കോതമംഗലത്തിന്റെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് കുട്ടമ്പുഴ. കുട്ടമ്പുഴയാര്(പെരിയാറിന്റെ ചേരുന്ന ഒരു കൈവഴി) കുട്ടമ്പുഴ പഞ്ചായത്തിനെ രണ്ടായി വിഭജിക്കുന്നു. ബ്ലാവനയില്‍ നിന്നും ജങ്കാറിലൂടെ അക്കരെയെത്തി ആറര കിലോമീറ്ററോളം പോയാല്‍ കല്ലേലി എന്ന സ്ഥലത്ത് എത്താം. കേരളത്തിലെ ഏറ്റവും വലിയ വാര്‍ഡാണിത്. കൂറ്റന്‍ മലകളും മലയിടുക്കുകളും അരുവികളും കല്ലേലിയെ സുന്ദരിയാക്കുന്നു.
ഏകദേശം, മുന്നൂറ്റിയെമ്പതോളം വീടുകളാണ് കല്ലേലിമേട്ടില്‍ ഒമ്പതോളം മുതുവാന്‍ കോളനികളിലായി താമസിക്കുന്നത്. അതില്‍ കല്ലേലിയില്‍ മാത്രം നാട്ടില്‍ നിന്നും കുടിയേറിയവരാണ്. മറ്റ് ഊരുകളിലെല്ലാം ആദിവാസികളായ മുതുവാന്മാര് താമസിച്ചു വരുന്നു. ഊരു വിട്ട് പുതിയ സ്ഥലം കണ്ടെത്തി കൃഷിയിറക്കി അവിടുത്തെ വിളവെടുത്ത് കഴിഞ്ഞാല്‍ അടുത്ത സ്ഥലത്ത് പോയി കൃഷി ചെയ്യുകയാണ് ഇവരുടെ രീതി. നാട്ടിലെ ആളുകള്‍ കാട് വാഴാന്‍ തുടങ്ങിയപ്പോള്‍ അവരുടെ സ്വാതന്ത്ര്യം നഷ്ട്ടപ്പെട്ടു. ഇപ്പോള്‍ ഒരേ ഊരില്‍ തന്നെ താമസിക്കാനെ കഴിയൂ. പുരയിടത്തില്‍ റബ്ബറും, വാഴയും കുരുമുളകുമൊക്കെ ഇപ്പോള്‍ കൃഷി ചെയ്തു തുടങ്ങിയിട്ടുണ്ട്.
സംരക്ഷിത വനപ്രദേശത്ത് പോയി കാട്ടു തേനും ഔഷധങ്ങളും ശേഖരിച്ചു ഇവര്‍ ഉപജീവനം നടത്തുന്നു. കുഞ്ചിപ്പാറ, വാരിയം, തലവെച്ചുപാറ തേര, മാപ്പിളപ്പാറ, കാണത്തിക്കുടി, മണിക്കുടി, മീന്‍കുളം എന്നിങ്ങനെ ചെറിയ ചെറിയ ഊരുകളിലായിട്ടാണ് ഇവരുടെ വാസം .ഓരോ ഊരും തമ്മില്‍ ആറും പത്തും കിലോമീറ്റര്‍ അകലം വരും .കാട്ടാന ശല്യം വ്യാപകമാണ്. ഇവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാണ്, വെള്ളമില്ല, വെളിച്ചമില്ല, നല്ല റോഡില്ല വൈദ്യുതിയില്ല. എല്ലാം ഇവര്‍ക്ക് വേണം പക്ഷെ, സര്‍ക്കാറുകള്‍ പലതും മാറിമാറി വന്നെങ്കിലും, പദ്ധതികള്‍ പലതും വന്നെങ്കിലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. കുന്നോളം വാഗ്ദാനങ്ങള്‍ കുന്നിക്കുരുവോളം ലഭ്യമല്ല. ഒരുപക്ഷെ ഇന്ത്യയില്‍ തന്നെ ഇത്രയുംപേരെ ഒരേ സ്ഥലത്ത് അവഗണിക്കപ്പെട്ടു കിടക്കുന്നത് ഒരിടത്തും കാണില്ല.
തെരഞ്ഞെടുപ്പ് വരുമ്പോള്‍ ഖദറിട്ട വേഷങ്ങള്‍ പുഞ്ചിരിയും ചുണ്ടില്‍ തിരുകി കടന്ന് വരും. പിന്നെ വാഗ്ദാനങ്ങളുടെ പെരുമഴ. വോട്ടിന്റെ തലേ ദിവസം മദ്യത്തിന്റെ നീരാട്ട്. വോട്ടുകുത്തി കഴിഞ്ഞാല്‍ പിന്നെ ഒരു വാഗ്ദാനക്കാരെയും അടുത്ത തെരഞ്ഞെടുപ്പ് വരാതെ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ലന്ന് ഇവര്‍ക്ക് പരാതിയുണ്ട്. എട്ട് വര്‍ഷമായി വിവിധ ഘട്ടങ്ങളായി പതിനെട്ട് ലക്ഷം രൂപ മുടക്കി കഴിഞ്ഞ കുടിവെള്ള പദ്ധതി എങ്ങുമെത്താതെ കിടക്കുന്നു. ഇപ്പോള്‍ വീണ്ടും രാഷ്ട്രീയക്കാര്‍ എത്തുമെന്ന് അവര്‍ക്ക് അറിയാം. അടുത്ത തിരഞ്ഞെടുപ്പില്‍ ഒരു മാറ്റത്തിന് അവര്‍ ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: