ഹൈദരാബാദ്: ലോകത്തിലെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ്ദ വൈദ്യുതി ഉല്പാദന സംയോജിത സൗരോര്‍ജ മേല്‍ക്കൂരയായ ഓട്ടം സോളാര്‍ റൂഫിന്റെ ഇരുപതു വര്‍ഷ പേറ്റന്റ് വിശാഖ ഇന്‍ഡസ്ട്രീസിനു ലഭിച്ചു. മേല്‍ക്കൂരയായി നേരിട്ട് ഉപയോഗിക്കാവുന്ന ലോകത്തിലെ ആദ്യ സോളാര്‍ പാനലാണ് ഇത്.
സിമന്റ് ബോര്‍ഡുകളും പോളി, മോണോ ക്രിസ്റ്റലിന് സോളാര്‍ സെല്ലുകളും കൊണ്ടാണിതു നിര്‍മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ഇലക്ട്രോ ടെക്നിക്കല്‍ കമ്മീഷന് നിലവാരമനുസരിച്ചുള്ള യുഎല്‍ സര്‍ട്ടിഫിക്കേഷനും ഓട്ടത്തിനു ലഭിച്ചിട്ടുണ്ട്. ചോര്‍ച്ചയില്ലാതെ യോജിപ്പിക്കുന്നതിനുള്ള പേറ്റന്റോടു കൂടിയ സംവിധാനവും ഇതിനോടൊപ്പമുണ്ട്. കാറ്റ്, തീ എന്നിവയെ ചെറുക്കുന്നതു കൂടിയാണിത്.
വിപണിയില്‍ ലഭിക്കുന്ന പരമ്പരാഗത സോളാര്‍ പാനലുകള്‍ പോലെ സ്ഥാപിക്കുന്നതിന് ഏതെങ്കിലും മേല്‍ക്കൂര ആവശ്യമില്ല എന്നതാണ് ഓട്ടത്തിന്റെ സവിശേഷത. ടൈലുകളും മറ്റു പരമ്പരാഗത മേല്‍ക്കൂരകളും പോലെയുള്ള സവിശേഷതകളാണ് ഇതിനുള്ളത്. 20 മുതല്‍ 40 ശതമാനം വരെ കൂടുതല്‍ സ്ഥലം മേല്‍ക്കൂരയില്‍ വൈദ്യുത ഉല്പാദനത്തിനായി ലഭിക്കുകയും ചെയ്യും. പരമ്പരാഗത സോളാര്‍ മേല്‍ക്കൂരകളേക്കാള്‍ 20-40 ശതമാനം വൈദ്യുതി ലഭിക്കുമെന്നതാണിതിന്റെ ഗുണം. സൗന്ദര്യപരമായ സവിശേതകള്ക്കു പുറമെ നാലു വര്‍ഷത്തില്‍ കുറവു കാലം കൊണ്ട് നിക്ഷേപത്തിന്മേല് വരുമാനം ലഭിക്കുമെന്ന നേട്ടവുമുണ്ട്. 25 വര്‍ഷത്തോളം സൗജന്യ വൈദ്യുതി അനുഭവിക്കാന്‍ ഇതിലൂടെ സാധിക്കുകയും ചെയ്യും.
താന്‍ 2016 മുതല്‍ പ്രയത്നിച്ചു കൊണ്ടിരിക്കുന്ന ഒരു ആശയമാണ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ മേല്‍ക്കൂരയായ ഓട്ടത്തിന്റെ കണ്ടുപിടുത്തമെന്ന് ഇതേക്കുറിച്ച് സംസാരിക്കവെ വിശാഖ ഇന്‍ഡസ്ട്രീസ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ വാമ്സി ഗഡ്ഡാം ചൂണ്ടിക്കാട്ടി. ഓട്ടത്തിനു പേറ്റന്റ് ലഭിച്ചതില്‍ ഏറെ ആഹ്ലാദമുണ്ടെന്നും ഒരു യഥാര്‍ത്ഥ മെയ്ഡ് ഇന്‍ ഇന്ത്യ വ്യവസായമാണു തങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത മേല്ക്കുരകള്ക്ക് 15 വര്‍ഷം കാലാവധിയുള്ളപ്പോള്‍ ഓട്ടം 30 വര്‍ഷം നിലനില്‍ക്കുമെന്ന സവിശേഷതയുണ്ട്. ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ നിരവധി കേന്ദ്രങ്ങളില്‍ ഓട്ടം മേല്‍ക്കൂരകള്‍ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: