ന്യൂദല്‍ഹി: വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കടത്തിയ 11,267 കിലോ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കേന്ദ്ര സര്‍ക്കാര്‍. 2015-16 ല്‍ 2452 കിലോഗ്രാം സ്വര്‍ണമാണ് പിടിച്ചത്. 2016-17-ല്‍ 921 കിലോയും 2017-18 1996, 2018-19ല്‍ 2946കിലോയും 2019-20-ല്‍ 2829കിലോയും 2020 മുതല്‍ ഇതുവരെ 123കിലോ സ്വര്‍ണ്ണവും പിടിച്ചെടുത്തുവെന്നാണ് കേന്ദ്രം നല്‍കിയിരിക്കുന്ന വിവരം.
ഇതിലെല്ലാമായി 31228 കോടിയുടെ മൂല്രിയമാണ് കണക്കാക്കിയിരിക്കുന്നത്. സ്വർണ്ണക്കടത്തിന്റെ പേരിൽ 16,555 കേസുകൾ അഞ്ചു വർഷത്തിനകം രജിസ്ട്രർ ചെയ്തിട്ടുണ്ട്. 8401 പേർക്കെതിരെ കേസുമെടുത്തു. യഥാർത്ഥ കള്ളക്കടത്തിന്റെ ഒരു ശതമാനം പോലും പിടിക്കപ്പെടുന്നില്ല എന്നു വരുമ്പോളാണ് ഈ കണക്കിന്റെ വ്യാപ്തി ഏറുന്നത്
ആന്റോ ആന്റണിയും എന്‍.കെ.പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും ഉന്നയിച്ച ചോദ്യത്തിന് നല്‍കിയ രേഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട ഒരു പ്രതിക്ക് ഉന്നതതല ബന്ധമുണ്ട്. അതിനാല്‍, വിവരങ്ങള്‍ പുറത്തു പറഞ്ഞാല്‍ കേസ് അട്ടിമറിക്കപ്പെട്ടേക്കാം. കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: