മുംബൈ: പാലി ഹില്‍സിലെ ഓഫീസ് പൊളിച്ച സംഭവത്തില്‍ ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനോട് (ബിഎംസി) രണ്ട് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് നടി കങ്കണ റണാവത്ത്. മുംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലാണ് കങ്കണ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
ഓഫീസിന്റെ 40 ശതമാനവും ബിഎംസി അധികൃതര്‍ പൊളിച്ചുനീക്കി. വിലപിടിപ്പുള്ള പല സാധനങ്ങളും നശിച്ചു. അപൂര്‍വമായ പെയിന്റിങ്ങുകളും ചിത്രങ്ങളും നശിപ്പിച്ചു. നോട്ടീസ് പതിപ്പിച്ച് 24 മണിക്കൂറിനുള്ളില്‍ ഓഫീസ് പൊളിച്ച ബിഎംസിയുടെ നടപടി പ്രതികാര രാഷ്ട്രീയമാണെന്നും കങ്കണ പരാതിയില്‍ പറയുന്നു.
സെപ്തംബര്‍ ഏഴിന് രാവിലെയാണ് അനിധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് ഓഫീസിന്റെ ഗെയിറ്റിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചത്. എട്ടിന് നോട്ടീസിന് മറുപടി നല്കി. ഒമ്പതിന് രാവിലെ കങ്കണയുടെ വാദം തള്ളി. എന്നാല്‍ വാദം തള്ളുന്നതിന് മുമ്പുതന്നെ ബിഎംസി അധികൃതര്‍ ഓഫീസ് പൊളിക്കാനായി സ്ഥലത്തെത്തിയെന്നും കങ്കണ ആരോപിക്കുന്നു.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവും സിനിമാ മേഖലയില്‍ നിറഞ്ഞു നില്ക്കുന്ന മയക്കുമരുന്ന് ബന്ധവും തുറന്നുകാട്ടിയത് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് നാണക്കേടായി. ഇതിന്റെ പകപോക്കലാണ് നടക്കുന്നതെന്നും കങ്കണ പറഞ്ഞു. കേസില്‍ 22ന് വീണ്ടും വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: