തൃശൂര്‍: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെ. ടി. റമീസും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നഴ്സിന്റെ ഫോണില്‍ ബന്ധപ്പെട്ടത് ഉന്നതരെയെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. സ്വപ്ന ചികിത്സയില്‍ കഴിഞ്ഞിരുന്ന 9-ാം തീയതി മന്ത്രി എ.സി. മൊയ്തീന് മെഡിക്കല്‍ കോളേജിലെത്തിയതായും വ്യക്തമായി. ജയില്‍ച്ചട്ടം ലംഘിച്ച് ആശുപത്രിയില്‍ സ്വപ്നയെ സന്ദര്‍ശിച്ചവരെക്കുറിച്ചും അന്വേഷണമാരംഭിച്ചു. ഇവര്‍ നഴ്സിന്റെ ഫോണില്‍ നിന്ന് തിരുവനന്തപുരത്തെ നഴ്സിനെ വിളിച്ചതായി ജന്മഭൂമി ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചില പോലീസുകാരുടേയും നഴ്സ് അടക്കമുള്ള ആശുപത്രി ജീവനക്കാരുടേയും സഹായത്തോടെയാണ് സ്വപ്നയും റമീസും ഫോണില്‍ പലരേയും വിളിച്ചത്. സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും ഉന്നത നേതാക്കളുമായി ഇവര്‍ ഫോണില്‍ സംസാരിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു.
നെഞ്ചുവേദനയെത്തുടര്‍ന്നാണ് സ്വപ്നയെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇവിടെനിന്ന് ഒരു നഴ്സിന്റെ ഫോണില്‍ സ്വപ്ന പലരേയും വിളിച്ചതായാണ് വ്യക്തമായത്. വിളിച്ച നമ്പറുകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലെത്തിച്ച സ്വപ്നയ്ക്ക് ഞായറാഴ്ച വീണ്ടും നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയുന്നു. തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതിയായ കെ.ടി. റമീസിനേയും ഞായറാഴ്ച വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാള്‍ക്ക് വയറുവേദന അനുഭവപ്പെട്ടതായാണ് പറയുന്നത്. റമീസ് മുസ്ലിം ലീഗിന്റെ ഒരു പ്രമുഖ നേതാവുമായി ഫോണില്‍ സംസാരിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഇരുവരേയും ഒരേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനേക്കുറിച്ച് ജയില്‍ വകുപ്പ് വിശദീകരണം തേടി. ജയില്‍ ഡിജിപിയാണ് വിയ്യൂര്‍ ജയില്‍ അധികൃതരോട് വിശദീകരണം തേടിയത്. സ്വപ്നയ്ക്ക് ഇന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തും. റമീസിന് എന്‍ഡോസ്കോപ്പി നടത്തുമെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: