കൊച്ചി: അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സംസ്ഥാനം അതിവേഗം വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നീങ്ങുകയാണ്. ചില രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും അതില്‍ സക്രിയമാണ്. പക്ഷേ, സംസ്ഥാനത്തെ മതേതരമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടി നയിക്കുന്ന, മതേതരമായിരിക്കേണ്ട സര്‍ക്കാര്‍തന്നെയാണ് ഈ മതവര്‍ഗീയ ധ്രുവീകരണത്തിനു മുന്നിലെന്നതാണ് വിചിത്രം.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാരും സിപിഎമ്മും നടത്തിയ ഹിന്ദു വിരുദ്ധ നടപടികള്‍ മാത്രമല്ല ഇവിടെ ഓര്‍മിക്കേണ്ടത്. നാലര വര്‍ഷത്തെ ഭരണത്തിനിടയില്‍ നാലായിരത്തിലേറെ ചെറുതും വലുതുമായ ഹിന്ദു സമൂഹ വിരുദ്ധ നടപടികള്‍ സര്‍ക്കാര്‍ എടുത്തു. അത്തരം നടപടികള്‍ക്കായി പ്രചാരണത്തിനിറങ്ങിയവര്ക്ക് സര്‍ക്കാര്‍ സംരക്ഷണവും കൊടുത്തു. ഭൂരിപക്ഷ വിഭാഗമെന്നത് അയോഗ്യതയും അതിന് സവര്‍ണ വിഭാഗമെന്ന് പേര് വിളിച്ച് അയിത്തവും കല്‍പ്പിച്ചായിരുന്നു അതിനെല്ലാം മറുപക്ഷമെന്ന് അവര്‍ മാറ്റി നിര്‍ത്തിയ ന്യൂനപക്ഷത്തില്‍നിന്ന് പിന്തുണ തേടിയത്. മതേതരത്വം പ്രസംഗിക്കുന്നതിനിടെയാണിതെല്ലാം.
പക്ഷേ, ന്യൂനപക്ഷ പ്രേമം വിളിച്ചു കൂവുന്ന സംസ്ഥാന സര്‍ക്കാരും കമ്യൂണിസ്റ്റുകളും ന്യൂനപക്ഷ ക്ഷേമങ്ങളില്‍ പക്ഷപാതം കാണിച്ചു. അതുകൊണ്ടാണ് ക്രിസ്തീയ വിശാസികളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള കത്തോലിക്കാ സഭയുടെ സിറോ മലബാര്‍ സഭ സിനഡ് അങ്ങനെയൊരു പ്രമേയം പാസാക്കിയത്. 2020 ജനുവരി 15ന് ചേര്‍ന്ന, സിറോ മലബാ
ര്‍ മേജര്‍ ആക്കി എപ്പിസ്കോപ്പല്‍ സഭയുടെ, ജനുവരി 10 മുതല്‍ 15 വരെ ചേര്‍ന്ന 28ാം സിനഡ് സഭാ യോഗശേഷം ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നതിങ്ങനെ: ”ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ (സംസ്ഥാന) നടപ്പാക്കുന്ന പദ്ധതികളില്‍ ക്രൈസ്തവര്‍ വിവേചനം അനുഭവിക്കുന്നതായി സിനഡ് വിലയിരുത്തി. കേരളത്തിലെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ചെലവിടുന്ന തുകയുടെ 80 ശതമാനം ഒരു ന്യൂനപക്ഷ വിഭാഗത്തിന് മാത്രമായി (മുസ്ലിം) സംവരണം ചെയ്തിരിക്കുകയാണ്. ശേഷിക്കുന്ന 20 ശതമാനം ആണ് അഞ്ചു വിഭാഗങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്നത്.” സഭയിലെ 57 മെത്രാന്മാര് സംബന്ധിച്ച സിനഡില്‍ വിശദ ചര്‍ച്ചയ്ക്ക് ശേഷം അംഗീകരിച്ച് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച പ്രസ്താവനയാണിത്.
ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പാലോളി മുഹമ്മദ്കുട്ടിക്കമ്മിറ്റിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക അവശത ഒരു വിഭാഗത്തിനു മാത്രമാണെന്ന തെറ്റായ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടിയെന്നും അത് ‘ജനാധിപത്യ-മതേതരത്വ മൂല്യങ്ങള്‍ക്ക്’ നിരക്കാത്തതാണെന്നും സിനഡ് വിലയിരുത്തി. കമ്യൂണിസ്റ്റുകള്‍ നയിക്കുന്ന പിണറായി വിജയന് സര്‍ക്കാരിന്റെ മതേതരത്വം ചോദ്യം ചെയ്യുന്നത് ഭൂരിപക്ഷ വിഭാഗം മാത്രമല്ല, ന്യൂനപക്ഷക്കാരുമുണ്ട്. പക്ഷേ, കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഈ നയവും നിലപാടും ആനുകൂല്യങ്ങളും അനുഭവിക്കുന്ന വിഭാഗം മറ്റൊരു ന്യൂനപക്ഷമാണ്. അത് വര്‍ഗീയ രാഷ്ട്രീയ ധ്രുവീകരണത്തിനുള്ള വഴിമാത്രമാണെന്ന് ആ സമുദായത്തില്‍ പലര്‍ക്കും ബോധ്യവുമാണ്.
പക്ഷേ, ക്രിസ്തീയ സഭകള്‍ അങ്ങനെയൊക്കെയാണെങ്കിലും ക്രിസ്ത്യന്‍ രാഷ്ട്രീയം മറ്റൊരു വഴിക്കാണ്. അവര്‍ വിശ്വാസികളെ കബളിപ്പിച്ച് അധികാര രാഷ്ട്രീയത്തോടൊപ്പം പോകാനാണ് മത്സരിക്കുന്നത്. പിളര്‍ന്നുപിളര്‍ന്ന് വളരുന്നുവെന്ന് വാദിക്കുന്ന സിദ്ധാന്തക്കാര്‍ സഭാ വിശ്വാസികളെ വഞ്ചിക്കുന്നവര്‍ക്കു പിന്നാലെയാണ്. പി.ജെ. ജോസഫ് കോണ്‍ഗ്രസിനെയും യുഡിഎഫിനേയും വരുതിയില്‍ നിര്‍ത്തിയത് കമ്യൂണിസ്റ്റ് മുന്നണിക്കൊപ്പം പോകുമെന്ന് ഭീഷണിപ്പെടുത്തിയാണ്. ജോസഫും കെ.എം. മാണിയുടെ മകന് ജോസ്.കെ.മാണിയും തമ്മില്‍ തെറ്റിയപ്പോള്‍ ജോസ് മുന്നണി ചേരാന്‍ കൂടിയാലോചിച്ചത് എല്‍ഡിഎഫുമായാണ്. സ്വര്‍ണക്കടത്തു കേസ് ഇത്രത്തോളം പുറത്തുവന്നിരുന്നില്ലെങ്കില്‍ ജോസ് മാണി ഇടതുമുന്നണിയിലെത്തിക്കഴിഞ്ഞേനെ.
മുസ്ലിം ന്യൂനപക്ഷത്തെ വഴിവിട്ട് സഹായിച്ച പിണറായി സര്‍ക്കാര്‍ പക്ഷേ മുസ്ലിം ലീഗിനെ വരുതിയില്‍ കൊണ്ടുവരാന്‍ സമ്മര്‍ദം പ്രയോഗിച്ചത് ഇസ്ലാമിക ഭീകര-തീവ്രാവാദ പക്ഷത്തുള്ള സംഘടനകളുമായാണ്. അങ്ങനെ നാലരക്കൊല്ലം കൊണ്ട് കമ്യൂണിസ്റ്റ്-ഇസ്ലാമിക കൂട്ടുകെട്ടായ ചുകപ്പന്‍ ജിഹാദി ശക്തിപ്പെട്ടു, എന്നല്ല പരമാവധിലെത്തി. അതുകൊണ്ടുതന്നെയാണ് സിറോ മലബാര്‍ സഭാ സിനഡ് യോഗം ‘ലൗജിഹാദി’നെതിരേ പ്രസ്താവന നടത്തിയത്. ലൗ ജിഹാദ് എന്ന പ്രയോഗം ‘സംഘപരിവാറിന്റേതാണ്’ എന്ന ആക്ഷേപത്തെ തുടര്‍ന്ന് പിറ്റേന്ന് സിനഡ് അതിനെ ‘മതാന്തര പ്രണയ’മെന്ന് മാറ്റിപ്പറഞ്ഞു. പക്ഷേ വിവരിച്ചതിങ്ങനെ: ‘പ്രണയക്കുരുക്കില്‍പെട്ട് കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണേണ്ടതാണ്. മതസൗഹാര്‍ദത്തെയും സാമൂഹിക സമാധാനത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നത് ആശങ്കാ ജനകമാണ്. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ഇത്തരം നീക്കങ്ങള്‍ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍നിന്ന് ഐഎസ് ഭീകര സംഘടനകളിലേക്കുപോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു…”
കേന്ദ്രത്തില്‍ ന്യൂനപക്ഷ-ഭൂരിപക്ഷ ഭേദമില്ലാതെ എല്ലാവര്ക്കും തുല്യനീതി ഉറപ്പാക്കുന്ന തുടര്‍ ബിജെപി ഭരണം, കേരളത്തിലെ വര്‍ഗീയ-പക്ഷപാതപരമായ കമ്യൂണിസ്റ്റ് സ്വേച്ഛാഭരണം, ഇതിനിടെ കോണ്‍ഗ്രസിന്റെ ‘ദേശീയ മരണ’വും ആയപ്പോള്‍ രാഷ്ട്രീയ സ്വാധീനമില്ലാതെ വന്ന ന്യൂനപക്ഷ പാര്‍ട്ടികള്‍ക്ക് ചാഞ്ചാട്ടമായി. അവര്‍ക്ക് ഉള്ളില്‍ ബിജെപിയോട് ആഭിമുഖ്യമുണ്ട്. ജമ്മുകശ്മീരില്‍ ബിജെപിയോടൊപ്പം പിഡിപി ചേര്‍ന്ന് ഭരിച്ചത് അവരില്‍ത്തന്നെ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തില്‍വന്നാല്‍ ന്യൂനപക്ഷങ്ങളെ കൂട്ടക്കശാപ്പു ചെയ്യുമെന്നും നാടുകടത്തുമെന്നും ചിലര്‍ പറഞ്ഞതെല്ലാം പെരും നുണയാണെന്നും അക്കൂട്ടര്‍ അതത് വേദികളില്‍ വാദിക്കുന്നു. പക്ഷേ, പരസ്യമായി ബിജെപിയോടു ചേര്‍ന്നാല്‍ പുകച്ച് പുറത്തുചാടിക്കുമെന്നും ഒറ്റപ്പെടുത്തുമെന്നും മറുവാദക്കാര്‍ പറയുന്നു. പക്ഷേ, പൂര്‍ണമായും രാഷ്ട്രീയാടിസ്ഥാനത്തിലല്ലാത്ത പഞ്ചായത്ത്-മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ പുതിയ പരീക്ഷണം നടത്താന്‍ ചില ആലോചനകള്‍ ഉയര്‍ന്നിട്ടുണ്ട് എന്നാണ് പുതിയ വാര്‍ത്ത.
കുറ്റവും തെറ്റുകളും ഏറ്റുപറഞ്ഞ് കുമ്പസരിച്ച് ജോസ് മാണി പിന്നെയും ജോസഫിന്റെ തോളില്‍ കൈയിടുമോ? അതോ രണ്ടായിനിന്ന് രണ്ടു കഷണത്തേയും ഉമ്മന്‍ ചാണ്ടി ഇരുകക്ഷത്തും ചേര്‍ത്ത് യുഡിഎഫില്‍ നിലനിര്‍ത്തുമോ? അതല്ല, കുറ്റങ്ങളിലും തെറ്റുകളിലും മുങ്ങിപ്പൊങ്ങുന്ന കമ്യൂണിസ്റ്റ്-ഇടതുപക്ഷത്തിന്റെ പാപം പങ്കുവെക്കാന്‍ ജോസ് തയാറാകുമോ? അതെന്തായാലും വിശ്വാസികള്‍ക്ക് മനം മാറ്റമുണ്ടെന്നതാണ് കേരള രാഷ്ട്രീയത്തിലെ മാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: