കൊച്ചി: സിപിഎം നേതാക്കളുടെ മക്കള്‍ പോര് കടുത്തതോടെ രഹസ്യങ്ങളും കോഴ ഇടപാടുകളും മറനീക്കി പുറത്തേക്ക്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്തിലും ലൈഫ് മിഷന് പദ്ധതിയിലെ കോടികളുടെ അഴിമതിയിലും സിപിഎം നേതാക്കളുടെ മക്കള്‍ക്കുള്ള പങ്കാണ് വെളിയില്‍ വരുന്നത്. കോഴ വീതം വയ്ക്കുന്നതിലെ തര്‍ക്കവും ബന്ധം മോശമായതുമാണ് ഒറ്റിന് കാരണം. ഇതിലൂടെ പുറത്തുവരുന്നത് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളാണ്.
ബെംഗളൂരുവിലെ ലഹരിക്കടത്തുകേസില്‍ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യാനിടയാക്കിയത് മന്ത്രി ഇ.പി. ജയരാജന്റെ മകന് ജയ്സണ്‍ ഒറ്റിക്കൊടുത്തതിനാലാണെന്നാണ് എതിര്‍കക്ഷികളുടെ സംശയം. ജയ്സണ്‍ ലൈഫ് മിഷന്റെ മറവില്‍ ഒരു കോടി കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നതിനും സ്വപ്നക്കൊപ്പമുള്ളത് ജയ്സണ്‍ എന്നു പറഞ്ഞ് ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനും ബിനീഷാണ് കാരണമെന്ന് ഇ.പി പക്ഷവും കരുതുന്നു.
ജയ്സണിന്റെ ആത്മമിത്രമായിരുന്ന രജീഷ് എന്നയാള്‍ ബിനീഷ് കോടിയേരിയോടൊപ്പം ചേര്‍ന്നത് ആറു മാസം മുമ്പാണ്. ഇതോടെ ബിനീഷും ജയ്സണും അകന്നു. ഇവര്‍ പരസ്പരം അറിവോടെ ചെയ്തിരുന്ന കാര്യങ്ങള്‍ പിടിച്ചെടുക്കാന്‍ മത്സരവുമായി.
ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുമ്പോള്‍ രജീഷ് കൊച്ചിയില്‍ സഹായിയായി ഉണ്ടായിരുന്നു. കോടിയേരിയുടെ കൂടി അറിവോടെ നടത്തിയ നീക്കങ്ങളിലാണ് രണ്ടാം ദിവസം ജയരാജന്റെയും മകന് ജയ്സണിന്റേയും ഇടപാടുകള്‍ പുറത്തുവന്നതെന്ന് അവര്‍ കരുതുന്നു. ജയ്സണും രജീഷും ഒന്നിച്ചായിരുന്നു ഇടപാടുകള്‍. കേരളത്തിലുള്ളപ്പോള്‍ ജയ്സണ്‍ ഉപയോഗിച്ചിരുന്നത് രജീഷിന്റെ ഔഡി ക്യൂ 7 കാര്‍ ആയിരുന്നു. ഇതിന് റോഡിലിറങ്ങുമ്പോള്‍ ഒന്നേകാല്‍ കോടിയോളമാണ് വില.ജയരാജന് മന്ത്രിയായിരിക്കെ കുളപ്പുള്ളിയിലെ രജീഷിന്റെ ഭാര്യവീട് സന്ദര്‍ശിക്കുമായിരുന്നു. ജ്യോതിഷ കാര്യങ്ങള്‍ക്ക് ലക്ഷ്യമിട്ടായിരുന്നു ഇത്. ആറു മാസം മുമ്പ് ജയ്സണ്‍ ഇവിടെ ഒരു മാസത്തോളം തങ്ങിയിട്ടുമുണ്ട്.
ജയരാജന് ഇടപെടുന്ന കേസുകളില്‍ ഒത്തുതീര്‍പ്പു വിഹിതം വാങ്ങുന്നത് ജയ്സണും രജീഷുമായിരുന്നുവെന്നാണ് ആരോപണം. എന്നാല്‍ 27 കോടി രൂപ വിഹിതം കിട്ടിയ ഒരു ഇടപാടില്‍ 13 കോടി ജയ്സണ്‍ കിട്ടേണ്ടത് രജീഷ് കൊടുത്തില്ല. ഈ വിശ്വാസ വഞ്ചനയെ തുടര്‍ന്നാണ് ഇരുവരും പിണങ്ങിയത്. ഇതോടെ രജീഷ് ബിനീഷിനൊപ്പം ചേര്‍ന്നു.
രജീഷുമായി പിരിഞ്ഞ ജയ്സണ്‍ പിന്നെ കൂട്ടു ചേര്‍ന്നത് ആലുവ സ്വദേശി അനീഷുമായാണ്. അനീഷ് കുമാര്‍. ജെ എന്ന ഇയാളുടെ ചുവന്ന ബെന്‍സ് കാറാണ് ജയ്സണ്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ബിനീഷിന്റെ സുഹൃത്തായിരുന്ന അനീഷിനെ ജയ്സണ്‍ വശത്താക്കുകയായിരുന്നു. ഇങ്ങനെ പരസ്പരം അവിശ്വാസം വര്‍ധിച്ചു വരുമ്പോഴാണ് സ്വര്‍ണക്കടത്ത് കേസ് വീണുകിട്ടിയത്. അത് ജയ്സണ്‍ വിനിയോഗിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: