വി.എസ്. അച്യുതാനന്ദന് നേതൃത്വം നല്കിയ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും, പിണറായി വിജയന്റെ ഇപ്പോഴത്തെ സര്‍ക്കാരും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസം കാണാമെങ്കിലും രണ്ട് ഭരണത്തിനും ഒന്നുപോലെ ബാധകമായ ഒരു കാര്യമുണ്ട്. ലൈംഗിക പീഡനക്കേസുകളോടുള്ള സമീപനമാണത്. യുഡിഎഫ് ഭരണകാലത്ത് ലൈംഗിക പീഡനത്തിനിരയായി ശാരി എസ്. നായരെന്ന പെണ്‍കുട്ടി മരിച്ച കേസില്‍ അതുവരെ പിടിക്കപ്പെടാതിരുന്ന വിഐപിയെ കൈവിലങ്ങണിയിച്ച് തെരുവിലൂടെ നടത്തുമെന്നാണ് വിഎസ് പ്രഖ്യാപിച്ചത്. പിണറായി പക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നും ആ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞതില്‍ വിഎസിന്റെ നീതിബോധം തുടിക്കുന്ന ഈ പ്രഖ്യാപനം വലിയ പങ്കുവഹിക്കുകയുണ്ടായി. എന്നാല്‍ മുഖ്യമന്ത്രിയായതോടെ വിഎസ് എല്ലാം മറന്നു. വാക്കു പാലിച്ചില്ലെന്നു മാത്രമല്ല, മകള്‍ക്ക് നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് തന്നെ സമീപിച്ച ശാരിയുടെ മാതാപിതാക്കളെ വിഎസ് ആട്ടിയിറക്കുകയും ചെയ്തു. വാളയാറില്‍ രണ്ട് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ദാരുണമായി കൊല്ലപ്പെട്ട കേസില്‍ പിണറായി സര്‍ക്കാരും സമൂഹമനഃസാക്ഷിക്കു നേരെ കാര്ക്കിച്ചുതുപ്പുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
2017 ലാണ് വാളയാറിലെ അട്ടപ്പള്ളത്ത് രണ്ട് മാസത്തെ കാലയളവില്‍ പതിമൂന്നും എട്ടും വയസ്സുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ കേസിലെ നാല് പ്രതികളെയും പോക്സോ കോടതി വെറുതെ വിട്ടു. ഇതിനെതിരെ അപ്പീല്‍ പോയതിനെ തുടര്‍ന്ന് പ്രതികള്‍ അറസ്റ്റിലായെങ്കിലും ജാമ്യത്തിലിറങ്ങി. ചില പ്രതികള്‍ സിപിഎം അനുഭാവികളാണ്. പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് അന്വേഷണം അട്ടിമറിക്കാനിടയായതെന്ന വിമര്‍ശനം ശക്തമാണ്. ആദ്യം കേസന്വേഷിച്ച എസ്ഐ പ്രതികള്‍ക്കെതിരായേക്കാവുന്ന ശാസ്ത്രീയ തെളിവുകളെല്ലാം നശിപ്പിച്ചു. മൂത്ത പെണ്‍കുട്ടി മരിച്ച് 51 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ പെണ്‍കുട്ടി മരിക്കുന്നത്. എന്നാല്‍ ഈ പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. പെണ്‍കുട്ടിയുടെ അമ്മ മൊഴി കൊടുത്തെങ്കിലും അത് രേഖപ്പെടുത്തിയില്ല. ആദ്യം മരിച്ച പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ കസ്റ്റഡിയിലെടുക്കാതെ അവ കത്തിച്ചു കളയാന്‍ പ്രതികള്‍ക്കൊപ്പം നിന്ന ചില ബന്ധുക്കള്‍ക്ക് അവസരം നല്കി. ചുരുക്കിപ്പറഞ്ഞാല്‍ കേസ് ആസൂത്രിതമായി അട്ടിമറിക്കുകയായിരുന്നു.
വിചാരണക്കോടതി വിധിക്കെതിരായ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതിയും, പെണ്‍കുട്ടികളുടെ അസ്വാഭാവിക മരണത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷനും പോലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുള്ള വീഴ്ചകള്‍ അക്കമിട്ട് നിരത്തുകയുണ്ടായി. കേസ് അട്ടിമിറിച്ച എസ്ഐയെയും കോടതിയില്‍ വാദിച്ച പ്രോസിക്യൂട്ടര്‍മാരെയും മേലില്‍ ഇത്തരം കേസുകള്‍ ഏല്‍പ്പിക്കരുതെന്നും കമ്മീഷന് ശുപാര്‍ശ ചെയ്തിരുന്നു. ഈ കേസില്‍ സര്‍ക്കാരിന്റെ താല്‍പ്പര്യമില്ലായ്മ പ്രകടമായിരുന്നു. കേസിലെ പ്രതികള്‍ക്കുവേണ്ടി വാദിച്ചത് സിപിഎമ്മുകാരനായ അഭിഭാഷകനാണ്. ഇയാളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനാക്കിയത് വലിയ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നു. കേസില്‍ പുനരന്വേഷണം ഉറപ്പു നല്കിയ മുഖ്യമന്ത്രി പിണറായി വിജയന് കേസ് അട്ടിമറിക്കാന്‍ കൂട്ടുനിന്ന ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നല്‍കുന്നതാണ് പിന്നീട് കണ്ടത്. പാര്‍ട്ടിയില്‍ ബദ്ധശത്രുക്കളായി പരസ്പരം വെട്ടിനിരത്താന്‍ ശ്രമിച്ചവരാണെങ്കിലും പിണറായി മറ്റൊരു വിഎസായി മാറിയതാണ് ഇവിടെ കാണുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങള്‍ ആന്തരികവല്‍ക്കരിച്ച പാര്‍ട്ടിയാണ് സിപിഎം. മുതിര്‍ന്ന നേതാക്കള്‍ പലരും ഇത്തരം കേസുകളില്‍ ആരോപണ വിധേയരും പ്രതികളുമൊക്കെ ആയപ്പോള്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് പാര്‍ട്ടി നിന്നത്. ഇത്തരം നിരവധി വിഐപിമാര്‍ നേതൃത്വത്തില്‍ വിലസുന്നത് ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് പ്രേരണയായി മാറുന്നു. രാജ്യത്തെ തന്നെ നടുക്കിയ വാളയാര്‍ പീഡന കേസില്‍ പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം നേതൃത്വം നിര്‍ബന്ധിതമാണെന്ന ആക്ഷേപമുണ്ട്. സമഗ്രമായ ഒരു പുനരന്വേഷണത്തിലൂടെ മാത്രമേ ഇതിന്റെ രഹസ്യം വെളിപ്പെടൂ. അപ്രിയ സത്യങ്ങള്‍ പുറത്താവുമെന്ന കാരണത്താലാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ താല്‍പ്പര്യം കാണിക്കാത്തത്. കേസ് അട്ടിമറിച്ച ഡിവൈഎസ്പിക്ക് സ്ഥാനക്കയറ്റം നല്കിയ നടപടി പിന്‍വലിക്കുക, കേസ് പുനരന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച്, കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് തെരുവില്‍ സത്യഗ്രഹം നടത്തേണ്ടിവന്നത് ഇടതുപക്ഷ ഭരണത്തില്‍ കേരളത്തിന് വന്നിരിക്കുന്ന ദുര്‍ഗതിയാണ്. തെല്ലെങ്കിലും നീതിബോധം അവശേഷിക്കുന്നുണ്ടെങ്കില്‍ കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തയ്യാറാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: