കൊച്ചി : മന്ത്രി കെ.ടി. ജലീലിനെ ചോദ്യം ചെയ്ത വിഷയത്തില്‍ ഖുര്‍ആനെ കുറിച്ച് മാത്രം സംസാരിക്കുന്ന സിപിഎം നേതാക്കളുടെ ലക്ഷ്യം മതവികാരം ചൂഷണം ചെയ്യാനെന്ന് മുസ്ലിംലീഗ്. മന്ത്രിയെ ചോദ്യം ചെയ്തതില്‍ മതം ചര്‍ച്ചയാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്നും ആരോപിച്ചു. മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയിലൂടെയാണ് ഇത്തരത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസെന്ന ഊരാക്കുടുക്കില്‍ നിന്ന് രക്ഷപ്പെടാനുള്ള പതിനട്ടാമത്തെ അടവാണ് ഖുര്‍ആന്‍ വിവാദം. കസ്റ്റംസ് കേസെടുക്കുകയും എന്‍ഐഎയും എന്‍ഫോഴ്സ്മെന്റും ചോദ്യം ചെയ്തിട്ടും കെ.ടി. ജലീല്‍ രാജിവെയ്ക്കാത്തത് പുഴുത്തു നാറിയ അധികാരമോഹം കൊണ്ടു മാത്രമാണെന്നും ഏഴ് മാസം കൂടി മന്ത്രി കസേരയിലിരിക്കാന്‍ എത്രവേണമെങ്കിലും തരം താഴും ജലീലെന്നും കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ ലേഖനം വീണു കിട്ടിയ അധികാരം നിലനിര്‍ത്താനും നാല് വോട്ട് പിടിക്കാനും വേണ്ടിയുള്ള അവസാനത്തെ അടവ് മാത്രമാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനേയും സ്വപ്ന സുരേഷിനേയും ആദ്യം സംരക്ഷിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്ത സിപിഎമ്മും സര്‍ക്കാരും ഇപ്പോള്‍ ജലീലിന് വേണ്ടിയാണ് പഴി മുഴുവന്‍ വാങ്ങുന്നത്. ഈ വിവാദങ്ങളിലേക്ക് ഖുര്‍ ആനെ വലിച്ചിഴക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നത് കൗതുകകരമാണ്.
ഖുര്‍ആനും ഈന്തപ്പഴവും മറ്റു പലതും സ്വര്‍ണക്കള്ളക്കടത്തിനായി പ്രതികള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നത് ഇതുസംബന്ധിച്ചാണ്. എന്നാല്‍ സിപിഎം നേതാക്കള്‍ ഇതേകുറിച്ച് ഒന്നും പറയാതെ ഖുര്‍ആനെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇവരുടെ ലക്ഷ്യം മത വികാരങ്ങളെ ചൂഷണം ചെയ്ത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുക എന്നതാണെന്നും ഇതില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: