തിരുവനന്തപുരം: കവിയൂര്‍ പീഡനക്കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. മുഖ്യപ്രതി ലത നായര്‍ ഒക്ടോബര്‍ 20ന് ഹാജരാകണമെന്നും ജഡ്ജി സനില്‍കുമാര്‍ അന്ത്യശാസനം നല്കി. ലത നായരെ വിശദമായി ചോദ്യം ചെയ്യാനും ആരോപണ വിധേയരായ മന്ത്രിപുത്രന്മാരടക്കമുള്ള വിഐപികളുടെ പങ്കാളിത്തം അന്വേഷിക്കണമെന്നും ഉത്തരവിലുണ്ട്.
പീഡിപ്പിച്ചതാരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ്, സമഗ്രമായ തുടരന്വേഷണം നടത്താന്‍ 2020 ജനുവരി ഒന്നിന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് അഞ്ച് പ്രാവശ്യം തുറന്ന കോടതിയില്‍ കേസ് പരിഗണിച്ചപ്പോഴും സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കുകയോ എന്തൊക്കെ അന്വേഷണം നടത്തിയെന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കുകയോ കൂടുതല്‍ സമയം തേടിയുള്ള എക്സ്റ്റന്‍ഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തില്ല.
മുഖ്യപ്രതി ലത നായരും ഈ ദിവസങ്ങളില്‍ കോടതിയില്‍ ഹാജരായില്ല. സിബിഐയുടെയും പ്രതിയുടെയും നിരുത്തരവാദപരമായ രീതിയെയും അലംഭാവത്തെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കേസിന്റെ വസ്തുത അറിയാവുന്ന നിര്‍ണായക സാക്ഷികളെ മൊഴിയെടുക്കാതെ ഒഴിവാക്കിയതിന് സിബിഐയെ തുടരന്വേഷണ ഉത്തരവില്‍ കോടതി ശാസിച്ചു. പീഡനക്കേസുകളിലെ ഇരയായ മൈനര്‍ പെണ്‍കുട്ടികളുടെ കൂട്ടുകാരിയായ ശ്രീകുമാരി ഹൈക്കോടതി ജസ്റ്റിസ് ബസന്തിന് അയച്ച കത്തിനെക്കുറിച്ചും അതില്‍ പേരു പറയുന്ന പ്രതികളെക്കുറിച്ചും അന്വേഷിക്കാത്തതെന്തെന്നും സിബിഐയോട് കോടതി ചോദിച്ചു.
ലത നായരെ മാത്രം വച്ച് വിചാരണ ആരംഭിക്കുന്നത് നമ്പൂതിരി കുടുംബത്തോടുള്ള അനീതിയാകുമെന്നും കോടതി വ്യക്തമാക്കി. നാലാം തുടരന്വേഷണ റിപ്പോര്‍ട്ടിനെതിരെ മരിച്ചയാളുടെ സഹോദരന് ഉണ്ണികൃഷ്ണന് നമ്പൂതിരിയും ക്രൈം മാഗസിന് എഡിറ്റര്‍ നന്ദകുമാറുമാണ് തുടരന്വേഷണ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: