത്രിയിലെ ശക്തമായ മഴയിലും കാറ്റിലുമായി തകര്‍ന്ന് വീണത്. കൊടുങ്ങല്ലൂര്‍ നഗരസഭയുടെ സൊസൈറ്റി വാര്‍ഡിലാണ് സംഭവം. കാറ്റില്‍ പെട്ട് ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു.
വീടിന്റെ ചുമരുകള്‍ക്കും കേടുപാടുകളുണ്ട്. ഈ സമയത്ത് പ്രായമായ കുഞ്ഞിപ്പെണ്ണും ഇവരുടെ വിധവയായ മകളും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ആര്‍ക്കും പരിക്കില്ല. കാഴ്ചശക്തിയും കേള്‍വിയും കുറവായ ഇവര്‍ ഏറെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. മാളയിലും വ്യാപകമായ നശനഷ്ടങ്ങള്‍ ഉണ്ടായി. ഇന്നലെ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ പുത്തന്‍ചിറ ഉല്ലാസ് നഗറില്‍ തച്ചുകാട്ടില് ഭാര്‍ഗ്ഗവിയുടെ ഓടിട്ട വീടിനു മുകളില്‍ തേക്കു മരം മറിഞ്ഞ് വീണു. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും നശിച്ചു. അതേസമയം ആളപായം ഉണ്ടായിട്ടില്ല.
മുകുന്ദപുരം താലൂക്കില്‍ മാടായിക്കോണം, പുല്ലൂര്‍ വില്ലേജുകളിലായി മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്നു. നിലവില്‍ താലൂക്ക് പരുധിയില്‍ ക്യാമ്പുകള്‍ തുറന്നിട്ടില്ലെന്നും വെള്ളക്കെട്ടുകള്‍ ഇല്ലെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ അറിയിച്ചു.
ചേറ്റുവ: തുടര്‍ച്ചയായി പെയ്ത മഴയില്‍ ചേറ്റുവയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ടു. ചേറ്റുവ എംഇഎസ് സെന്ററിന് കിഴക്ക് വശം താമസിക്കുന്ന രത്തനത്ത് വീട്ടില്‍ മോഹിനി, ചന്ദ്രശേഖരന് എന്നിവരുടെ വീടുകളിലും വെള്ളം കയറി. പറമ്പുകളും, റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം താറുമാറായി. കൂടാതെ ചുള്ളിപ്പടിയിലും ചിപ്ളിമാട്, മാടക്കായ്, പുത്തന്‍ തോട്, കോട്ടതാഴം തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: