തിരുവനന്തപുരം : കെ.ടി. ജലീല്‍ താന്‍ വേട്ടയാടപ്പെടുകയാണ് എന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കൊല്ലാം, എന്നെ തോല്‍പ്പിക്കാന്‍ ആവില്ലെന്ന ഇരവാദ പ്രചരണമാണ് ജലീല്‍ ഇപ്പോള്‍ നടത്തുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് വിമര്‍ശിച്ചു.
കെ.ടി. ജലീലിനെ സാക്ഷിയാക്കുന്നതിനാണ് വിളിച്ചതെന്നാണ് അദ്ദേഹം ഇപ്പോള്‍ പ്രതികരിക്കുന്നത്. അതേസമയം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് നല്കിയ നോട്ടീസില്‍ ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്.
ഭീകരവാദം, ഭീകരവാദത്തിന് ധനസമാഹരണം, ഗൂഢാലോചന എന്നീ പ്രധാനപ്പെട്ട വകുപ്പുകളിലാണ് എന്‍ഐഎ ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
അദ്ദേഹത്തിന് ഇതുവരെ ഒരു അന്വേഷണ സംഘവും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല. ചോദ്യം ചെയ്യലിനായി ഇനിയും വിളിപ്പിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഈ വിവരങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ട് മതത്തിന്റെ അടിസ്ഥാനത്തില്‍ ഒരു രക്തസാക്ഷി പരിവേഷം നേടാനുള്ള വിഫല ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കേസിനെ ഇപ്പോള്‍ വര്‍ഗ്ഗീയ വല്‍ക്കരിക്കാനാണ് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഇപ്പോള്‍ ആസൂത്രണം ചെയ്യുന്നത്. കോടിയേരി ബാലകൃഷ്ണന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ഖുറാന് കടത്തുന്നത് നിയമ വിരുദ്ധമാണോയെന്ന് ചോദിക്കുന്നുണ്ട്.
ജലീലിനെ ഒരു മതത്തിന്റെ പ്രതീകമായി ഉയര്‍ത്തിക്കാട്ടുക. കേരളത്തിലെ പ്രബുദ്ധരായ മതേതര സമൂഹം ഇതിനെ പുച്ഛിച്ചു തള്ളും. ഇവിടെ ഖുറാന് ഒരു വിഷയമല്ല. വിശുദ്ധ ഗ്രന്ഥത്തെ മറയാക്കി കള്ളക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ടാണ് ജലീലിനെ ചോദ്യം ചെയ്തതെന്നും കെ. സുരേന്ദ്രന് ആരോപിച്ചു.
എതിരാളികള്‍ക്ക് തന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും എന്നാല്‍ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് എന്‍ഐഎ ചോദ്യം ചെയ്യലിന് ശേഷം മന്ത്രി ജലീല്‍ പ്രസ്താവന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടായിരുന്നു കെ. സുരേന്ദ്രന്റെ പ്രസ്താവന. ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ല. തെറ്റ് ചെയ്യാത്തതിനാലാണ് കൂസാതെ മുന്നോട്ട് പോകാനാവുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കെ.ടി. ജലീല്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: