മുപ്പത്തടം: റൂറല്‍ ജില്ലയിലാകെ പോലീസിന്റെ ആയിരം ക്യാമറകണ്ണുകള്‍ മിഴിതുറക്കും. ആലുവ റൂറല്‍ എസ്പി കെ. കാര്‍ത്തിക് നിര്‍ദേശിച്ചതുപ്രകാരം ഓരോ പോലീസ് സ്റ്റേഷനുകളും ഈ പദ്ധതിപ്രകാരം ക്യാമറകള്‍ സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ്. സ്റ്റേഷന് പരിധിയിലെ ചെറുവഴികള്‍ ഉള്‍പ്പടെ ക്യാമറയുടെ നീരീക്ഷണത്തിലാക്കും. അതുപോലെ പ്രധാന കവലകളില്‍ നാലുവശങ്ങളിലേക്കും നിരീക്ഷണമുണ്ടാകും. ചില പോലീസ് സ്റ്റേഷനുകള്‍ ഈ പദ്ധതി ഇതിനകം ഏറെകുറെ പൂര്‍ത്തിയാക്കി കഴിഞ്ഞു.
റൂറല്‍ ജില്ലയില്‍ പദ്ധതി ആദ്യമായി നടപ്പാക്കിയത് ബിനാനിപുരം പോലീസ് സ്റ്റേഷനിലാണ്. ചെറുതും വലുതുമായി നിരവധി മോഷണങ്ങള്‍ നടക്കുന്നിട്ടുള്ള മേഖലയാണ് ബിനാനിപുരം. അതുകൊണ്ടാണ് എസ്പി ആയിരം കണ്ണുകള്‍ എന്ന പദ്ധതി കൊണ്ടുവന്നപ്പോള്‍തന്നെ ബിനാനിപുരം പോലീസ് ഇത് നടപ്പാക്കാനൊരുങ്ങിയത്. അന്ന് എസ്ഐ ആയിരുന്ന എല്‍. നില്‍കുമാര്‍ തുടക്കമിട്ടു. പിന്നാലെ സ്ഥലംമാറിയെത്തിയ എസ്ഐ എ.കെ.സുധീര്‍ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചു.
നടത്തിപ്പിനായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണംതേടി.
പോലീസ് സ്റ്റേഷന് പരിധിയിലെ 74 റസിഡന്റ്സ് അസോസിയേഷനുകളുടേയും ഭാരവാഹികളെ ഉള്‍പ്പെടുത്തി ബിനാനിപുരം വെല്‍ഫെയര്‍ അസോസിയേഷന് രൂപവത്കരിച്ചു. അവരാണ് ക്യാമറകള്‍ക്കുള്ള സ്പോണ്‍സര്‍മാരെ കണ്ടെത്തിയത്. എടയാറിലെ വ്യവസായികളും പ്രദേശത്തെ വ്യാപാരികളും സഹകരണസ്ഥാപനങ്ങളും ഒന്നിച്ച് കൈകോര്‍ത്തതോടെ 54 ക്യാമറകള്‍ സ്ഥാപിക്കാനായി. കേബിള്‍ ടി.വി. വിതരണ കമ്പനിയുടെ സഹകരണത്തോടെ പോലീസ് സ്റ്റേഷനിലിരുന്ന് നിരീക്ഷിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: