തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴി എത്തിച്ച ഈന്തപ്പഴം മുഖ്യമന്ത്രി പിണറായി വിജയന് വിതരണം ചെയ്തത് ചട്ടം ലംഘിച്ച്. ഈന്തപ്പഴം എത്തിച്ച സംഭവത്തില്‍ കോണ്‍സുലേറ്റിനോട് വിശദീകരണം തേടാനൊരുങ്ങി കസ്റ്റംസ് ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ അധ്യായം 11, എഫ് പ്രകാരം സന്നദ്ധ പ്രവര്‍ത്തനത്തിനായി എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍, പാനീയങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവയ്ക്ക് കസ്റ്റംസ് നികുതി ഒഴിവാക്കി നല്‍കരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിയന്ന കണ്വെന്ഷന് പ്രകാരമാണിത്. കോണ്‍സുലേറ്റിലേക്ക് വ്യക്തിഗത ആവശ്യത്തിന് കൊണ്ടുവരുന്ന നികുതിയിളവ് ലഭിച്ച സാധനങ്ങള്‍ കോണ്‍സുലേറ്റിന് പുറത്ത് വിതരണം ചെയ്യാനും പാടില്ല. അങ്ങനെ വിതരണം ചെയ്യണമെങ്കില്‍ കസ്റ്റംസിന് നികുതി നല്‍കണം. ഇല്ലാതെ വിതരണം ചെയ്യുന്നത് നിയമവിരുദ്ധം.
2017 മെയ് 26ന് മുഖ്യമന്ത്രി പിണറായി വിജയന് ഓഫീസിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് സ്വപ്ന സുരേഷിന്റെ നേതൃത്വത്തിലായിരുന്നു ഈന്തപ്പഴം വിതരണം ഉദ്ഘാടനം ചെയ്തത്. സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ 15 കുട്ടികള്‍ക്ക് മുഖ്യമന്ത്രി ഈന്തപ്പഴപ്പാക്കറ്റുകള് നല്‍കിയായിരുന്നു ഉദ്ഘാടനം. കോണ്‍സുലേറ്റ് ജനറല്‍ ജമാല്‍ ഹുസൈന് അല്‍ ജാബി, അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജന് എന്നിവരും സന്നിഹിതരായിരുന്നു.
കോണ്‍സുലേറ്റ് ജനറലിന്റെ വ്യക്തിപരമായ ആവശ്യം എന്ന പേരിലാണ് മൂന്നര വര്‍ഷത്തിനുള്ളില്‍ 17,000 കിലോഗ്രാം ഈന്തപ്പഴം എത്തിച്ചതെന്ന് കസ്റ്റംസ് കണ്ടെത്തി. യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് നികുതി ഇളവ് നല്‍കിയിരുന്നു. ഇത് പുറത്ത് വിതരണം ചെയ്യാന്‍ പാടില്ല. അതിനാല്‍ ഈന്തപ്പഴ വിതരണത്തില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പങ്കെടുത്തത് പ്രോട്ടോക്കോളുകള്‍ ലംഘിച്ചാണ്.
സ്പെഷ്യല്‍ സ്കൂളുകളിലെ 40,000 കുട്ടികള്‍ക്കു വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ ഈ ഈന്തപ്പഴങ്ങള്‍ സ്കൂളുകളില്‍ എത്തിയോയെന്നാണ് സംശയം. സ്പെഷ്യല്‍ സ്കൂളുകളിലോ ബഡ്സ് സ്കൂളുകളിലോ ഔദ്യോഗികമായോ അനൗദ്യോഗികമായോ ഈന്തപ്പഴം വിതരണം ചെയ്തിട്ടില്ലെന്നാണ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ എജ്യുക്കേഷന്റെ (ഡിജിഐ) ഓഫീസ് പറയുന്നത്. ബഡ്സ് സ്കൂളുകളുടെ പ്രവര്‍ത്തനം നടത്തുന്ന കുടുംബശ്രീക്കും ഇത് നല്‍കിയിട്ടില്ല.
17,000 കിലോ ഈന്തപ്പഴത്തിന്റെ മറവില്‍ സ്വര്‍ണവും എത്തിച്ചെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം. ഈന്തപ്പഴങ്ങള്‍ യുഎഇ കോണ്‍സുലേറ്റിനു പുറത്തു വിതരണം ചെയ്തതിന് കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. ഇതോടെ നിയമ ലംഘകരുടെ പട്ടികയില്‍ മുഖ്യമന്ത്രിയും ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: