തൃശ്ശൂര്‍: റെഡ്ക്രന്റ്- ലൈഫ് മിഷന് കമ്മീഷന് ഇടപാടില്‍ വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്റെ മകനും പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നക്കൊപ്പം ലൈഫ് മിഷന് ഇടപാടില്‍ ജയരാജന്റെ മകനും ഭീമമായ കമ്മീഷന് ലഭിച്ചെന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്. ധനമന്ത്രി തോമസ് ഐസക്കിനെ സാക്ഷിയാക്കി കൈരളി ചാനല്‍ സിഇഒ ജോണ്‍ ബ്രിട്ടാസ് വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മീഷന് ലഭിച്ചെന്നാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ബാക്കി പണം ആര്‍ക്കൊക്കെ എവിടെ വച്ച് നല്‍കിയെന്ന് കൈരളി ചാനല്‍ തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ പറഞ്ഞത് അന്വേഷണം ശരിയായ വഴിയിലാണ് നടക്കുന്നതെന്നാണ്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര നേതൃത്വവും ഇപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. അന്വേഷണം തങ്ങള്‍ക്കെതിരെ തിരിഞ്ഞപ്പോഴാണ് സിപിഎമ്മിന്റ നിലപാട് മാറ്റം. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു.
എല്ലാക്കാലത്തും തങ്ങള്‍ക്കെതിരായി അന്വേഷണം നടത്തുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ സിപിഎം ശ്രമിക്കാറുണ്ട്. നിയമവാഴ്ചയൊടുള്ള വെല്ലുവിളിയും അന്വേഷണത്തെ സ്ഥിതിരിച്ചുവിടാനുള്ള നീക്കവുമാണിത്. അന്വേഷണം വമ്പന്‍ സ്രാവുകളിലേക്ക് എത്തുകയും കൂടുതല്‍ ഉന്നതര്‍ കടുങ്ങുകയും ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് അന്വേഷണ ഏജന്‍സിക്കെതിരായ സിപിഎം നീക്കം. മടിയില്‍ കനമില്ലാത്തവര്‍ക്ക് ഭയപ്പെടാനില്ലന്നും അന്വേഷണം മുറുകുമ്പോള്‍ മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂടും എന്നുമുള്ള അഭിപ്രായത്തില്‍ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നില്ക്കുന്നുണ്ടോ എന്ന് സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: