തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി. ജലീലിന് ക്ലീന്‍ചിറ്റ് ഇല്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി എ.കെ. മിശ്ര അറിയിച്ചു.
രണ്ട് തവണയാണ് കെ.ടി. ജലീലിനെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തത്. വിമാനത്താനവളത്തില്‍ നിന്നും പ്രോട്ടോക്കോള്‍ ലംഘിച്ച് പാഴ്സല്‍ കൈപപ്പറ്റിയത് ഉള്‍പ്പടെ മന്ത്രിക്കെതിരെ അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയും, വെള്ളിയാഴ്ച രാവിലേയുമായാണ് ചോദ്യം ചെയ്തത്.
വ്യാഴാഴ്ച രാത്രി 7.30നാണ് ജലീല്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസില്‍ ആദ്യം എത്തിയത്. 11 മണിവരെയാണ് അന്നത്തെ ദിവസത്തെ ചോദ്യം ചെയ്യല്‍ നീണ്ടത്. തുടര്‍ന്ന് പിറ്റേ ദിവസം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായെന്നാണ് ലഭിക്കുന്ന വിവരം. യുഎഇയില്‍ നിന്ന് ഖുര്‍ആന്‍ എത്തിച്ചതടക്കമുള്ള കാര്യങ്ങള്‍ ജലീലില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച മന്ത്രി എന്‍ഫോഴ്സ്മെന്റിന് വിശദീകരണ കുറിപ്പും എഴുതി നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ചയും എന്‍ഫോഴ്സ്മെന്റ് ജലീലിനെ ചോദ്യം ചെയ്തത്.
അന്വേഷണ സംഘത്തിന് മുമ്പാകെ നല്കിയ ജലീലിന്റെ മൊഴി എന്‍ഫോഴ്സ്മെന്റ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ദല്‍ഹില്‍ മൊഴി വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടിയില്‍ തീരുമാനമെടുക്കും.
അതേസമയം ആരോപണ വിധേയനായ ഇ.പി. ജയരാജന്റെ മകനേയും എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്തേക്കും. യുഎഇ സന്നദ്ധ സംഘടനയായ ലൈഫ് ക്രസന്റില്‍ നിന്ന് കൈക്കൂലി വാങ്ങിയതായുള്ള ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.പി. ജയരാജനേയും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: