കൊച്ചി. ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്ന പ്രചാരണം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പരിവാര്‍ സംഘടനയായ ബിഎംഎസ്. ഈ മുദ്രാവാക്യം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ കൂടിയും മറ്റും വ്യാപകമായി പ്രചരിപ്പിക്കുന്നതായി കണ്ടുവരുന്നു. ഒരു രാജ്യം ഒരു നികുതി, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്, ഒരു രാജ്യം ഒരു നിയമം ,ഒരു റാങ്ക് ഒരു പെന്‍ഷന്‍ തുടങ്ങിയ ജനങ്ങള്‍ നെഞ്ചേറ്റിയ തീരുമാനങ്ങളുടെ തണല്‍ പറ്റിയാണ് ഈ മുദ്രാവാക്യത്തെയും ഉയര്‍ത്തി കൊണ്ടുവരുന്നതെന്ന് ബിഎംഎസ് സംസ്ഥാന പ്രസിഡന്റ്‌കെ.കെ.വിജയകുമാര്‍ പറഞ്ഞു.
ഋജു ബുദ്ധികളായ കുറേ ആള്‍ക്കാരേ ആകര്‍ഷിക്കാന്‍ ഈ മുദ്രാവാക്യത്തിന് കഴിഞ്ഞിട്ടുണ്ടാവണം. എല്ലാവര്‍ക്കും പെന്‍ഷന്‍ എന്നതും ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്നതിലെ വ്യത്യാസവും കുടിലതയും മനസ്സിലാക്കാത്തവരാണ് പലരും. ഇന്ത്യയിലെ ശക്തവും ഒപ്പം അനിവാര്യവുമായ സിവില്‍ സര്‍വ്വീസിനെ അട്ടിമറിക്കാന്‍ മാത്രമേ ഈ മുദ്രാവാക്യം ഉപകരിക്കുകയുള്ളു. ലോകത്തിലെ ഏറ്റവും ശക്തവും മാതൃകാപരവുമായ ജനാധിപത്യം നിലനില്ക്കുന്നത് ഭാരതത്തിലാണ്.
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിയുമ്പോള്‍ കൂടുതല്‍ തിളക്കത്തോടെ ഭാരതത്തിലെ ജനാധിപത്യം തലയുയര്‍ത്തി നില്‍ക്കുന്നു. അതിലേയ്‌ക്ക് ഇന്ത്യയിലെ സിവില്‍ സര്‍വ്വീസും, ജുഡീഷ്യറിയും, സേനയും വലിയ സംഭാവന നല്‍കിയിട്ടൂണ്ട്. പ്രതിഭകള്‍ സര്‍ക്കാര്‍ സേവനത്തിലേയ്‌ക്ക് കടന്നു വരുന്നത് അത് നല്‍കുന്ന അംഗീകാരവും ജീവിത സുരക്ഷിതത്ത്വവും തിരിച്ചറിഞ്ഞിട്ടു കൂടിയാണ്. മരണം വരെ ലഭിക്കുന്ന പെന്‍ഷന്‍ വലിയൊരാകര്‍ഷണം തന്നെയാണ്.
യുവജനങ്ങളെ സാവകാശം സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെടുത്തി സാവകാശം രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്നതു തന്നെയാണ് പ്രത്യക്ഷത്തില്‍ ആകര്‍ഷകമായ ഈ മുദ്രാവാക്യം ഉയര്‍ത്തുന്നവരുടെ ലക്ഷ്യം. രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ പല മാര്‍ഗ്ഗവും നോക്കി പരാജയപ്പെട്ടവരാണ് ഇതിന്റെ പിന്നില്‍. 2024 ലെ ദേശീയ തിരഞ്ഞെടുപ്പാണ് ഈ മുദ്രാവാക്യത്തിന്റെ പിന്നില്‍ കാണാമറയത്തിരിക്കുന്ന ബുദ്ധികേന്ദ്രങ്ങളുടെ ലക്ഷ്യം. ഒരു രാജ്യം ഒരു ശമ്പളം, ഒരു രാജ്യം ഒരു വരുമാനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എന്താണാവോ ഇവര്‍ ഉയര്‍ത്താത്തത്. ഒരു രാജ്യം ഒരു പെന്‍ഷന്‍ എന്ന ലളിത വേഷം കെട്ടിയ പൂതനയുടെ സൗന്ദര്യത്തില്‍ ആരും ഭ്രമിക്കകരുത്.
എല്ലാവര്‍ക്കും പെന്‍ഷനും സാമൂഹ്യസുരക്ഷയും നല്‍കണമെന്നത് ബിഎംഎസ് തുടക്കം മുതല്‍ ആവശ്യപ്പെട്ട് വരുന്നതാണ്. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രവീന്ദ്രവര്‍മ്മ അദ്ധ്യക്ഷനായി രൂപീകരിച്ച രണ്ടാം തൊഴില്‍ കമ്മീഷന്റെ മുഖ്യമായ ശിപാര്‍ശ ഇ.എസ്സ്.ഐ., പി.എഫ്, തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ സംരക്ഷണവലയത്തിന്‍ കീഴില്‍ വരാത്ത അസംഘടിതമേഖലയിലെ മുഴുവന്‍ തൊഴിലാളികള്‍ക്കും ബാധകമായ സാമൂഹ്യ സുരക്ഷാ പദ്ധതി ആരംഭിക്കണമെന്നായിരുന്നു. തൊഴിലാളികള്‍ക്ക് തൊഴിലെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഈ സുരക്ഷാ പദ്ധതിയില്‍ നിന്നും പെന്‍ഷന്‍ ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസംഘടിത തൊഴിലാളി ക്ഷേമനിയമം 2008 നിലവില്‍ വന്നത്. ഈ പദ്ധതിയില്‍ നിന്നും ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സമ്മര്‍ദ്ദം ബിഎംഎസ് നടത്തിവരുകയാണ്.
എല്ലാ പൗരജനങ്ങള്‍ക്കും ക്ലിപ്തമായ വരുമാനം ഉറപ്പാക്കണം. ഇതിന് നിയമ നിര്‍മാണം നടത്തണം.മുതിര്‍ന്ന പൗര ജനങ്ങള്‍ക്ക് മരണം വരെ ജീവിക്കാന്‍ ആവശ്യമായ പെന്‍ഷന്‍ നല്‍കണംഭാരതം ക്ഷേമ രാഷ്‌ട്രമാവണമെങ്കില്‍ മുഴുവന്‍ പൗരജനങ്ങള്‍ക്കും വരുമാനവും വാര്‍ദ്ധക്യകാലത്ത് പെന്‍ഷനും ഉറപ്പാക്കേണ്ടതുണ്ട്. ലോകത്തിലെ വികസിത രാജ്യങ്ങളെല്ലാം ഇക്കാര്യം നടപ്പിലാക്കിയിട്ടുണ്ട്. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: