പുല്‍പ്പള്ളി: കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ജനങ്ങളില്‍ നിന്ന് ആരോഗ്യരംഗം എന്നും തീണ്ടാപ്പാടകലെയാണ്. പിഎച്ച്സികളും സിഎച്ച്സികളുമുണ്ടെങ്കിലും വലിയ അസുഖങ്ങള്‍ വന്നാല്‍ താമരശ്ശേരി ചുരമിറങ്ങേണ്ട അവസ്ഥയാണ്. ഇതിന് പരിഹാരമെന്നോണം വയനാട്ടില്‍ ഗവ.മെഡിക്കല്‍ കോളേജ് സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതല്ലാതെ ഇതുവരെ നടപടിയൊന്നുമായിട്ടില്ല. അതിനിടെയാണ് കല്‍പ്പറ്റക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയായ മേപ്പാടിയില്‍ വയനാട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (വിംസ്) എന്ന സ്വകാര്യ മെഡിക്കല്‍ കോളേജ് ആരംഭിച്ചത്.
സ്വന്തം ജില്ലയില്‍ തന്നെ മികച്ച ചികിത്സാ സൗകര്യം ഉണ്ടായിട്ടും അവിടേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുകയായിരുന്നു കബനി തീരത്തെ ജനങ്ങള്‍. യാത്രക്കാരുടെ കൂട്ടായ്മയും പ്രാദേശിക ജനപ്രതിനിധികളും ഇടപെട്ടതിനെ തുടര്‍ന്ന് മേപ്പാടി വിംസിലേക്ക് നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുകയാണ്. രാവിലെ 7.50ന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ സീതാമൗണ്ടില്‍ നിന്നാണ് സര്‍വീസിന് തുടക്കമാകുക. പുല്‍പ്പള്ളി, കേണിച്ചിറ, മുട്ടില്‍, കല്‍പ്പറ്റ വഴി വിംസ് മെഡിക്കല്‍ കോളേജിലെത്തുന്ന ബസ് വൈകിട്ട് തിരികെ സീതാമൗണ്ടില്‍ എത്തിച്ചേരും. കുടിയേറ്റവനവാസി മേഖല കൂടിയായ സീതാമൗണ്ടില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസിനെ തര്‍ക്കാന്‍ ചില തൊഴിലാളി സംഘടനകള്‍ ശ്രമിക്കുന്നതായും ആരോപണമുയരുന്നുണ്ട്.
സ്വകാര്യ ബസ് മുതലാളിമാരെ സഹായിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചിലര്‍ സീതാ മൗണ്ട് വിംസ് സര്‍വീസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ജനദ്രോഹ നടപടികള്‍ സ്വീകരിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധത്തിലാണ്. എന്ത് വിലകൊടുത്തും ജനകീയ ആവശ്യത്തിനൊപ്പം നില്‍ക്കുമെന്നാണ് ബിജെപി, ബിഎംഎസ് നേതൃത്വം വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: