കാസര്‍കോട്: ടാറ്റാ കമ്പനി പ്രഖ്യാപിച്ചത് പോലെ തന്നെ കൊവിഡ് ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറിയെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവം മൂലം പ്രവര്‍ത്തനം ആരംഭിച്ചില്ല. ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാരെ നിയമിക്കാനുള്ള ഒരു നടപടിയും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. രോഗികളെ പ്രവേശിപ്പാക്കാനാവശ്യമായതൊന്നും സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ല. പ്രവര്‍ത്തനം തുടങ്ങാനാവശ്യമായ രൂപരേഖ പോലും തയാറായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. എത്ര കിടക്കകള്‍, എത്ര രോഗികളെ പ്രവേശിപ്പിക്കും, സൗകര്യങ്ങളെന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തന്നെ ടാറ്റ അധികൃതര്‍ സര്‍ക്കാറിനെ കൃത്യമായി അറിയിച്ചതാണ്.
ടാറ്റയുടെ കൊവിഡ് ആശുപത്രി പിണറായി സര്‍ക്കാറിന്റെ ഭരണനേട്ടമായി കൊട്ടിഘോഷിച്ചു. പക്ഷേ, ആശുപത്രി കൈമാറിക്കിട്ടിയിട്ടും എത്രദിവസം അടച്ചിടേണ്ടി വരുമെന്ന് പോലും പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്. പ്രവര്‍ത്തനം സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം കിട്ടിയിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറയുന്നത്.
ഉക്കിനടുക്കയിലെ കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുള്‍പ്പെടെ നാനൂറിലധികം ജീവനക്കാരുടെ തസ്തിക കണക്കാക്കുന്ന പട്ടികയാണ് പ്രാഥമികമായി തയാറാക്കിയത്. ഇവിടെ ഡോക്ടര്‍മാരുള്‍പ്പടെ 273 തസ്തിക നേരത്തെ അംഗീകരിച്ചിരുന്നു. പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതിന് മുമ്പ് കൊവിഡ് ആശുപത്രിയാക്കി മാറ്റിയതിനാല്‍ ഇവിടെ നിശ്ചയിക്കപ്പെട്ട ജീവനക്കാരെ നിയമിക്കേണ്ടി വന്നിട്ടില്ല. ബാക്കി വരുന്ന ജീവനക്കാരെ ടാറ്റ ആശുപത്രിയിലേക്ക് നിയമിക്കാമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. പക്ഷെ സംസ്ഥാന സര്‍ക്കാര്‍ ഈ കാര്യത്തില്‍ ഇതുവരെ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും നല്‍കിയിട്ടില്ല.
ആശുപത്രിക്കായുള്ള കണ്ടെയ്നറുകള്‍ കൊണ്ടുവരാനായി ദേശീയപാതയില്‍ അമ്പട്ട വളവില്‍നിന്നും 12 മീറ്റര്‍ വീതിയിലുള്ള റോഡുനിര്‍മാണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയെങ്കിലും അരികുകെട്ടി ടാറിങ് നടത്തേണ്ട പ്രവൃത്തി ഇപ്പോഴും അവശേഷിക്കുകയാണ്.
കുഴല്‍ക്കിണര്‍ നിര്‍മിച്ച് കുടിവെള്ള സൗകര്യവും പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച് വൈദ്യുതി പ്രശ്നവും താല്കാലികമായി പരിഹരിച്ചു. രണ്ടുമാസത്തിനുള്ളില്‍ റോഡും അതിനുമുമ്പായി ബാവിക്കരയില്‍ നിന്ന് കുടിവെള്ളവും കൂടുതല്‍ ശേഷിയിലുള്ള വൈദ്യുതി ലഭിക്കാനുള്ള സൗകര്യവും ഒരുക്കുമെന്നാണ് ഇപ്പോഴും സര്‍ക്കാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: