കണ്ണൂര്‍: സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട സിപിഎമ്മിലെ കണ്ണൂര്‍ ലോബി ഒന്നാകെ പ്രതിക്കൂട്ടില്‍. മുഖ്യമന്ത്രിയുടെ ഓഫീസും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും സര്‍ക്കാരിനെയും സിപിഎമ്മിനേയും കുരുക്കിലാക്കിയതിന് പിന്നാലെ ലൈഫ്മിഷന് തട്ടിപ്പില്‍ കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ഇ.പി. ജയരാജന്റെ മകന് ജെയ്സണും സംശയ നിഴലിലായി. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ജയരാജന്റെ മകന് ജയ്സണ്‍ കോടികള്‍ കമ്മീഷന് പറ്റിയെന്നാണ് ആരോപണം.
സ്പ്രിംഗഌ വിഷയത്തിലടക്കം മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നു. ബെംഗളുരുവില്‍ അറസ്റ്റിലായ മയക്കുമരുന്ന് കേസിലെ പ്രതിയുമായുള്ള ബന്ധം, സ്വപ്ന സുരേഷിനെ ബെംഗളുരുവിലേക്ക് കടക്കാന്‍ സഹായിച്ചെന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ബിനീഷിനെതിരെ ഉയര്‍ന്നു. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയെന്ന് സിപിഎം വിശേഷിപ്പിച്ച ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ മകനെതിരെ ആരോപണം.
നിരന്തരം മക്കള്‍ മൂലം പഴി കേള്‍ക്കേണ്ടി വന്ന കോടിയേരിക്കെതിരായ വികാരം പാര്‍ട്ടിക്കകത്ത് നിലനില്‍ക്കക്കേയാണ് ഇ.പി. ജയരാജനും കുടുക്കിലായത്. പാര്‍ട്ടി പ്രതിരോധത്തിലാകുമ്പോള്‍ രംഗത്തിറങ്ങുന്ന കണ്ണൂര്‍ ലോബിയിലെ മറ്റ് നേതാക്കളും തെക്കന്‍ നേതാക്കളും സൈബര്‍ സഖാക്കളും മൗനത്തിലാണ്.
പാരിസ്ഥിതിക നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് നിര്‍മിച്ച ആയുര്‍വേദ റിസോര്‍ട്ടിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇ.പിയുടെ മകന് ജെയ്സണ്‍ വിവാദത്തിലായിരുന്നു. ജയരാജന്റെ മകനും വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. പ്രവാസി വ്യവസായിയുടെ ഓഡിറ്റോറിയം നിര്‍മാണം സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ചുവപ്പുനാടയില്‍ കുരുക്കി ആത്മഹത്യയിലേക്ക് നയിച്ച നഗരസഭയാണ് അനധികൃത റിസോര്‍ട്ടിന് അനുമതി നല്‍കിയത്.
കോടികള്‍ മുടക്കി കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ഏഴു പേരാണ് കമ്പനി ഡയറക്ടര്‍മാര്‍. സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണപരിധിയിലുള്ള യുഎഎഫ്എക്സ് എന്ന വിസ സ്റ്റാംപിങ് ഏജന്‍സിയുടെ ഡയറക്ടര്‍ സുജാതനും റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്.
ഭരണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും തണലില്‍ കോടിയേരിയുടെയും ഇ.പി. ജയരാജന്റെയും മുഖ്യമന്ത്രിയുടേയും മക്കള്‍ ബിസിനസ് വിപുലപ്പെടുത്തുകയായിരുന്നു. റിയല്‍ എസേ്റ്ററ്റ് മേഖലയിലടക്കം പല ബിസിനസുകളിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ട്. ഗള്‍ഫിലും ബെംഗളൂരുവിലുമടക്കം ഇവരെല്ലാം നിരവധി ബിസിനസ്സുകളില്‍ വ്യാപൃതരാണ്.പാര്‍ട്ടിയെ ഹൈജാക്ക് ചെയ്ത്,
തെക്കന്‍ കേരളത്തിലെ നേതാക്കളെയടക്കം തഴഞ്ഞ് മുന്നോട്ടു പോകുന്ന പിണറായിയടക്കമുള്ളവര്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന നിലയിലെത്തിച്ചുവെന്ന അഭിപ്രായം കണ്ണൂരില്‍ നിന്നുള്ള ചില ഉന്നത നേതാക്കള്‍ക്കിടയിലും തെക്കന്‍ നേതാക്കള്‍ക്കിടയിലും ഉയര്‍ന്നു കഴിഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് സജീവമായതിന് ശേഷം സിപിഎമ്മിന്റെ കണ്ണൂര്‍ ലോബിയെന്ന് വര്‍ഷങ്ങളായി അറിയപ്പെടുന്ന നേതാക്കളല്ലാതെ മറ്റാരും അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചാനല്‍ ചര്‍ച്ചകളിലടക്കം പങ്കെടുക്കാറോ ഇല്ല. മുഖ്യമന്ത്രിയുടേയും സെക്രട്ടറിയുടേയും ഏകാധിപത്യ നടപടികളാണ് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ഇന്ന് ഇത്രയധികം പ്രതിസന്ധിയിലെത്തിച്ചതെന്ന അഭിപ്രായവും സിപിഎമ്മില്‍ ശക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: