കൊച്ചി: കവിത കോപ്പിയടിച്ചും പിന്നെ ക്ഷമ പറഞ്ഞും കുപ്രസിദ്ധി നേടിയ കോളേജ് അധ്യാപിക ദീപാ നിശാന്തിന് സഹപ്രവര്‍ത്തകയും കേരളവര്‍മ കോളേജിലെ അധ്യാപികയുമായ ഡോ. ആരതിയുടെ മൂര്‍ച്ചയുള്ള മറുപടി. ആരോപണ വിധേയനായ ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ ഡോ. ആതിര പങ്കെടുത്തു. പോലീസ് അതിക്രമത്തേയും ചെറുത്തുനിന്ന് സമരം നയിച്ച ആതിര മാധ്യമങ്ങളിലൂടെയും ശ്രദ്ധേയയായി. ബിജെപിയുടെ ജില്ലാ സെക്രട്ടറികൂടിയാണ് ഹിന്ദി അസിസ്റ്റന്റ് പ്രൊഫസറായ ആതിര.
സാമൂഹ്യ മാധ്യമങ്ങളില്‍ ഡോ. ആതിരയുടെ ചിത്രവും വാര്‍ത്തയും പ്രസിദ്ധമായി. കോളേജ് വിദ്യാര്‍ത്ഥികള്‍ രാഷ്‌ട്രീയ ഭേദമില്ലാതെ ആതിരയെ പിന്തുണച്ചു. ഇതിനു പിന്നാലെയാണ് അതേ കോളേജിലെ അധ്യാപിക ദീപ നിശാന്ത് ഫേസ്ബുക്കില്‍ ‘കൊതിക്കെറുവ്’ തീര്‍ത്തത്. ‘മൂന്നാലു ദിവസമായി ചില വ്യക്തികളുടെ പ്രൊഫൈല്‍ കാണുമ്പോള്‍ (അവരില്‍ പലരും നിഷ്പക്ഷത തകര്‍ത്തഭിനയിക്കുന്നവരുമായിരുന്നു) കേരളത്തില്‍ ആദ്യമായാണ് സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്നു തോന്നിപ്പോകും…” എന്നിങ്ങനെ പരിഹസിച്ചായിരുന്നു എഴുത്ത്.
ഇതിന് മറുപടിയായി ഡോ. ആതിര ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് കുറിക്കുകൊള്ളുന്നതായി. ”സഹപ്രവര്‍ത്തകയുടെ പോസ്റ്റ് കണ്ടു എന്നു തുടങ്ങുന്ന മറുപടിയില്‍, സംഘടനാ പ്രവര്‍ത്തന പാരമ്പര്യം വിശദീകരിച്ച് ഫേസ്ബുക്കില്‍ തള്ളി മറിക്കാതെ സമരരംഗത്തുള്‍പ്പെടെ പ്രവര്‍ത്തിച്ച അനുഭവം വിവരിക്കുന്നു. ഒടുവില്‍, മരുന്നുകണ്ടുപിടിച്ചിട്ടില്ലാത്ത അസുഖമായതിനാല്‍ ചികിത്സയില്ലെന്നും” വിമര്‍ശിക്കുന്നു.
ആതിര വി.യുടെ പോസ്റ്റില്‍നിന്ന്: പത്തു വയസില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി അനൗണ്‍സ് ചെയ്ത് തുടങ്ങിയതാണ് എന്റെ രാഷ്‌ട്രീയം. പഠിക്കുന്ന കാലത്ത് എബിവിപിയുടെ സജീവ പ്രവര്‍ത്തക ആയിരുന്നു. കൃത്യം രാഷ്‌ട്രീയ നിലപാടുണ്ട്. അത് സഹപ്രവര്‍ത്തകര്‍ക്കും കുട്ടികള്‍ക്കും അറിയാം. കുട്ടികള്‍ക്കു അറിയില്ലെങ്കില്‍ അത് പറഞ്ഞു കൊടുക്കുന്ന ആളുകളും ഉണ്ട്. എന്നു വെച്ച് മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന സഹപ്രവര്‍ത്തകരോടോ കുട്ടികളോടോ വിരോധവും ഇല്ല.
ഇന്നലെ നടന്ന മാര്‍ച്ചു കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോള്‍ ആദ്യം വിളിച്ചു അന്വേഷിച്ചത് ഇടതുപക്ഷക്കാരനായ അധ്യാപക സുഹൃത്താണ്. ആദ്യം മെസേജ് അയച്ചു വിവരം ചോദിച്ചത് ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്ന കുട്ടികള്‍ ആണ്. ഞാന്‍ അവരുടെ രാഷ്‌ട്രീയത്തെ വിരോധത്തോടെ കണ്ടിട്ടില്ല.
ബിജെപി ജില്ലാ സെക്രട്ടറി ആയി എന്ന വിവരം കോളേജില്‍ ഞാന്‍ ആദ്യമായി പറയുന്നത് പോലും ഇടത് പക്ഷത്തിന്റെ സജീവ പ്രവര്‍ത്തകയായ അധ്യാപികയോടാണ്. അവരോടൊക്കെ എനിക്ക് ബഹുമാനമേ ഉള്ളൂ. കാരണം, അവരെല്ലാം തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. ഫോട്ടോയില്‍ വരാന്‍ മാത്രം വനിതാ മതില്‍ പോലുള്ള പരിപാടിക്ക് പോകുന്നവരല്ല അവരൊന്നും. ഫേസ്ബുക്കില്‍ കുറേ തള്ളിമറിച്ചു ലൈക് കൂട്ടുന്നവരല്ല. ‘മൗലിക’മായ കൃതികള്‍ എഴുതുന്നവരോട് എന്നും ബഹുമാനം മാത്രേ ഉള്ളൂ. നിങ്ങളുടെ ഇപ്പോഴത്തെ പോസ്റ്റിന്റെ പിന്നിലുള്ള അസുഖം ഒക്കെ മനസിലായി. പക്ഷേ മരുന്ന് കണ്ടുപിടിക്കാത്ത അസുഖമായത് കൊണ്ടു രക്ഷയില്ല…”
പ്രതികരിക്കാൻ ഇവിടെ എഴുതുക: