കണ്ണൂര്‍: ഇരിട്ടി മേഖലയിലെ പായം പഞ്ചായത്ത് കേന്ദ്രീരിച്ച് സിപിഎം നടത്തുന്നത് കൊളളയും തട്ടിപ്പും ലഹരിമരുന്ന് കടത്തുമാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 500 കിലോ കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ടാണ് പായം പഞ്ചായത്തിലെ ചിങ്ങാംകുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലേഷിനെയം സഹോദരന് സുബിത്തിനെയും മൈസൂര്‍ പോലീസ് പിടികൂടിയത്.
സുബിലേഷ് 108 ആംബുലന്‍സ് ഡ്രൈവര്‍ കൂടിയാണ്. അക്രമം പിടിച്ചുപറി ഉള്‍പ്പടെ ഒന്‍പതോളം കേസുകളുണ്ടായിട്ടും മന്ത്രി കെ.കെ. ശൈലജയുടെ സ്വന്തക്കാരനെന്ന നിലയില്‍ ഇയാളെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തയ്യാറയില്ല. ഗ്രീന്‍ ലീഫ് എന്ന സംഘടനാ ഭാരവാഹിയെ അക്രമിച്ച് 75000 രൂപയും സ്വര്‍ണ്ണവും തട്ടിയത് സുബിലേഷാണ്. ഒരു മാനദണ്ഡവും പാലിക്കാതെയാണ് ആംബുലന്‍സ് ഡ്രൈവറായി സുബിലേഷിനെ നിയമിച്ചത്.ആംബുലന്‍സ് ഡ്രൈവര്‍മാരുടെ സിഐടിയു തൊഴിലാളി സംഘടനയുടെ സംസ്ഥാന ട്രഷററും, ജില്ലാ സെക്രട്ടറിയുമാണ് സുബിലേഷ്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാത്രമാണ് സുബിലേഷിനെ മാറ്റിയത്.
പായം പഞ്ചായത്ത് പ്രസിഡണ്ട് അശോകന്റെ ഭാര്യ സ്വപ്ന മരിച്ചയാളുടെ വിധവാ പെന്ഷന് അടിച്ച് മാറ്റിയിട്ടും നടപടിയുണ്ടായില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജില്ലാ ഭാരവാഹിയായ സ്വപ്നയ്ക്കെതിരെ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. പെന്ഷന് തുക കൈപ്പറ്റിയെന്ന് സര്‍ക്കാര്‍ സൈറ്റില്‍ വന്നത് പിന്നീട് കൈമാറാന്‍ സാധിച്ചില്ല എന്നാക്കി മാറ്റിയത് സ്വപ്നയെ സംരക്ഷിക്കാനാണ്. ഉന്നതര്‍ പിന്നിലുള്ളതു കൊണ്ടാണ് ഇത് സാധിച്ചത്.
ഇതേ പഞ്ചായത്തിലാണ് പൊതു മേഖലാ സ്ഥാപനത്തിന്റെ പേരില്‍ കളക്റ്ററുടെ ഓഡറുണ്ടാക്കി 150 കോടി രൂപയുടെ മണല്‍ക്കടത്ത് നടത്താനുള്ള നീക്കം നടന്നത്. കോട്ടയത്തുള്ള കമ്പനിക്ക് മണല്‍ കൊടുത്ത് കോടികളുടെ കൊള്ള നടത്താനുള്ള നീക്കത്തിന് നേതൃത്വം നല്‍കിയത് ഇ.പി. ജയരാജനാണ്. ഇതിന്റെ ഭാഗമായി പായം, അയ്യന്‍കുന്ന് പഞ്ചായത്തുകള്‍ തമ്മില്‍ പ്രശ്നമുണ്ടായപ്പോള്‍ പരിഹാരത്തിനായി ഇപിയുടെ നിര്‍ദ്ദേശ പ്രകാരം എത്തിയത് സണ്ണിജോസഫ് എംഎല്‍എ ആയിരുന്നു. മണല്‍ കൊള്ളയ്ക്കുള്ള ഓഡര്‍ കളക്റ്റര്‍ പിന്‍വലിച്ചത് ബിജെപി സമരത്തിന്റെ ഭാഗമായാണ്. താഴെ തട്ടിലുള്ള കൊള്ളയ്ക്കെതിരെ നേതൃത്വം നടപടിയെടുക്കാത്തത് നേതാക്കളുടെ കോടികളുടെ അഴിമതി പുറത്ത് വരുമെന്ന ഭയം കൊണ്ടാണെന്നും ഹരിദാസ് പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്എം.ആര്. സുരേഷ്, ജനറല്‍ സെക്രട്ടറി സത്യന് കൊമ്മേരി, സെക്രട്ടറി പ്രിജേഷ് അളോറ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: